തിരുവനന്തപുരം – കേരളാ നിയമസഭ സാക്ഷ്യം വഹിച്ചത് അപൂർവ്വ നിമിഷങ്ങൾക്ക് . ശീത സമരത്തിലുള്ള മുഖ്യമന്ത്രിയും, ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പരസ്പ്പരം മുഖത്തു നോക്കിയിട്ട് പോലും കാലം കുറച്ചായി. ഇരുവരുടെയും ശരീരഭാഷയിൽ തന്നെ ഈ അപ്രിയം പ്രകടമാണ്. ഇങ്ങനൊരു ഗവർണ്ണർ – മുഖ്യമന്ത്രി പോര് കേരളം നിയമസഭാ മുമ്പ് കണ്ടിട്ടില്ല എന്നുതന്നെ പറയാം .
ഇന്ന് നിയമസഭയിൽ ഔപചാരികമായ ചടങ്ങിനുവേണ്ടി വന്ന ഒരു മിനിറ്റ് കൊണ്ട് നയപ്രഖ്യാപനം അവസാനിപ്പിച്ചു സ്ഥലം കാലിയാക്കി ഗവർണ്ണർ. ഗണേശ് കുമാറിന്റെയും കടന്നപ്പള്ളി രാമചന്ദ്രന്റെും സത്യപ്രതിജ്ഞാ ചടങ്ങിലും ഇരു നേതാക്കളും തമ്മിലുള്ള അകൽച്ച പ്രകടമായിരുന്നു. ഇന്ന് മുഖ്യമന്ത്രി കുറച്ചു മയപ്പെട്ടു എങ്കിലും ആരിഫ് മുഹമ്മദ് ഖാൻ അമ്പിനും വില്ലിനും അടുത്തില്ല.
മുഖ്യമന്ത്രിയോടും സർക്കാരിനോടും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന ഭാവത്തിൽ തന്നെയായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ശരീരഭാഷയിലും ചലനത്തിലും തന്റെ അനിഷ്ടം അദ്ദേഹം പ്രകടമാക്കുകയും ചെയ്തു. നയപ്രഖ്യാപന പ്രസംഗത്തിനായി നാടകീയമായി ആയിരുന്നു ഗവർണറുടെ വരവും പോക്കും.
ഗവർണർ വരുമ്പോൾ കീഴ്‌വഴക്കം തെറ്റിക്കാതെ നിയമസഭാ കവാടത്തിൽ സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉണ്ടായിരുന്നു. മുഖ്യമന്ത്രിക്കൊപ്പം സ്പീക്കർ എ എൻ ഷംസീറും പാർലമെന്ററി കാര്യമന്ത്രി കെ രാധാകൃഷ്ണനും സ്വീകരിക്കാൻ മുൻനിരയിൽ എത്തി കാത്തിരുന്നു. കൃത്യസമയത്തുതന്നെ എത്തിയ ഗവർണർ മുഖ്യമന്ത്രിയിൽ നിന്നും സ്പീക്കറിൽ നിന്നും ഒക്കെ ബൊക്കെ സ്വീകരിച്ചു. മുഖ്യമന്ത്രി ബൊക്ക കൈമാറിയതും പുഞ്ചിരിക്കാതെ ആയിരുന്നു.
എന്നാൽ, മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കാനോ ഒരു പുഞ്ചിരി കൈമാറാനോ ഒന്നും ഗവർണർ തയ്യാറായില്ല. മുഖ്യമന്ത്രിയുടെ മുഖത്തു നോക്കാതെ ബൊക്ക വാങ്ങി ഗൗരവഭാവത്തിൽ അലക്ഷ്യമായി ഒരു കൈക്കൂപ്പൽ നടത്തിയ ശേഷം മുന്നോട്ടുനടന്നു. കൈ കൊടുക്കാനും തയ്യാറായില്ല. തുടർന്ന് നിയമസഭയ്ക്കുള്ളിലേക്ക് കയറിയ ഗവർണർ മുഖ്യമന്ത്രിയെ കാത്തുനിൽക്കാതെതന്നെ സ്പീക്കറുടെ ഡയസിലേക്ക് പോയി. പോകുന്നതിനിടെ എഴുന്നേറ്റുനിന്ന ഭരണപക്ഷ നിരയിലെ മന്ത്രിമാരടക്കമുള്ളവർ കൈക്കൂപ്പിയെങ്കിലും അവരുടെ മുഖത്ത് നോക്കാതെയും പുഞ്ചിരിക്കാതെയുമായിരുന്നു ഗവർണർ തിരിച്ച് കൈക്കൂപ്പിയത്.
നയപ്രഖ്യാപന പ്രസംഗം ഒരുമിനിറ്റിനുള്ളിൽ അവസാനിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മടങ്ങിയപ്പോഴും ഈ ഭിന്നത പ്രകടമായിരുന്നു. കേന്ദ്ര സർക്കാരിനെതിരെയുള്ള പിണറായി സർക്കാരിന്റെ വിമർശനം വായിക്കാൻ ഗവർണ്ണർ കൂട്ടാക്കിയില്ല. ദേശീയ ഗാനത്തിന് ശേഷം ഗവർണർ പ്രസംഗിക്കാനായി എഴുന്നേറ്റ് നിന്നപ്പോൾ എല്ലാം ഒത്തുത്തീർപ്പായോ എന്ന് പ്രതിപക്ഷ നിരയിൽ നിന്ന് ചോദ്യങ്ങളുയർന്നു. തുടർന്ന് ആമുഖം വായിച്ച ശേഷം ഞാൻ അവസാന ഖണ്ഡിക വായിക്കുകയാണെന്ന് അറിയിച്ചു. തുടർന്ന് അവസാന ഖണ്ഡിക വായിക്കുകയും ദേശീയ ഗാനത്തിന് ശേഷം ഉടൻ സ്ഥലം വിടുകയുമായിരുന്നു.


