വണ്ടിപ്പെരിയാർ കേസിലെ ഇരയായ പെൺകുട്ടിയുടെ അച്ഛനെ, പ്രതിയുടെ ബന്ധു കുത്തിപ്പരിക്കേൽപ്പിച്ചു ;

Crime Idukki
Print Friendly, PDF & Email

ഇടുക്കി – വണ്ടിപ്പെരിയാറിലെ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കൊച്ചു പെൺകുട്ടിയുടെ അച്ഛന് കുത്തേറ്റു. വാക്കുതർക്കത്തിനൊടുവിൽ കുത്തിയത് കേസിൽ പ്രതിയായ ഡിവൈഎഫ്ഐ നേതാവായിരുന്ന അർജുന്റെ ബന്ധുവാണ്. കാലിന് കുത്തേറ്റ പിതാവ് വണ്ടിപ്പെരിയാറിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്ക് ഗുരുതരമല്ല.

ആറു വയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്ന കേസിൽ അർജുനെ വെറുതെ വിട്ട വിധി റദ്ദാക്കണമെന്ന സർക്കാറിന്റെ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കുയാണ്. ഇതിനിടെയാണ് പെൺകുട്ടിയുടെ കുടുംബത്തിന് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്. പ്രതി വണ്ടിപ്പെരിയാർ ചുരക്കുളം സ്വദേശി അർജുൻ സുന്ദറിനെ വെറുതേ വിട്ട വിചാരണക്കോടതി ഉത്തരവിനെതിരെയാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. കേസിലെ വസ്തുതകളും തെളിവുകളും വിലയിരുത്തുന്നതിൽ കോടതിക്ക് പിഴവു സംഭവിച്ചെന്നും ശാസ്ത്രീയമായ തെളിവുകൾ വിലയിരുത്തിയില്ലെന്നും അപ്പീലിൽ സർക്കാർ പറയുന്നു.

2021 ന് ജൂൺ 30 നാണ് ആറുവയസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി പീഡനത്തിനിരയായെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് അർജുൻ സുന്ദറിനെ അറസ്റ്റ് ചെയ്തത്. ഇയാൾ പ്രദേശത്തെ അറിയപ്പെടുന്ന ഡിവൈഎഫ്ഐ നേതാവും ആയിരുന്നു. എന്നാൽ കട്ടപ്പന ഫാസ്റ്റ് ട്രാക്ക് കോടതി ഇയാളെ കുറ്റവിമുക്തനാക്കി. തെളിവു ശേഖരണത്തിലടക്കം കേസ് അന്വേഷണത്തിൽ പൊലീസിന്റെ ഭാഗത്തു ഗുരുതരമായ വീഴ്ചയുണ്ടയെന്ന് ആരോപിച്ചാണ് വിചാരണക്കോടതി പ്രതിയെ വെറുതെ വിട്ടത്. വിചാരണക്കോടതി വിധിക്കെതിരെ വ്യാപകമായി പരാതി ആണ് ഉയർന്നത്..

Leave a Reply

Your email address will not be published. Required fields are marked *