@ ജിബു വിജയൻ ഇലവുംതിട്ട
പത്തനംതിട്ട: ഒരു പൂ പോലും ചോദിക്കാതെ പൂന്തോട്ടം തന്നെ നൽകിയിരിക്കുകയാണ് നഗരസഭ. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കൊണ്ട് വീർപ്പുമുട്ടുന്ന പത്തനംതിട്ടയിൽ പൂക്കളുടെ മണമറിയാനും ഭംഗി കാണാനുമല്ല ജനങ്ങൾ വരുന്നത്. അവർക്ക് വേണ്ടത് ചെളിയിൽ ചവിട്ടാതെ ബസിൽ കയറാവുന്ന ഒരു ബസ് സ്റ്റാൻഡ്, സ്ത്രീകൾ അടക്കമുളളവർക്ക് പ്രാഥമിക കൃത്യം നിർവഹിക്കാൻ വേണ്ട വൃത്തിയുള്ള ടോയ്‌ലറ്റുകൾ, പൊട്ടിപ്പൊളിയാത്ത റോഡുകൾ, ഗതാഗത കുരുക്കില്ലാത്ത നഗരപാതകൾ, പാർക്കിങിനുള്ള സ്ഥലം എന്നിവയാണ്.
ഇതൊക്കെ ഒരുക്കിയിട്ട് അതിന് മാറ്റു കൂട്ടുന്ന വിധത്തിൽ ഹാങ്ങിങ് ഗാർഡൻ (തൂങ്ങുന്ന പൂന്തോട്ടം) ഒരുക്കിയിരുന്നെങ്കിൽ അതിനൊരു മനോഹാരിതയുണ്ടാകുമായിരുന്നു. ജനങ്ങൾക്ക് ഇതൊക്കെ ആസ്വദിക്കാനുള്ള മനസും മൂഡും ഉണ്ടാകുമായിരുന്നു. കീറിയതും തുള വീണതുമായ അടിവസ്ത്രങ്ങൾക്ക് മുകളിൽ റെയ്‌നോൾഡ്‌സിന്റെ കോട്ടിട്ട് നടക്കുന്നതു പോലെയാണ് ഇപ്പോൾ തിരക്കിട്ട് നഗരസഭ ഒരുക്കിയിരിക്കുന്ന നടപ്പാതകളിലെ ഉദ്യാനം. ആർക്കാണിത് വേണ്ടത് ? ആരാണ് ഇവിടെ ഉദ്യാനത്തിൽ പരിലസിക്കാൻ വരുന്നത്. ?
കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വന്ന ചിത്രങ്ങൾ കണ്ടു വിദേശത്ത് നിന്നുപോലും പലരും എന്നെ വിളിച്ചു. തലക്കകത്ത് നമ്മൾ മലയാളിക്ക് ഇപ്പോൾ ഒന്നുമില്ലേയെന്നാണ് പലരും ചോദിക്കുന്നത്. ഇപ്പോൾ സൗദിയിൽ മെട്രോ യുടെ ഫൈനൽ വർക്കുകൾ ചെയ്യുന്ന ഇലന്തൂരുകാരൻ ജയകുമാറിന്റെ ചോദ്യം .. ആരാടാ പത്തനംതിട്ടയിലെ പൂച്ചട്ടിയുടെ എൻജിനീയർ എന്നായിരുന്നു. ?
റോഡിലേക്കിറങ്ങി നിൽക്കുന്ന രീതിയിലുള്ള പൂച്ചട്ടികൾ നഗരസഭാ സ്ഥാപിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. പത്തനംതിട്ട നഗരസഭാ തീരുമാനപ്രകാരം അടുത്ത മാസം സ്ഥാപിക്കാനിരുന്നത് നവകേരളാ സദസ്സ് ബസ്സിന്റെ വരവുമായി ബന്ധപ്പെട്ടാണ് പെട്ടെന്ന് സ്ഥാപിച്ചതെന്നാണ് അറിയാൻ കഴിഞ്ഞത്. ഇത് വാടകക്കെടുത്തതാണോ എന്നുപോലും പലരും ചോദിക്കുകയുണ്ടായി. !! വൺവേ ആയ ഈ റോഡിലെ ഇവിടെ കൂടുതൽ സൗകര്യമായി വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ !!
പത്തനംതിട്ട റിംഗ് റോഡ് പൂന്തോട്ടമാക്കാൻ പഴയ നഗരസഭാ ചെയർമാന്റെ കാലത്ത് ലക്ഷങ്ങൾ ചെലവഴിച്ചാണ്. അന്ന് നമ്മൾ ചോദിച്ചിരുന്നു ഇങ്ങനെ ചെടികൾ വെച്ച് ലക്ഷങ്ങൾ കളയാതെ കുറെ മൂത്രപ്പുരകൾ റിംഗ് റോഡിൽ ഉണ്ടാക്കിക്കൂടെ എന്ന് . അന്നത്തെ കളക്ടറായിരുന്ന ബഹുമാനപ്പെട്ട നൂഹ് സാറിനോട് നേരിട്ടും ഞാൻ ചോദിച്ചിരുന്നു. ലക്ഷങ്ങളുടെ പൂച്ചെടികൾ അവസാനം ആടിനും, പശുവിനും ഒക്കെ ആഹാരമായി !!
പത്തനംതിട്ട നഗരം പോലെ തകർന്നു കിടക്കുന്ന വേറൊരു നഗരവും ഇന്ത്യയിൽ തന്നെ കാണില്ല. ആഗോള കൂടിച്ചേരനിലായി ലോകരാജ്യങ്ങൾ ഇന്ത്യയിലേക്ക് വന്നപ്പോൾ ഡൽഹിയിൽ ചേരികൾ കെട്ടിമറച്ച മോദിയുടെ മറ്റൊരു പതിപ്പാകുകയാണ് പത്തനംതിട്ട നഗരവും. ഇതൊക്കെ ആരെ ബോധിപ്പിക്കാൻ ?
പത്തനംതിട്ട നഗരത്തിലേക്ക് വരുന്ന നവകേരളാ ബസ്സ്, ആദ്യം പത്തനംതിട്ട െ്രെപവറ്റ് ബസ് സ്റ്റാൻഡിൽ കയറണം, പിന്നെ അബാൻ ടവർ മേൽനടപ്പാലം പണി നടക്കുന്ന സ്ഥലം വഴി, കണ്ണങ്കരവഴി കുമ്പഴയിലൂടെ കോന്നിക്ക്. അങ്ങനെ യാത്ര ക്രമീകരിക്കാൻ തയ്യാറാകുമോ സംഘാടകർ ?
ഇതൊക്കെ അവർ കണ്ടെങ്കിലും പത്തനംതിട്ട നഗരത്തിനു ഒരു മോക്ഷമായേനെ .. !!
മുഖ്യമന്ത്രി അടക്കമുള്ള പലരും നേരിട്ട് അറിഞ്ഞിട്ടുണ്ടാകില്ല പത്തനംതിട്ട നഗരത്തിലെ ജനങ്ങളുടെ ദുരിതം


