തിരുവല്ല – സംസ്ഥാനസർക്കാരിന്റെ വികസനക്ഷേമപദ്ധതികൾ വിശദീകരിക്കാനും ജനങ്ങളുടെ പ്രശ്‌നങ്ങൾ ചോദിച്ചറിയാനും വേണ്ടി
മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ജനങ്ങൾക്കു മുന്നിലെത്തുന്ന നവകേരളസദസിന്റെ ജില്ലയിലെ ആദ്യവേദിയായ തിരുവല്ലയിലെ സദസ്സിന് കലാപരിപാടികളോടെ ഗംഭീര തുടക്കം. ജില്ലാ കളക്ടർ എ ഷിബുവിന്റെ പാട്ട് കൂടിയായപ്പോൾ സദസ് ആവേശത്തിമിർപ്പിലായി. പുതുവെള്ളൈമഴൈ എന്ന പാട്ട് കൈയടിയോടെ സദസ്സ് കേട്ടു.

സദസ്സിലേക്ക് ഒഴുകിയെത്തിയ ജനസാഗരം അക്ഷരാർഥത്തിൽ തിരുവല്ലയെ പൂരത്തിന്റെ പ്രതീതിയിലാക്കി. വൈകുന്നേരം ആറിന് ആരംഭിച്ച സദസ്സിന് മുൻപ് അരങ്ങേറിയ കലാപരിപാടികൾ സദസിനെത്തിയ പൊതുജനങ്ങൾക്ക് ഉത്സവലഹരിയാണ് സമ്മാനിച്ചത്. മൂന്നു മുതൽ ആരംഭിച്ച കലാവിരുന്നിൽ ഭരതനാട്യം, സിനിമാഗാനം, സംഘനൃത്തം, പാട്ട്, വയലിൻ-ഫ്യൂഷൻ, കോൽക്കളി, നാടൻപാട്ട്, ഭരതനാട്യം, സംഘനൃത്തം എന്നിവയാണ് അരങ്ങേറിയത്. ഫോക്ലോർ അക്കാദമിയുടെ മുൻ ചെയർമാൻ സി ജെ കുട്ടപ്പന്റെ നാടൻപാട്ടും അവിസ്മരണീയമായി. തിരുവല്ല സ്വദേശികളായ പയസ്, നവീൻ എന്നിവരാണ് വയലിൻ ഫ്യൂഷൻ അവതരിപ്പിച്ചത്. കലാഭവൻ മണിയുടെ പാട്ടുകൾക്കൊപ്പം മർത്തോമകോളേജിലെ വിദ്യാർത്ഥികൾ ചുവട് വച്ചപ്പോൾ വേദി ഇളകി മറിയുകയായിരുന്നു. ഓരോ കലാപരിപാടിയും കരഘോഷത്തോടെയാണ് സദസ്സ് ഏറ്റുവാങ്ങിയത്. ജില്ലാ കളക്ടറിന്റെ മധുരക്കിനാവിൻ ലഹരിയിലേതോ എന്ന പാട്ടോടെയാണ് സദസ് അവസാനിച്ചത്.


