തിരുവല്ല – ശ്രീതിരുവല്ലഭ ഉത്സവം എട്ടാം ദിനം ക്ഷേത്ര മതിൽക്കകത്ത് ഭക്തിസാന്ദ്രമായി നിറഞ്ഞു നിന്നത് ശിവകുമാർ അമൃതകലയുടെ സോപാന സംഗീതം തന്നെ. ഉടുക്ക് കൊട്ടി “മല്ലനാം.. തുകലാസുരാദിയെ..നിഗ്രഹിച്ചവനെ.. കൈതൊഴാം..” എന്ന വല്ലഭ സ്തുതി പാടിയപ്പോളത് ഭക്തർക്ക് ഭഗവാന്റെ ഈണമായിത്തന്നെ കാതുകളിൽ മുഴങ്ങി. ഉത്സവത്തോടനുബന്ധിച്ച സേവയിലായിരുന്നു ശിവകുമാറിന്റെ നാമസങ്കീർത്തനം. 2010 ൽ ശ്രീതിരുവല്ലഭന്റെ തിരുനടയിൽ വെച്ച് പ്രകാശനം ചെയ്ത “തുളസിക്കതിർ നുള്ളിയെടുത്തു ” എന്ന ഭക്തിഗാനം ഉൾപ്പടെ നിരവധി ഹിന്ദു ഭക്തിഗാനങ്ങളും, ക്രൈസ്തവ ഭക്തിഗാനങ്ങളും, പ്രണയ ഗാനങ്ങളും ഒക്കെ ശിവകുമാർ അമൃതകലയെന്ന ഭക്തനിൽ ശ്രീതിരുവല്ലഭൻ ചൊരിഞ്ഞ അനുഗ്രഹമാണ്.

സേവയോടനുബന്ധിച്ച പരിപാടിയുടെ ഏതാനം മണിക്കൂറുകൾക്ക് മുമ്പ് മാത്രം ലഭിച്ച ജയകുമാർ മിത്രക്കാമഠത്തിന്റെ വരികൾ ചിട്ടപ്പെടുത്തി പാടാനായത് ഭഗവാന്റെ ഒരു നിയോഗമായിരിക്കാമെന്ന് ഈ കലാകാരൻ പറഞ്ഞു. സോപാന സംഗീത മേഖലയിൽ തിരുവല്ലയെ അടയാളപ്പെടുത്തുന്ന ശിവകുമാർ അമൃതകല വിദേശരാജ്യങ്ങളിലും, മറ്റു സംസ്ഥാനങ്ങളിലുമായി നിരവധി ഭഗവത് സ്തുതികൾ പാടാൻ അവസരം ലഭിച്ച കലാകാരനാണ്. എല്ലാം ഭഗവത് കൃപയെന്ന് വള്ളംകുളം നന്നൂർ സ്വദേശിയായ ശിവകുമാർ.
What do you feel about this post?
Like
Love
Happy
Haha
Sad

