പത്തനംതിട്ട ജില്ലയിലെ ആദ്യ നവകേരള സദസ്സിന് ഗംഭീര തുടക്കം

Kerala Pathanamthitta
Print Friendly, PDF & Email

തിരുവല്ല – സംസ്ഥാന സർക്കാരിന്റെ വികസനക്ഷേമപദ്ധതികൾ വിശദീകരിക്കാനും ജനങ്ങളുടെ പ്രശ്‌നങ്ങൾ ചോദിച്ചറിയാനും വേണ്ടി മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ജനങ്ങൾക്കു മുന്നിലെത്തുന്ന നവകേരളസദസ്സിന് പത്തനംതിട്ട ജില്ലയിൽ ഗംഭീര തുടക്കം. തിരുവല്ല മണ്ഡലത്തിൽ ഇന്നലെ വൈകുന്നേരം ആറിനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിച്ചേർന്നത്. വേദിയായ എസ് സി എസ് സ്‌കൂൾ ഗ്രൗണ്ടിലേക്ക് മന്ത്രിസഭ എത്തുന്നതിന് മുൻപേ ജനസാഗരം ഒഴുകുകയായിരുന്നു. രാവിലെ മുതൽ വേദിയിലേക്ക് ജനങ്ങൾ എത്തിതുടങ്ങി. മൂന്നു മണിയോടെ വേദിയിൽ കലാപരിപാടികൾ ആരംഭിച്ചു. വേദിയിൽ കലാപരിപാടികൾ ആടിത്തിമിർക്കുമ്പോൾ തിരുവല്ല പൂരത്തിന്റെ പ്രതീതിയിലായി. തിരുവല്ലയുടെ ചരിത്രത്താളുകളിൽ സദസ്സിന്റെ ജനസാഗരം എഴുതിച്ചേർക്കെപ്പെടുകയായിരുന്നു.

തിങ്ങിനിറഞ്ഞ സദസിലേക്ക് ആദ്യമെത്തിയത് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനും ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലും കൃഷിമന്ത്രി പി പ്രസാദും ആയിരുന്നു. ശേഷം വൈദ്യുതിമന്ത്രി കെ കൃഷ്ണൻകുട്ടിയും വേദിയിലെത്തി. തുടർന്ന് വേദിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മറ്റ് മന്ത്രിമാരും എത്തിയതോടെ ജനാരവത്തിൽ വേദി ഹർഷപുളകിതമായി. കഥകളി രൂപങ്ങളുടേയും ആർപ്പുവിളികളുടേയും മുദ്രാവാക്യങ്ങളുടേയും അകമ്പടിയോടെയാണ് തിരുവല്ല മുഖ്യമന്ത്രിക്ക് സ്വാഗതം അരുളിയത്. ചടങ്ങിൽ രാജീവ്ഗാന്ധി ദശലക്ഷം കോളനി പട്ടയം ആനിക്കാട് പനപ്ലാവിൽ രാധാമണിയമ്മയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നൽകി. ആർട്ടിസ്റ്റുമാരായ ഹരിദാസ് കവിയൂർ, അഖിൽ കുറ്റൂർ എന്നിവർ വരച്ച ചിത്രം മുഖ്യമന്ത്രിക്ക് ഉപഹാരമായി നൽകി.

നവകേരള സദസിനെത്തിയ ജനങ്ങൾക്ക് എല്ലാ സൗകര്യങ്ങളും വകുപ്പുകളുടെ നേതൃത്വത്തിൽ ഏർപ്പെടുത്തിയിരുന്നു. സഹായങ്ങൾക്കായി സന്നദ്ധ സേവകരും വൈദ്യസഹായത്തിനായി മെഡിക്കൽ ടീമും അക്ഷീണം പ്രവർത്തിച്ചു. ശുചീകരണത്തിനായി ഹരിതകർമ്മ സേനാംഗങ്ങളും പരിപാടിയിലുടനീളം പങ്കെടുത്തു. പൊലീസ്, ഫയർഫോഴ്‌സ് സേനകൾ സുരക്ഷയ്ക്കായി സംവിധാനങ്ങൾ ഒരുക്കി. ജനങ്ങളിൽ നിന്നുള്ള നിവേദനങ്ങൾ സ്വീകരിക്കാനായി 20 കൗണ്ടറുകൾ ഒരുക്കിയിരുന്നു. ഭിന്നശേഷിക്കാർ, മുതിർന്നവർ, സ്ത്രീകൾ, പൊതുവായവ എന്നിങ്ങനെ പ്രത്യേകം കൗണ്ടറുകൾ സജ്ജീകരിച്ചിരുന്നു. മുഴുവൻ നിവേദനങ്ങൾ സ്വീകരിച്ചുകഴിയുന്നതുവരെയും കൗണ്ടർ പ്രവർത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *