ഭക്ത്യാദരപൂർവ്വം തിരുവാറന്മുളയപ്പന് സമർപ്പണം
ഇന്ന് മകരത്തിലെ തിരുവോണ നാളാണ്.. തിരുവാറന്മുള ക്ഷേത്രോത്സവ ആറാട്ട് . ആറാടിവരുന്ന തിരുവാറന്മുളയപ്പന് വിശ്രമിക്കാൻ സപ്രമഞ്ച കട്ടിൽ തന്നെവേണം. ആറാടിവരുന്ന ഭഗവാന് മുഖം നോക്കാൻ ആറന്മുള കണ്ണാടി, ചൂടാൻ സ്വർണ്ണമാല, തുളസിയില മാല മുതൽ താമരപ്പൂ വരെ, കണിവെള്ളരി മുതലുള്ള കാർഷിക വിഭവങ്ങൾ അങ്ങനെ നീണ്ടുപോകുന്ന ആചാരപ്രകാരമുള്ള പൂജാ സാമഗ്രികൾ. പൂജകൾക്കായി ശ്രീകോവിലിൽ ആവിശ്യമായ ഒട്ടനവധി ഓട്ടു ഉപകരണങ്ങളും സ്വർണ്ണമാലയടക്കവും ആവിശ്യമാണ്.

നൂറ്റാണ്ടുകളുടെ പഴക്കമുള്ള ആറന്മുള ഗ്രാമം വികസിച്ചത് ഈ ക്ഷേത്രവുമായും, അതിന്റെ നിർമ്മാണം, പൂജാ കാര്യങ്ങൾ ഇവക്കൊക്കെയായി ആറന്മുളയിലേക്ക് വന്ന മനുഷ്യ സമൂഹത്തിന്റെ കുടിയേറ്റത്തോടെയാണ്. തഞ്ചാവൂരിൽ നിന്ന് കുടിയേറിയ തന്ത്രി കുടുംബങ്ങളും, തമിഴ്‌നാട്ടിൽ നിന്ന് കുടിയേറിയ ക്ഷേത്ര ശിൽപികൾ അടക്കം കൂടിച്ചേരുന്നതാണ് ആറന്മുള ഗ്രാമത്തിലെ ജനനസഞ്ചയം. ക്ഷേത്ര നിർമ്മാണ ആവശ്യങ്ങൾക്കായി രാജാവിന്റെ ക്ഷണം സ്വീകരിച്ചു വന്ന ക്ഷേത്ര ശില്പികളായ കുടുംബങ്ങൾ ഇന്നും ആറന്മുള ക്ഷേത്രത്തിന്റെ അവിഭാജ്യ ഘടകം തന്നെയാണ്.

തിരുവാറന്മുളയപ്പന്റെ ആറാട്ടിനായി പള്ളിവേട്ട ദിവസം വിശ്വബ്രാഹ്മണ സമൂഹം പൂജാ സാധനങ്ങൾ സമർപ്പിക്കുന്ന ചടങ്ങിന് വളരെ പഴക്കമുണ്ട്. ഇടക്കാലത്ത് അത് നിന്നുപോയെങ്കിലും പൂർവ്വാധികം ഭംഗിയായി തിരുവാറന്മുളയപ്പന്റെ നടയിൽ ആ ആചാരം സമർപ്പിക്കുകയാണ് ആറന്മുളയിലെ വിശ്വബ്രാഹ്മണ സമൂഹം. പൂജക്കാവിശ്യമായ സ്വർണ്ണമാല, സപ്രമഞ്ചക്കട്ടിൽ, ഓട്ടുപാത്രങ്ങൾ, താമരപ്പൂവ് അടക്കമുള്ള പൂക്കൾ, ആറന്മുള കണ്ണാടി, പഴങ്ങൾ, വിളഞ്ഞ ചക്ക വരെയുള്ള കാർഷിക വിഭവങ്ങൾ തുടങ്ങി പഴയ ആചാര പ്രകാരമുള്ള എല്ലാം വിശ്വബ്രാഹ്മിണ ആറന്മുള മെറ്റൽ നിർമ്മാണ സൊസൈറ്റിയുടെ നേതൃത്വത്തിൽ ശേഖരിച്ചു കിഴക്കേ നടയിലെ ഓഫീസിൽ നിന്ന് ഘോഷയാത്രയായി ദീപാരാധനയ്ക്ക് തൊട്ടു മുമ്പ് ക്ഷേത്ര നടയിലെത്തി സമർപ്പിക്കുന്നതാണ് ആ ചടങ്ങ് .

ഇന്നലെ വൈകുന്നേരം ധന്യമായ ആ ചടങ്ങിന് ആറന്മുള സാക്ഷ്യം വഹിച്ചു. തിരുവാറന്മുള ക്ഷേത്ര തന്ത്രിയെ സൊസൈറ്റി ഭാരവാഹികൾ ആദരിക്കുകയും, കൊടിമര ചുവട്ടിൽ സമർപ്പിച്ച പൂജാ സാമഗ്രികൾ കൈമാറുകയും ചെയ്തു. ഇന്നാണ് ആറന്മുള ക്ഷേത്രോത്സവ ആറാട്ട്.
@ ജിബു വിജയൻ , ഇലവുംതിട്ട


