പത്തനംതിട്ട – മലയാളഭാഷയുടെ പ്രാധാന്യം പുതിയ തലമുറയിലെ കുട്ടികൾക്ക് പകർന്ന് കൊടുക്കേണ്ടതിന്റെ ഉത്തരവാദിത്തം മുതിർന്നവർക്കാണെന്ന് ജില്ലാ കളക്ടർ എ. ഷിബു പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിച്ച മലയാളദിനാഘോഷവും ഭരണഭാഷാ വാരാചരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതൃഭാഷയുടെ പ്രാധാന്യം കുട്ടികൾക്കു മനസിലാക്കി കൊടുക്കുന്നതിനുള്ള പ്രയത്‌നങ്ങൾ ഉണ്ടാകണം. കാലാനുസൃതമായ മാറ്റങ്ങൾ ഭാഷയുടെ പുരോഗതിക്കായി കൈവരിക്കണം. ഇതിന്റെ ഭാഗമായാണ് എല്ലാ വർഷവും മലയാള ഭാഷാ വാരാഘോഷം ആചരിക്കുന്നതെന്നും കളക്ടർ പറഞ്ഞു.
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് കോട്ടയം മേഖല ഡപ്യൂട്ടി ഡയറക്ടർ കെ ആർ പ്രമോദ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ കെ രശ്മിമോൾ ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മലയാളത്തിന്റെ ആദിമപ്രഭവങ്ങൾ – ചില വിചാരങ്ങൾ എന്ന വിഷയത്തിൽ ഇലന്തൂർ ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളജ് മലയാള വിഭാഗം മേധാവി കെ രാജേഷ് കുമാർ പ്രഭാഷണം നടത്തി. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബി രാധാകൃഷ്ണൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ശ്രീകാന്ത് എം ഗിരിനാഥ്, സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഇ വി അനിൽ, വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ജില്ലാ കളക്ടറേറ്റിലെ എൽ ആർ വിഭാഗം ജൂനിയർ സൂപ്രണ്ട് ജി രാജിയെ ജില്ലാതല ഭരണഭാഷാ പുരസ്‌കാരജേതാവായി കളക്ടർ പ്രഖ്യാപിച്ചു. പുരസ്‌കാരജേതാവിനെ ജില്ലാ കളക്ടർ അധ്യക്ഷനായ സമിതിയാണ് തെരഞ്ഞെടുത്തത്.

വാരാചരണത്തിന്റെ ഭാഗമായി സ്‌കൂൾ വിദ്യാർഥികൾക്കായി ക്വിസ് മത്സരവും പൊതുജനങ്ങൾക്കായി ഉപന്യാസരചനാ മത്സരവും നടത്തും. ഇന്ന് (2) ഉച്ചയ്ക്ക് രണ്ടുമണി മുതൽ സിവിൽ സ്റ്റേഷൻ ജീവനക്കാർക്കായി കേട്ടെഴുത്ത്, തർജ്ജമ, പ്രസംഗം, കവിതാലാപനം, ഫയലെഴുത്ത് മത്സരങ്ങളും സംഘടിപ്പിക്കും. സമാപനസമ്മേളനം നവംബർ ഏഴിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ എ ഷിബു ഉദ്ഘാടനം ചെയ്യും. ലിപി പരിഷ്‌കരണത്തിലെ അവ്യവസ്ഥകൾ എന്ന വിഷയത്തിൽ പ്രൊഫ. മൂലൂർ മുരളീധരൻ പ്രഭാഷണം നടത്തും. ജില്ലാ ഭരണകൂടം, ജില്ലാ ലൈബ്രറി കൗൺസിൽ, ജില്ലാ സാക്ഷരതാ മിഷൻ, മൂലൂർ സ്മാരകം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.
What do you feel about this post?
Like
Love
Happy
Haha
Sad

