സന്നിധാനത്തെ ആശുപത്രിയിൽ ഈ മണ്ഡലകാലത്ത് ചികിത്സ തേടിയത് 45105 പേർ

Kerala Pathanamthitta

സന്നിധാനം – ശരണവഴിയിൽ കരുതലൊരുക്കിയ ആരോഗ്യവകുപ്പിന്റെ കൃത്യസമയത്തെ ഇടപെടലിലൂടെ ഈ മണ്ഡലകാലത്ത് രക്ഷിക്കാനായത് വിലപ്പെട്ട 76 ജീവൻ. പമ്പയിൽനിന്ന് ശബരിമല സന്നിധാനത്തിലേയ്ക്കുള്ള വഴിയിൽ അടിയന്തരഘട്ടങ്ങളിൽ സേവനത്തിന് ഒരുക്കിയിട്ടുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഗൂർഖ വാഹനത്തിലുള്ള ആംബുലൻസ് സംവിധാനം ഉപയോഗിച്ചാണ് 76 പേർക്കു കൃത്യസമയത്ത് അടിയന്തരചികിത്സ നൽകാനായത്.

സന്നിധാനം, അപ്പാച്ചിമേട്, ചരൽമേട് തുടങ്ങിയ ശരണപാതകളിലാണ് ആംബുലൻസ് സംവിധാനം ഒരുക്കിയിട്ടുള്ളത്. ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നവർക്കു സന്നിധാനത്തെ ആശുപത്രിയിൽ അടിയന്തര ചികിത്സ നൽകിയ ശേഷം പമ്പയിലെ സർക്കാർ ആശുപത്രിയിലേക്കാണു മാറ്റുന്നത്. കൂടുതൽ വിദഗ്ധ ചികിത്സ വേണ്ടവരെ കോന്നി, കോട്ടയം മെഡിക്കൽ കോളജിലേക്കോ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കോ അയക്കും.
മലകയറിവന്നവരിൽ ഹൃദയസംബന്ധമായ അസുഖം നേരിട്ടവരാണ് അടിയന്തരചികിത്സ തേടിയവരിൽ നല്ലപങ്കും. അടിയന്തരചികിത്സാ ആവശ്യങ്ങൾ നേരിടുന്നതിനായി പമ്പയിൽനിന്ന് സന്നിധാനത്തിലേക്കുള്ള പാതയിൽ 15 എമർജൻസി മെഡിക്കൽ സെന്ററുകളും സജ്ജീകരിച്ചിട്ടുണ്ട്. തീർഥാടകർക്ക് എന്തെങ്കിലും വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായാൽഅടിയന്തരവൈദ്യ സഹായത്തിനായി 04735203232 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം. ഇവർക്ക് ഏറ്റവും അടുത്തുള്ള എമർജൻസി മെഡിക്കൽ സെന്ററിൽ നിന്നുള്ള സേവനം ഉടനടി ഒരുക്കുന്നതിനായി ആരോഗ്യവകുപ്പ് സദാ സജ്ജമാണ്.

ഈ മണ്ഡലകാലം തുടങ്ങി ഇന്നലെ വരെ 45105 പേരാണ് സന്നിധാനത്തെ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. മലകയറിയെത്തിയതിനെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾക്കാണ് ചികിത്സ തേടിയവരിൽ ഏറെപ്പേരും സന്നിധാനത്തെ ആശുപത്രിയെ സമീപിച്ചിട്ടുള്ളത്്. ദിവസവും 1500 പേരിൽ കൂടുതൽ സന്നിധാനത്തെ ആശുപത്രി ഒ.പിയിൽ ചികിത്സയ്ക്കായി എത്തുന്നുണ്ട്. ഹൃദയാഘാതം പാമ്പ് വിഷബാധ തുടങ്ങി ഏത് അടിയന്തര ഘട്ടത്തേയും നേരിടാനുള്ള മരുന്നുകൾ സന്നിധാനത്തെ ആശുപത്രിയിൽ ലഭ്യമാണ്.

18 ബെഡ്, അഞ്ച് ഐ.സി.യു, മൂന്നു വെന്റിലേറ്റർ തുടങ്ങിയ സൗകര്യങ്ങൾ സന്നിധാനം ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. കാർഡിയോളജിസ്റ്റ്, പീഡിയാട്രീഷൻ, ഓർത്തോപീഡിക്‌സ്, ഇ.എൻ.ടി. എന്നിങ്ങനെ സ്‌പെഷലിസ്റ്റുകളടക്കം 10 ഡോക്ടർമാർ സേവനത്തിനുണ്ട്. ആറ് സ്റ്റാഫ് നഴ്‌സുമാർ ഉൾപ്പെടെ നാൽപതോളം ആരോഗ്യപ്രവർത്തകരുമായി 24 മണിക്കൂർ സേവനമാണ് ആശുപത്രിയിൽ സജ്ജമാക്കിയിട്ടുള്ളത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *