പത്തനംതിട്ട – പുതിയ അധ്യയന വർഷത്തിന് മുമ്പ് സ്‌കൂളുകളിൽ ജനകീയ കാമ്പയിനിലൂടെ ശുചീകരണം പൂർത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സ്‌കൂളുകളുടെ സുരക്ഷ പ്രത്യേകമായി പരിശോധിച്ച് ഉറപ്പുവരുത്തണം. സ്‌കൂൾ പരിസരത്തുള്ള അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റണമെന്ന് വിദ്യാഭ്യാസ- തദ്ദേശ വകുപ്പുകൾക്ക് നിർദേശം നൽകി. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന മഴക്കാല മുന്നൊരുക്ക യോഗത്തിൽ അധ്യക്ഷയായിരുന്നു മന്ത്രി.
ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റം ജില്ലാ- താലൂക്ക് തലത്തിൽ നടപ്പാക്കണം. ഇവർക്ക് ആവശ്യായ പരിശീലനം കൃത്യമായി നൽകണം. ദുരന്ത സാധ്യതാ പ്രദേശങ്ങളിലുള്ളവരുടെ പട്ടിക തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ പുതുക്കണം. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഓറഞ്ച് ബുക്ക് പ്രകാരമുള്ള മുന്നൊരുക്ക നടപടി എല്ലാ വകുപ്പും സ്വീകരിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടിയന്തരമായി മഴക്കാലപൂർവ ശുചീകരണം ആരംഭിക്കണം. ഓട, കൈത്തോട്, കൽവർട്ട്, ചെറിയ കനാൽ തുടങ്ങിയവയിലെ തടസം നീക്കണം. മാലിന്യ നിർമാർജനം വേഗത്തിൽ പൂർത്തിയാക്കാൻ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരോട് മന്ത്രി ആവശ്യപ്പെട്ടു.
മഴക്കാലത്ത് വ്യാപകമായ സാംക്രമിക രോഗം തടയാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തി. പാമ്പ് കടിക്കുള്ള പ്രതിരോധ മരുന്നുള്ള ആശുപത്രികളുടെ പട്ടിക പ്രസിദ്ധീകരിക്കണം. ആരോഗ്യ ജാഗ്രതാ കലണ്ടർ പ്രകാരമുള്ള പ്രവർത്തനം ത്വരിതപ്പെടുത്തണം.
ദുരിതാശ്വാസ ക്യാമ്പുകളിൽ ശുചിമുറി, വൈദ്യുതി, അടുക്കള തുടങ്ങിയ അടിസ്ഥാന സൗകര്യം ഉറപ്പാക്കണം. ക്യാമ്പുകളെ സംബന്ധിച്ച വിവരം പ്രാദേശിക സർക്കാർ ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും പ്രസിദ്ധപ്പെടുത്തണം. അപകടകരമായ മരങ്ങളും മരച്ചില്ലകളും മുറിച്ചു മാറ്റണം. തദ്ദേശ സ്ഥാപനം തയ്യാറാക്കിയിട്ടുള്ള എമർജൻസി റെസ്പോൺസ് ടീം സംബന്ധിച്ച പട്ടികയും ടീം അംഗങ്ങളുടെ ഫോൺ നമ്പർ അടക്കമുള്ള വിവരവും ക്രോഡീകരിക്കണം. മെയ് 24 ന് മുമ്പ് ഇവർക്കുള്ള പരിശീലനം പൂർത്തിയാക്കണമെന്ന് മന്ത്രി നിർദേശിച്ചു.
ജലനിരപ്പ് ഉയർന്നതിനാൽ പുഴകളിലും മറ്റും ഇറങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തും. മുന്നറിയിപ്പ് ബോർഡുകൾ അടക്കമുള്ള സുരക്ഷ സംവിധാനം ഉറപ്പാക്കണം. ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിലെ വീടുകളിൽ താമസിക്കുന്നവരുടെ പ്രത്യേക പട്ടിക തയ്യാറക്കണം. ജനങ്ങളെ ബോധവൽക്കരിക്കുകയും ആവശ്യമെങ്കിൽ മാറ്റി പാർപ്പിക്കണം. ഡാമുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട അറിയിപ്പ് കൃത്യമായി നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ, സബ് കലക്ടർ സുമിത് കുമാർ താക്കൂർ, എഡിഎം ബി. ജ്യോതി, ഡെപ്യൂട്ടി കലക്ടർ ആർ. രാജലക്ഷ്മി, ഉദ്യോസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


