കോഴഞ്ചേരി: റാന്നി – കോഴഞ്ചേരി റൂട്ടിലെ യാത്രാ ദുരിതത്തിന് താൽക്കാലിക ശമനം നൽകിക്കൊണ്ട് പുതമണിൽ താൽക്കാലിക പാലം തുറന്നു. ഇതു വഴി ബസുകൾ ഓടിത്തുടങ്ങി. കഴിഞ്ഞ വർഷം ജനുവരിയിൽ പാലത്തിന് തകർച്ച കണ്ടതോടെ നിർത്തി വച്ചിരുന്ന ബസുകൾ പുതുതായി നിർമ്മിച്ച താത്ക്കാലിക പാലം തുറന്നതോടെയാണ് വീണ്ടും ഓടിത്തുടങ്ങിയത്. ഇതിനൊപ്പം പഴയ പാലം വഴിയും വലിയ വാഹനങ്ങൾ ഓടുന്നത് അപകട സാദ്ധ്യതയും ഉണ്ടാക്കുന്നു.
പാലം തകർച്ചയിൽ ആയതോടെ റാന്നി കോഴഞ്ചേരി റൂട്ടിൽ വാഴക്കുന്നം, ചെറുകോൽ വഴി നടത്തിയിരുന്ന ബസ് സർവീസുകൾ എല്ലാം പേരുച്ചാൽ, അയിരൂർ, ചെറുകോൽപ്പുഴ വഴി തിരിച്ചു വിട്ടിരുന്നു. പമ്പാ നദിക്ക് അക്കരെ വഴി ബസുകൾ പോയതോടെ യാത്രക്ക് മാർഗമില്ലാത്ത അവസ്ഥയാണ് ഉണ്ടായത്. പിന്നീട് പുതമണ്ണിൽ നിന്നും കോഴഞ്ചേരിയിലേക്ക് കെ.എസ് ആർ ടി സി സർവീസ് നടത്തി. ഇതായിരുന്നു ഇന്നാട്ടുകാരുടെ ഏക ആശ്രയം. വാഹനങ്ങളും ഗതാഗതവും ഇല്ലാതെ വന്നതോടെ വ്യാപാരികളും ചെറുകിട കച്ചവടക്കാരും എല്ലാം പ്രതിസന്ധിയിലായിരുന്നു. ഇവയ്‌ക്കെല്ലാം താത്ക്കാലിക പരിഹാരമായാണ് പാലം തുറന്നത്.
ചെറുകോൽ പഞ്ചായത്തിൽ പെരുന്തോടിനു കുറുകെ ഒരു മീറ്റർ വ്യാസമുള്ള നാലു പൈപ്പുകൾ സ്ഥാപിച്ചാണ് താൽക്കാലിക പാലം ഒരുക്കിയിരിക്കുന്നത്. തോട്ടിൽ 12 മീറ്ററും ഇരുകരകളിലും 60 മീറ്റർ നീളവുമാണ് പാതയ്ക്കുള്ളത്. മൂന്നു മീറ്ററാണ് വീതി. ഒരു സമയം ഒരു വശത്തേക്കു മാത്രമേ ഗതാഗതം സാധ്യമാകൂ. ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ അനുവദിച്ചിട്ടുണ്ടെകിലും അമിത ഭാരം കയറ്റി വരുന്ന ചരക്കു വാഹനങ്ങൾ കടത്തി വിടില്ല. അവ ചെറുകോൽപ്പുഴ റോഡിലൂടെ തന്നെ തുടർന്നും യാത്ര നടത്തണം.
റാന്നിയിൽ നിന്ന് കോഴഞ്ചേരിക്കു പോകുമ്പോൾ പുതമൺ പാലത്തിന്റെ ഇടതു വശത്തായിട്ടാണ് താൽക്കാലിക പാത നിർമ്മിച്ചിരിക്കുന്നത്. പാലത്തിന് ഇരുവശത്തെയും ഭൂഉടമകൾ താൽക്കാലികമായി സ്ഥലം വിട്ടു നൽകിയാണ് പാത നിർമ്മിച്ചത്. 30.8 ലക്ഷംരൂപയാണ് താൽക്കാലിക പാതയ്ക്കായി സർക്കാർ നൽകിയത്. കഴിഞ്ഞ വർഷം ജനുവരി 25 ന് വൈകിട്ടാണ് പുതമൺ പാലത്തിൽ തകർച്ച കാണപ്പെട്ടത്. പഴയ പാലത്തിന്റെ ബീമിനു പൊട്ടലുണ്ടാവുകയായിരുന്നു. തുടർന്ന് വാഹന ഗതാഗതം നിരോധിച്ചിരുന്നു. ഇവിടെ പുതിയ പാലത്തിനായി എസ്റ്റിമേറ്റും രൂപരേഖയും സർക്കാരിന്റെ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്.
താത്ക്കാലിക പാലം തുറന്നതോടെ നേരത്തെ അടച്ചിരുന്നു. പഴയ പാലം വഴിയും വാഹനങ്ങൾ ഓടുന്നുണ്ട്. ഇത് അപകടത്തിന് കാരണമാകുമെന്നാണ് നാട്ടുകാർ പറയുന്നത്. നേരത്തെ ഗതാഗതം തടഞ്ഞ് പാലം കെട്ടി അടച്ചിരുന്നു.ഇത് ഭാഗികമായി പൊളിച്ചു നീക്കിയാണ് ഇത് വഴി വാഹനങ്ങൾ കടന്നു പോകുന്നത്.ഇത് അപകടത്തിന് കാരണമാകും.


