പത്തനംതിട്ട – ജില്ലയിൽ ഇക്കൊല്ലം ഉണ്ടായ പ്രളയ ദുരിതാശ്വാസ രക്ഷാപ്രവർത്തനത്തിൽ മുന്നിൽ നിന്ന് നയിച്ച അഗ്നിരക്ഷാ വകുപ്പിനേ പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന് വേണ്ടി ജില്ലാ കളക്ടർ എ നിസാമുദ്ദീൻ ഐഎഎസ് ആദരിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ അഗ്നി രക്ഷാ വകുപ്പിന് വേണ്ടി ജില്ലാ ഫയർ ഓഫീസർ വിശി വിശ്വനാഥ് ആദരവ് ഏറ്റുവാങ്ങി. റാന്നി കോഴഞ്ചേരി മല്ലപ്പള്ളി തിരുവല്ല താലൂക്കുകളെയാണ് പ്രളയം ഇത്തവണ സാരമായി ബാധിച്ചത്. ഇവിടങ്ങളിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ സ്റ്റേഷൻ ഓഫീസർമാരെയും പത്തനംതിട്ട ജില്ലയിലെ വിവിധ ഫയർ സ്റ്റേഷനുകളിൽ ജോലി ചെയ്തു വരുന്ന ജീവനക്കാരെയും ജില്ലയ്ക്ക് പുറത്തുനിന്നും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി പത്തനംതിട്ടയിൽ എത്തിച്ചേർന്ന തിരുവനന്തപുരം, പാലക്കാട്, കൊല്ലം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ ജീവനക്കാരെയും, സിവിൽ ഡിഫൻസ് അംഗങ്ങളെയും, എൻഡിആർഎഫ് ടീമിനെയും കളക്ടർ അനുമോദിക്കുകയുണ്ടായി. എഡിഎം രാജലക്ഷ്മി, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ബീന ഹനീഫ്, പത്തനംതിട്ട ഫയർ സ്റ്റേഷൻ ഓഫീസർ വിനോദ് കുമാർ, തിരുവല്ല സ്റ്റേഷൻ ഓഫീസർ രാജേന്ദ്രൻ നായർ, റാന്നി സ്റ്റേഷൻ ഓഫീസർ സക്കറിയ അഹമ്മദ് കുട്ടി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

പ്രളയത്തിൽ അകപ്പെട്ട 3894 ആളുകളെയും, 91 വളർത്തു മൃഗങ്ങളെയും അഗ്നി രക്ഷാസേന പ്രളയബാധിത മേഖലകളിൽ നിന്നും സുരക്ഷിത സ്ഥലത്തേക്ക് മാറ്റുകയുണ്ടായി. രക്ഷാപ്രവർത്തനത്തിന് ഭാഗമായി വിവിധ ജില്ലകളിൽ നിന്നുമായി പന്ത്രണ്ട് റബ്ബർ ഡിങ്കികളും, ഇരുപതോളം വാഹനങ്ങളും പത്തനംതിട്ടയിൽ എത്തിച്ച് ഉപയോഗിക്കുകയുണ്ടായി. സഹായം ആവശ്യപ്പെട്ടുകൊണ്ട് ആയിരത്തോളം ഫോൺ കോളുകളാണ് ഫയർഫോഴ്സിന്റെ കൺട്രോൾ റൂമിലേക്ക് എത്തിയത്.


