ഇതൊരു പൊതു വിദ്യാലയത്തിന്റെ അതിജീവന കഥ

Kerala Lifestyle Pathanamthitta

മെഴുവേലി – ഒരു നൂറ്റാണ്ടു കാലം പിന്നിട്ട സരസകവി മൂലൂർ എസ് പദ്മനാഭപ്പണിക്കർ സ്ഥാപിച്ച ഗംഗാധര വിദ്യാശാലയെന്ന എൽപി സ്‌കൂളിന്റെ ( കൊച്ചു സ്‌കൂൾ ) അതിജീവന കഥയാണിത്. കാലഘട്ടത്തിന്റെ മാറ്റങ്ങൾക്കൊപ്പം സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ അടക്കമുള്ളവ മാറാത്തതിനാൽ നിലച്ചുപോകുന്ന പൊതുവിദ്യാലയങ്ങളുടെ പാതയിൽ തന്നെയായിരുന്നു ഈ വിദ്യാലയവും. വിരലിൽ എണ്ണാവുന്ന വിദ്യാർത്ഥികളും അത്രയും തന്നെ അദ്ധ്യാപകരുമായി ഈ വിദ്യാലയം തന്നെ ഇല്ലാതായിപ്പോയേക്കാവുന്ന ഘട്ടത്തിലാണ് സാമൂഹിക പ്രതിബദ്ധതയുള്ള പൂർവ്വ വിദ്യാർത്ഥികളുടെയും, നാട്ടുകാരുടെയും ഇടപെടൽ ഉണ്ടാകുന്നത്.

ആത്മാർത്ഥതയോടെ ഉള്ള ആ ഇടപെടലിന്റെ ഫലമാണ് ഇന്നീ കാണുന്നത്. പുതിയതായി ആരംഭിച്ച പ്രീപ്രൈമറി വിദ്യാലയത്തിലേക്ക് എത്തിയത് പതിനഞ്ചോളം വിദ്യാർത്ഥികൾ. ചിത്രാലംകൃതമായ ചുവരുകളും, ശീതീകരിച്ച ക്ലാസ്സ് മുറിയും, കളിപ്പാട്ടങ്ങളും ഒക്കെയായി ആധുനികതയുടെ എല്ലാ സ്പർശത്തോടെയും ഒരുങ്ങിയ ക്ളാസിലേക്ക് എത്തിയ വിദ്യാർത്ഥികളും, രക്ഷിതാക്കളും സന്തുഷ്ടർ. പ്രീപ്രൈമറി അദ്ധ്യാപിക അടക്കമുള്ള സ്നേഹ സമ്പന്നരായ അദ്ധാപികമാരുടെ പരിചരണത്തിലും, അദ്ധ്യാപനത്തിലും എല്ലാവരും സന്തുഷ്ടർ.

പഞ്ചായത്തിന്റെയും, വിദ്യാഭ്യാസ വകുപ്പിന്റെയും ജനപ്രതിനിധികളുടെയും എല്ലാ പിന്തുണയും ഈ സ്‌കൂളിന്റെ അതിജീവനത്തിനു ഒപ്പമുണ്ട്. അഭ്യസ്തവിദ്യരായ പൂർവ്വ വിദ്യാർത്ഥികളുടെയും, ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ അക്കാദമിക്ക് പിന്തുണയും നാട്ടുകാരുടെ അകമഴിഞ്ഞ പ്രോത്സാഹനവും കൂടിയായപ്പോൾ ഇനിയും മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്കും ഊർജ്ജമായി. “ഒന്നാംക്ലാസ് ഒന്നാംതരം ” എന്ന ലക്ഷ്യത്തോടെ പഴയ സ്‌കൂൾ കെട്ടിടം ആധുനിക രീതിയിൽ സജ്ജീകരിക്കാനുള്ള പ്രവർത്തനത്തിലാണ് ഇപ്പോൾ പൂർവ്വ വിദ്യാർത്ഥികളായ സംഘാടകർ. ഇംഗ്ളീഷ് വിദ്യാഭ്യാസത്തിലടക്കം ദൃശ്യ ശ്രവ്യ മാധ്യമങ്ങളുടെ സഹായത്തോടെ കുട്ടികളുടെ മനസ്സുകളിലേക്ക് ആയാസരഹിതമായി വിദ്യ പകർന്നുകൊടുക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കുന്നതിലും ഇവർ ശ്രദ്ധിക്കുന്നു. മാതൃകയാകേണ്ടതാണ്, ആക്കേണ്ടതാണ് ഈ പൊതു വിദ്യാലയത്തിന്റെ അതിജീവന കഥ.

കൊച്ചുസ്കൂളിന്റെ അതിജീവനത്തിനൊപ്പം കൈകോർക്കാൻ സന്മനസുള്ളവർ ബന്ധപ്പെടുക.
കൺവീനർ – +91 9605821452 | GPAY also..

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *