റാന്നി – കേന്ദ്രത്തിന്റെ സാമ്പത്തിക നയം ശ്വാസം മുട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. റാന്നി നിയോജകമണ്ഡലം നവകേരള സദസ്സിനെ മാർ സേവിയസ് ഹയർ സെക്കൻഡറി സ്‌കൂൾ അങ്കണത്തിൽ സജ്ജീകരിച്ച വേദിയിൽ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിന്റെ സ്ഥിതി അനുസരിച്ച് ഒരു സാമ്പത്തിക പ്രശ്നവും ഉണ്ടാകേണ്ടതല്ല. കേരളത്തിന്റെ തനതുവരുമാനം, അഭ്യന്തര വരുമാനം, ആളോഹരി വരുമാനം എന്നിവ വർധിപ്പിക്കാനായിട്ടുണ്ട്. കേരളം കാര്യക്ഷമമായ സാമ്പത്തിക പ്രവർത്തനം നടത്തിയിയിട്ടും കേന്ദ്രം സംസ്ഥാനത്തെ ഞെരുക്കുന്നു. നികുതി വിഹിതം, റവന്യൂ കമ്മി, ഗ്രാന്റ് എന്നിവയിൽ വലിയ കുറവ് വരുത്തി. കേന്ദ്രവും സംസ്ഥാനവും സംയുകതമായി നടപ്പാക്കുന്ന പദ്ധതികളിൽ കേന്ദ്രത്തിന്റെ വിഹിതം കുടിശിക വരുത്തുന്നു. നിലവിൽ 5632 കോടി രൂപ ഇങ്ങനെ കുടിശിക ഉണ്ട്. പണം കടമെടുക്കയെന്നത് ഒരു സംസ്ഥാനത്തിന്റെ ഭരണപരമായ അവകാശമാണ്. ഈ കാര്യത്തിൽ ഭരണഘടനാ വിരുദ്ധമായാണ് കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നത്. ഈ നിലപാടിനെ പൂർണമായും പിന്തുണയ്ക്കുന്ന സമീപനമാണ് പ്രതിപക്ഷവും സ്വീകരിക്കുന്നത്. ഇടതുപക്ഷ സർക്കാറിന്റെ നേതൃത്വത്തിൽ കേരളത്തിന്റെ യാതൊരുവിധ വികസന പ്രവർത്തനങ്ങളും നടക്കരുത് എന്ന അജണ്ടയാണ് പ്രതിപക്ഷത്തിനുള്ളത്.

സാമൂഹ്യക്ഷേമ പെൻഷൻ 600 രൂപയിൽ നിന്നും 1600 രൂപയായി ഉയർത്താൻ സർക്കാരിനു കഴിഞ്ഞു. നാടിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതികളാണ് സംസ്ഥാന സർക്കാർ കിഫ്ബിയിലൂടെ നടത്തുന്നത്. 82,000 കോടി രൂപയുടെ പദ്ധതികൾ ഇതിലൂടെ ഏറ്റെടുക്കാൻ കഴിഞ്ഞു. പൊതുവിദ്യാഭ്യാസം പൊതുജനാരോഗ്യം, പശ്ചാത്തല സൗകര്യവികസനം, ജലപാത, ഫ്ളൈ ഓവറുകൾ, മലയോര ഹൈവേ തുടങ്ങി നിരവധി വികസന-നിർമാണ പ്രവർത്തനങ്ങളാണ് കിഫ്ബിയിലൂടെ നാട്ടിൽ ഉണ്ടായത്. കിഫ്ബി എടുക്കുന്ന കടവും സംസ്ഥാനത്തിന്റെ കടപരിധിയിൽ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ അവിടെയും സംസ്ഥാനത്തെ ബുദ്ധിമുട്ടിക്കയാണ്.
കക്ഷി-രാഷ്ട്രീയഭേദമെന്യേ എല്ലാവരെയും പങ്കെടുപ്പിച്ച് നാടിന്റെ വികസനത്തിനായാണ് നവകേരള സദസ്സ് ആസൂത്രണം ചെയ്തിരിക്കുന്നത്. സർക്കാരിന്റെ ഏതു പരിപാടിയെയും ബഹിഷ്‌കരിക്കുക എന്ന നയമാണ് പ്രതിപക്ഷത്തുനിന്നും ഉണ്ടാകുന്നത്.

ദരിദ്രരെ കൂടുതൽ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയും സമ്പന്നരെ അതിസമ്പന്നരും ആക്കുന്ന കേന്ദ്രനയമല്ല നമ്മുടേത്. മറിച്ച് എല്ലാ ജനവിഭാഗങ്ങളുടെയും ഉയർച്ചയും പുരോഗതിയുമാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. കേന്ദ്രത്തിന്റെയും പ്രതിപക്ഷത്തിന്റെയും സാമൂഹികവികസന വിരുദ്ധ നിലപാടുകളെ ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു എന്നതിനുള്ള തെളിവാണ് കോരിച്ചൊരിയുന്ന മഴയിലും റാന്നിയിൽ എത്തിയ ജനസാഗരമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ സംഘാടക സമിതി ചെയർമാനും റാന്നി എംഎൽഎയുമായ പ്രമോദ് നാരായൺ അധ്യക്ഷത വഹിച്ചു. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ, മ്യഗസംരക്ഷണ മന്ത്രി ചിഞ്ചുറാണി, സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ എന്നിവർ സംസാരിച്ചു. മറ്റുമന്ത്രിമാർ, ജില്ലാ കളക്ടർ എ ഷിബു, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. റാന്നി തഹസിൽദാർ എം.കെ അജികുമാർ സ്വാഗതവും ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ടി ജി ഗോപകുമാർ നന്ദിയും പറഞ്ഞു.


