കേരളാ കൗൺസിൽ ഓഫ് ചർച്ചസ് പ്രസ്താവന
തിരുവല്ല: മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് മലയാളികളായ കന്യാസ്ത്രീകളെ ചത്തീസ്ഗഡിൽ അറസ്റ്റ് ചെയ്ത നടപടി അപലപനീയവും ഇന്ത്യൻ മതേതരത്വത്തോടുള്ള വെല്ലുവിളിയും ആണെന്ന് കേരളാ കൗൺസിൽ ഓഫ് ചർച്ചസ് പ്രസ്താവിച്ചു.

പൊതുസമൂഹത്തെ വർഗീയവും സങ്കുചിതവുമായി മാറ്റുന്നതും നിർഭയമായ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നതും മതേതര – ജനാധിപത്യ രാഷ്ട്രത്തിന് അപമാനകരമാണ്. സാമൂഹിക സേവനത്തിലും രാഷ്ട്ര പുനർനിർമാണത്തിലും നിസ്വാർത്ഥമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വ്യക്തികളെ മതത്തിന്റെ പേരിൽ ആൾക്കൂട്ട വിചാരണയ്ക്ക് വിധേയരാക്കുന്നതും തെറ്റായ ആരോപണങ്ങൾ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുന്നതും നിയമസംവിധാനങ്ങൾ പക്ഷപാതപരമായി മാറുന്നതിന്റെ തെളിവാണ്. ക്രൈസ്തവ ന്യൂനപക്ഷത്തിനെതിരെ വർഗീയവാദികളുടെ പ്രേരണയ്ക്ക് വശംവദരായി ഉദ്യോഗസ്ഥർ ഇടപെടുന്ന പ്രവണത അവസാനിപ്പിക്കുന്നതിന് സർക്കാർ അടിയന്തരമായി ഇടപെടുകയും കുറ്റവാളികൾക്കെതിരെ കർശന നടപടികൾ സ്വീകരിച്ച് മൈക്രോമൈനോറിറ്റി ആയ ക്രൈസ്തവ സമൂഹത്തിന് സുരക്ഷ ഉറപ്പാക്കുകയും ചെയ്യണമെന്നും പ്രസിഡന്റ് അലക്‌സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത, ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി തോമസ് എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
What do you feel about this post?
Like
Love
Happy
Haha
Sad

