സ്ത്രീപക്ഷ കാഴ്ചപ്പാട് ശക്തിപ്പെടുത്താൻ കൂട്ടായ ഇടപെടൽ വേണം: അഡ്വ. പി. സതീദേവി

Kerala Pathanamthitta

പത്തനംതിട്ട – സംസ്ഥാനത്ത് സ്ത്രീപക്ഷ കാഴ്ചപ്പാട് ശക്തിപ്പെടുത്താൻ കൂട്ടായ ഇടപെടൽ വേണമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. വനിതാ കമ്മിഷന്റെ പട്ടികവർഗ മേഖല ക്യാമ്പിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ നാറാണംമൂഴി പഞ്ചായത്തിലെ അടിച്ചിപ്പുഴ കോളനി കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ശിൽപ്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷൻ അധ്യക്ഷ.
സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന ചൂഷണത്തിന് അറുതി വരുത്താനും വിവേചനം ഇല്ലായ്മ ചെയ്യാനും സാമൂഹിക പദവി മെച്ചപ്പെടുത്താനും ഉതകുന്ന പ്രവർത്തനങ്ങളാണ് വനിതാ കമ്മിഷൻ നടത്തുന്നത്. സംസ്ഥാന സർക്കാരിന്റെ ജനകീയ ഇടപെടലുകളിലൂടെ സ്ത്രീകൾക്ക് ആത്മവിശ്വാസം നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. വിവിധ തൊഴിൽ മേഖലയിലേക്ക് സ്ത്രീകൾ കടന്നു വന്നതുൾപ്പെടെ സമൂഹത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കാനും സാധിച്ചു.
മറ്റ് ജില്ലകളിലെ ഊരുകളിൽ നിന്ന് വ്യത്യസ്തമായ ജീവിത രീതിയാണ് പത്തനംതിട്ട ജില്ലയിലെ ഊരുകളിൽ കാണാൻ കഴിഞ്ഞത്. ഗോത്ര മേഖലയിൽ താമസിക്കുന്ന ഇവർക്ക് സർക്കാർ നടപ്പിലാക്കുന്ന ക്ഷേമ പദ്ധതികളുടെ പ്രയോജനം ലഭ്യമാക്കിയെടുക്കുന്നതിനുള്ള നടപടികളാണ് കമ്മിഷൻ സ്വീകരിക്കുന്നത്.

പട്ടിക വർഗ മേഖലയിലെ പ്രശ്‌നങ്ങൾ കണ്ടറിഞ്ഞ് നടപടി സ്വീകരിക്കുന്നതിനു സർക്കാരിനോട് ശുപാർശ ചെയ്യുന്നതിനായാണ് ട്രൈബൽ മേഖലയിൽ വനിതാ കമ്മിഷൻ ക്യാമ്പുകൾ സംഘടിക്കുന്നത്. സമൂഹത്തിന്റെ പൊതുബോധമണ്ഡലത്തിൽ ഇനിയും മാറ്റങ്ങൾ ഉണ്ടാവേണ്ടതുണ്ട്. പുതിയ തലമുറ മാറ്റങ്ങൾ ത്വരിതപ്പെടുത്താൻ മുന്നോട്ടു വരേണ്ടതുണ്ട്. മേധാവിത്വ മനോഭാവത്തോടെയുള്ള ആൺകുട്ടികളും വിധേയത്വ മനോഭാവമുള്ള പെൺകുട്ടികളും എന്ന സമൂഹത്തിന്റെ കാഴ്ചപ്പാട് മാറേണ്ടതുണ്ട്. സ്വഭാവ രൂപീകരണം നടക്കുന്നത് വീടിനുള്ളിലായതിനാൽ ലിംഗനീതി പുലർത്തുന്ന അന്തരീക്ഷത്തിൽ പുതുതലമുറയെ വാർത്തെടുക്കേണ്ടതുണ്ടെന്നും വനിതാ കമ്മിഷൻ അധ്യക്ഷ പറഞ്ഞു.

വാർഡ് മെമ്പർ പി.സി. അനിയൻ അധ്യക്ഷത വഹിച്ചു. പട്ടികവർഗ മേഖലയിൽ സർക്കാർ നടത്തുന്ന പദ്ധതികൾ എന്ന വിഷയം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ എ. നിസാറും ലഹരിയുടെ വിപത്ത് എന്ന വിഷയം എക്സൈസ് പ്രിവന്റീവ് ഓഫീസർ എസ്. അനിൽകുമാറും അവതരിപ്പിച്ചു. വനിതാ കമ്മിഷൻ അംഗം അഡ്വ. എലിസബത്ത് മാമ്മൻ മത്തായി, നാറാണംമൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ്് കമ്മിറ്റി അധ്യക്ഷൻ തോമസ് ജോർജ്, സംസ്ഥാന പട്ടികവർഗ ഉപദേശക സമിതി അംഗം ജി. രാജപ്പൻ, ജില്ലാ പട്ടികവർഗ വികസന ഓഫീസർ എസ്.എസ് സുധീർ, വനിതാ കമ്മിഷൻ റിസർച്ച് ഓഫീസർ എ.ആർ. അർച്ചന, ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി എസ്. നവാസ് തുടങ്ങിയവർ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *