റാങ്ക് ലിസ്റ്റ് റദ്ദായി
പത്തനംതിട്ട ജില്ലയിലെ ഹോമിയോപ്പതി വകുപ്പിലെ ഫാർമസിസ്റ്റ് (കാറ്റഗറി നം. 089/18) തസ്തികയിലേക്ക് 17/11/2020 ൽ നിലവിൽ വന്ന റാങ്ക് പട്ടിക (റാങ്ക് ലിസ്റ്റ് നമ്പർ 350/2020/ഒഎൽഇ) 16/11/2023 ൽ മൂന്നുവർഷ കാലാവധി പൂർത്തിയായതിനാൽ 17/11/2023 പൂർവാഹ്നം മുതൽ റദ്ദായി.
സ്വയംതൊഴിൽ വായ്പ
കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ആഭിമുഖ്യത്തിൽ എന്റെ ഗ്രാമം, പിഎംഇജിപി എന്നീ വായ്പാ പദ്ധതികൾ പ്രകാരം സംരംഭകർക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിന് സർക്കാർ സബ്സിഡിയോടു കൂടി പരമാവധി 50 ലക്ഷം രൂപ വരെ വായ്പ നൽകും. ജനറൽ വിഭാഗത്തിൽപ്പെട്ടവർക്ക് മൊത്തം പദ്ധതി ചെലവിന്റെ 25 ശതമാനവും പിന്നോക്ക വിഭാഗക്കാർക്കും സ്ത്രീകൾക്കും 35 ശതമാനവും പട്ടികജാതി- പട്ടികവർഗ വിഭാഗക്കാർക്കും തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾക്കും 40 ശതമാനവും സബ്സിഡി ലഭിക്കും.
ഫോൺ : 0468 2362070, 6282593360, 9020209296
ഇ.മെയിൽ : popta@kkvib.org
മത്സ്യതൊഴിലാളി വനിതാഗ്രൂപ്പുകൾക്ക് ധനസഹായം
ഫിഷറീസ്വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സാഫ് (സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവുമൺ) നടപ്പാക്കുന്ന ഡിഎംഇ പദ്ധതിയിൽ ചെറുകിടതൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള ധനസഹായത്തിന് മത്സ്യത്തൊഴിലാളി വനിതകൾ അടങ്ങുന്ന ഗ്രൂപ്പുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി കുടുംബരജിസ്റ്ററിൽ അംഗത്വമുള്ള മത്സ്യത്തൊഴിലാളി- അനുബന്ധ മത്സ്യത്തൊഴിലാളി വനിതകൾ, ആശ്രിതർ എന്നിവർക്ക് അപേക്ഷിക്കാം. 20 നും 40 നും മധ്യേ പ്രായമുള്ള രണ്ട് മുതൽ അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പുകളായിരിക്കണം അപേക്ഷകർ. ട്രാൻസ്ജെൻഡർ, വിധവ, ശാരീരിക വൈകല്യമുള്ള കുട്ടികളുള്ളവർ എന്നിവർക്ക് 50 വയസ്സുവരെയാകാം. സാഫിൽ നിന്നും ഒരു തവണ ധനസഹായം കൈപ്പറ്റിയവർ അപേക്ഷിക്കേണ്ടതില്ല. പദ്ധതി തുകയുടെ 75 ശതമാനം ഗ്രാന്റും 20 ശതമാനം ബാങ്ക്ലോണും അഞ്ച് ശതമാനം ഗുണഭോക്തൃവിഹിതവുമായിരിക്കും. ഒരംഗത്തിന് പരമാവധി ഒരു ലക്ഷംരൂപ നിരക്കിൽ അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പിന് അഞ്ച് ലക്ഷം രൂപ വരെ സബ്സിഡിയായി ലഭിക്കും.
ഡ്രൈ ഫിഷ്യൂണിറ്റ്, ഹോട്ടൽ ആൻഡ് കാറ്ററിംഗ്, ഫിഷ് ബൂത്ത്, ഫ്ളോർമിൽ, ഹൗസ്‌കീപ്പിംഗ്, ഫാഷൻ ഡിസൈനിംഗ്, ടൂറിസം, ഐടി അനുബന്ധ സ്ഥാപനങ്ങൾ, ഫിഷ്വെൻഡിംഗ് കിയോസ്‌ക്, പ്രൊവിഷൻ സ്റ്റോർ, ട്യൂഷൻ സെന്റർ, കമ്പ്യൂട്ടർ-ഡിടിപി സെന്റർ, ഗാർഡൻ സെറ്റിങ് ആൻഡ് നഴ്സറി, ലാബ് ആന്റ് മെഡിക്കൽ ഷോപ്പ്, ഫുഡ് പ്രോസസിംഗ് മുതലായ യൂണിറ്റുകൾ ആരംഭിക്കാം.
മത്സ്യഭവനുകൾ, ജില്ലാ ഫിഷറീസ് ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് അപേക്ഷ ഫാറം ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ജനുവരി 15നകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് കോഴഞ്ചേരി തെക്കേമല പന്നിവേലിച്ചിറയിൽ പ്രവർത്തിക്കുന്ന ജില്ലാ ഫിഷറീസ് ഓഫീസുമായി ബന്ധപ്പെടാം.
ഫോൺ: 0468 2967720, 7994132417.
തീയതി നീട്ടി
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്ആർസി കമ്മ്യൂണിറ്റി കോളജ് ജനുവരിയിൽ ആരംഭിക്കുന്ന ഗവ.അംഗീകൃത ഡിസിഎ, സർട്ടിഫിക്കറ്റ് ഇൻ വേഡ് പ്രൊസസിംഗ്, സർട്ടിഫിക്കറ്റ് ഇൻ ഡേറ്റ എൻട്രി ഓപ്പറേറ്റർ, സർട്ടിഫിക്കറ്റ് ഇൻ ഡസ്‌ക്‌ടോപ്പ് പബ്ലിഷിംഗ്, സർട്ടിഫിക്കറ്റ് ഇൻ ഫിനാൻഷ്യൽ അക്കൗണ്ടിംഗ് എന്നീ കോഴ്‌സുകൾക്ക് ഓൺലൈനായി അപേക്ഷിക്കുന്നതിനുളള തീയതി ജനുവരി 31 വരെ നീട്ടി. 18 വയസ് പൂർത്തിയായവർക്ക് https://app.srccc.in/register എന്ന ലിങ്കിൽ അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല.
വർക്ക്‌ഷോപ്പ് സംഘടിപ്പിക്കും
കേരള ഇൻസ്റ്റിട്യൂട്ട് ഫോർ എന്റർപ്രണര്ഷിപ്പ് ഡവലപ്മെന്റ് (കീഡ്) മൂന്നു ദിവസത്തെ ‘മാർക്കറ്റ് മിസ്റ്ററി’ വർക്ക്‌ഷോപ്പ് സംഘടിപ്പിക്കും. ജനുവരി 23 മുതൽ 25 വരെ കളമശ്ശേരിയിലെ കീഡ് ക്യാമ്പസ്സിലാണ് പരിശീലനം. എംഎസ്എംഇ മേഖലയിലെ സംരംഭകർ / എക്‌സിക്യൂട്ടീവ്സ് എന്നിവർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. കോഴ്‌സ്ഫീ, സെർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം, ജിഎസ് റ്റി ഉൾപ്പടെ മൂന്ന് ദിവസത്തെ പരിശീലനത്തിന്റെ ഫീസ് 2950 രൂപ. താമസം ആവശ്യമില്ലാത്തവർക്ക് 1,200 രൂപ. പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് 1,800 രൂപ താമസം ഉൾപ്പെടെയും, 800 രൂപ താമസം കൂടാതെയുമാണ് പരിശീലനത്തിന്റെ ഫീസ്. പങ്കെടുക്കാൻ താത്പര്യമുള്ളവർ http://kied.info/training-calender/ എന്ന വെബ്‌സൈറ്റിൽ ജനുവരി 18 ന് മുൻപ് അപേക്ഷ സമർപ്പിക്കണം. ഫോൺ – 0484 2532890, 2550322.
ലോക്‌സഭ തെരഞ്ഞെടുപ്പ് : സ്‌കൂൾ കെട്ടിടങ്ങൾ രൂപഭേദം വരുത്തരുത്
2024 ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിൽ നിലവിൽ പോളിംഗ് ബുത്തുകളായി പ്രവർത്തിക്കുന്ന സ്‌കൂൾ കെട്ടിടങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ഇല്ലാതെ രൂപഭേദം വരുത്തരുതെന്ന് ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്ക് നിർദേശം നൽകി.
പിയർ എഡ്യുക്കേറ്റേഴ്‌സ് പരിശീലനം ആരംഭിച്ചു
കൗമാരആരോഗ്യ വിദ്യാഭ്യാസത്തിന്റെ ഭാഗമായുള്ള പിയർ എഡ്യുക്കേറ്റർ ചാത്തങ്കരി ബ്ലോക്ക്തല പരിശീലന പരിപാടി തിരുവല്ല താലൂക്ക് ആശുപത്രി കോൺഫറൻസ് ഹാളിൽ നടന്നു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സോമൻ താമരച്ചാലിൽ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.
ഹൈസ്‌കൂൾ തലത്തിലുള്ള കുട്ടികൾക്കായാണ് നാലു ദിവസം നീണ്ടു നിൽക്കുന്ന പരിശീലന പരിപാടി നടത്തുന്നത്. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെയും തിരുവല്ല നഗരസഭയുടെയും കീഴിൽ വരുന്ന സ്‌കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 40 കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്.
കൗമാരകാലത്ത് കുട്ടികൾ അനുഭവിക്കുന്ന വിവിധ തലത്തിലുള്ള പ്രശ്‌നങ്ങൾ മനസിലാക്കുന്നതിനുള്ള പരിശീലനം കൂടിയാണ് പിയർ എഡ്യുക്കേറ്റേഴ്‌സ് പരിശീലന പരിപാടി.
ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ. രാജലക്ഷ്മി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്തംഗം എം. ബി.അനീഷ്‌കുമാർ, തിരുവല്ല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ബി. എൻ. ബിജു, ഡോ. പ്രേമ ജോർജ്, കെ. ലതാകുമാരി, അനു ടി തങ്കം, ആരോഗ്യപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
What do you feel about this post?
Like
Love
Happy
Haha
Sad

