പത്തനംതിട്ട – ഈ മണ്ണിൽ മരിച്ചു വീഴുന്നതിനു മുമ്പ് അതിനു കാരണക്കാരായേക്കാവുന്ന സർക്കാരിനെതിരെ സമരമെങ്കിലും ചെയ്തില്ലെങ്കിൽ പിന്നെ ഞാനാരാ ? ജലാലുദ്ദീൻ അമർഷത്തോടെ ചോദിക്കുന്നു.. കെ.എസ്.ആർ.ടി.സിയിൽ നിന്ന് വിരമിച്ച ഈ ഡ്രൈവറുടെ ഒറ്റയാൾ സമരം കണ്ടെങ്കിലും സർക്കാരിന്റെ കണ്ണുതുറക്കുമോ ?

പെൻഷൻ മുടങ്ങിയതിനാൽ ജീവിക്കാൻ നിവൃത്തിയില്ലാതെ, ചികിത്സയ്‌ക്കു പോലും പണമില്ലാതെ വിഷമിച്ച് അധികാരികളുടെ കനിവിനായി ജലാലുദ്ദീൻ റാവുത്തറെന്ന എഴുപത്തിയേഴു വയസുകാരൻ പൊരി വെയിലത്ത് മിനി സിവിൽ സ്‌റ്റേഷനും സെൻട്രൽ ജങ്‌ഷനിലെ ഗാന്ധി പ്രതിമയ്‌ക്കും മുന്നിൽ പ്ലാക്കാർഡും കഴുത്തിലിട്ട് ഒറ്റയാൾ സമരം നടത്തുന്നത്. രാവിലെ ഒമ്പതു മുതൽ ഉച്ചയ്‌ക്കു 12 വരെ മിനി സിവിൽ സ്‌റ്റേഷനു മുന്നിലും വൈകിട്ട് 5.30 മുതൽ 6.15 വരെ ഗാന്ധി പ്രതിമയ്‌ക്കു മുന്നിലുമാണ് സമരം നടത്തി വരുന്നത്.
ജലാലുദ്ദീന് രണ്ടുമാസത്തെ പെൻഷനാണ് കിട്ടാനുള്ളത്. മുന്നാമത്തേതും മുടങ്ങുന്ന അവസ്‌ഥയിലാണ്. മൂന്നാംമാസത്തെ പെൻഷൻ തീയതി അടുക്കാറാവുമ്പോൾ ഒരുമാസത്തെ പെൻഷൻ തരുന്ന രീതിയാണ് ഇപ്പോൾ അധികാരികൾ ചെയ്‌തുവരുന്നതെന്ന് ജലാലുദ്ദീൻ പറയുന്നു.
സ്വന്തമായി വീടോ സ്‌ഥലമോ ഇല്ലാത്ത ജലാലുദ്ദീൻ വാടകയ്‌ക്കാണ് താമസിക്കുന്നത്. 11 വർഷം മുമ്പ് ഹെർണിയ ഓപ്പറേഷൻ നടത്തിയെങ്കിലും അസുഖം ഭേദമായില്ല. വീണ്ടും ഓപ്പറേഷൻ നടത്തണമെന്ന് ഡോക്‌ടർമാർ നിർദ്ദേശിച്ചിരുന്നു. ഓപ്പറേഷന് നിവൃത്തിയില്ലാത്തതിനാൽ ഇതിനുള്ള മരുന്നുകൾ കഴിച്ചു കൊണ്ടിരിക്കുകയാണിപ്പോൾ. മരുന്നിനും ഭക്ഷണത്തിനും വേറെ മാർഗങ്ങളില്ല. ഒരു മകനുള്ളതാകട്ടെ പക്ഷാഘാതം വന്ന് കിടപ്പിലുമാണ്. മറ്റൊരു മകൻ ഒരു സ്വകാര്യബസിലെ ഡ്രൈവറായി പത്തനാപുരത്താണ് താമസം. പത്തനംതിട്ട ജനറൽ ആശുപത്രിക്കു സമീപം വാടകയ്‌ക്ക് താമസിച്ചു വരികയാണ് ജലാലുദ്ദീൻ.
What do you feel about this post?
Like
Love
Happy
Haha
Sad

