ഇലവുംതിട്ട – മദ്ധ്യ തിരുവിതാംകൂറിലെ വളരെ പുരാതനമായ ഈഴവ കുടുംബമായ അയത്തിൽ കുടുംബത്തിന്റെ ഈ വർഷത്തെ കുടുംബയോഗം ഈ വരുന്ന ഡിസംബർ 25 തിങ്കളാഴ്ച അയത്തിൽ കുടുംബയോഗം മന്ദിരത്തിൽ വെച്ച് നടക്കും. ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളുടെ പാദസ്പർശം കൊണ്ട് അനുഗ്രഹീതമായ അയത്തിൽ കുടുംബാംഗണത്തിൽ ചേരുന്ന ഈ യോഗം കുടുംബാംഗങ്ങൾ തമ്മിലുള്ള ഐക്യവും, സൗഹൃദവും ഊട്ടിയുറപ്പിക്കുന്നതിനു കൂടി ഉദ്ദേശിച്ചാണ് എല്ലാ വർഷവും ഇത് നടക്കാറുള്ളത്. 10 ,12 ക്ളാസുകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് കുടുംബയോഗത്തിന്റെ ആദരവും, സമ്മാനങ്ങളും, സ്കോളർഷിപ്പുകളും വിതരണം ചെയ്യപ്പെടുമെന്ന് സെക്രട്ടറി അനുരാഗ് സത്യനും, രക്ഷാധികാരി എസ് സുവർണ്ണകുമാറും അറിയിച്ചു.
അന്നേദിവസം രാവിലെ പത്തു മണിക്ക് സെക്രട്ടറി എസ് അനുരാഗിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിക്കുന്ന പരിപാടിയിൽ പ്രഫസർ എംകെ ശശികുമാർ അദ്ധ്യക്ഷനായിരിക്കും. യോഗത്തിന്റെ ഉദ്ഘാടനം കുടുംബാംഗവും, മെഴുവേലി പഞ്ചായത്ത് പ്രസിഡന്റും കൂടിയായ ശ്രീമതി പിങ്കി ശ്രീധർ നിർവ്വഹിക്കും. “ഗുരുദേവ ദർശനവും, കുടുംബ ശാന്തിയും” എന്ന വിഷയത്തിൽ ബ്രഹ്മചാരി സൂര്യശങ്കർ ( ശിവഗിരിമഠം ) മുഖ്യപ്രഭാഷണം നടത്തും.
അംഗങ്ങൾ തമ്മിലുള്ള പരിചയപ്പെടൽ, കണക്ക് അവതരണം, റിപ്പോർട്ട് അവതരണം, ഉച്ചഭക്ഷണം, ചർച്ച, പുതിയ ഭാരവാഹി തിരഞ്ഞെടുപ്പ് എന്നിവക്ക് ശേഷം ശ്രീമതി കനകമണി സുശീലന്റെ കൃതജ്ഞത പ്രകാശനത്തോടെ പരിപാടികൾ അവസാനിക്കും.
കൂടുതൽ വിവരങ്ങൾക്ക് – എസ് അനുരാഗ് – +91 9048398081


