അക്ഷര കലേഷിനെ സാമൂഹിക പ്രവർത്തകൻ ജോസഫ് താന്നിക്കൽ ഇടിക്കുള വീട്ടിലെത്തി പൊന്നാട അണിയിച്ചു ആദരിച്ചു.

Kerala Pathanamthitta
Print Friendly, PDF & Email

ചിറ്റാർ – സ്ഥിരമായി കാട്ടാന ഭീതിയിൽ സീതത്തോട്, ചിറ്റാർ ഗ്രാമങ്ങൾ.. ഇവിടുത്തെ ജനങ്ങളുടെ ആശങ്ക ഒന്നാം ക്ലാസുകാരിയുടെ സ്കൂൾ ഡയറിക്കുറിപ്പിലൂടെ നാടൊന്നാകെ അറിഞ്ഞു. ഈ നാട്ടിലെ ജനങ്ങൾ അനുഭവിക്കുന്ന ആശങ്കയുടെ നേർകാഴ്ചയായി ഇത് മാറി. ചിറ്റാർ പടയണിപാറ കെവിഎൽപി സ്കൂളിലെ ഒന്നാം ക്ലാസുകാരി അക്ഷര കലേഷിന്റെ സ്‌കൂൾ ഡയറിക്കുറിപ്പ് വായിച്ചാൽ ആ കുഞ്ഞു മനസ്സിൽ പോലും കാട്ടാനകൾ മൂലം എത്രമാത്രം ഭീതി പരത്തുന്നുണ്ടെന്ന് വ്യക്തമാകും.

ചിത്രത്തോടൊപ്പം ക്ലാസിൽ എഴുതിക്കൊണ്ടു വന്ന ഡയറിയിലെ വാക്കുകൾ ഇങ്ങനെ….
‘ചിറ്റാർ–സീതത്തോട് റോഡിൽ കാട്ടാന ശല്യം. അമ്മ സ്കൂട്ടറിൽ ജോലിക്ക് പോകുന്നത് എനിക്ക് പേടിയാണ്’. എന്ന കുറിപ്പിനൊപ്പം റോഡ് മുറിച്ചു കടന്ന് പോകുന്ന രണ്ട് കൊമ്പനാനകളുടേയും ഈ സമയം റോഡിൽ തടഞ്ഞിട്ടിരിക്കുന്ന ‘ആവേമരിയ’ സ്വകാര്യ ബസും, ആനകളെ കാണാൻ റോഡിൽ കാത്ത് നിൽക്കുന്ന ആൾക്കൂട്ടവും, സ്കൂട്ടറിൽ ആനയെ കണ്ടു നിൽക്കുന്ന അമ്മയുടെ ചിത്രവും അടങ്ങിയതായിരുന്നു ഡയറിക്കുറിപ്പ്.ഒന്നാം ക്ലാസുകാർ പതിവായി ഡയറി എഴുതാറുണ്ട്.ഇന്നലെ രാവിലെ ക്ലാസിൽ എത്തിയപ്പോഴാണ് കുറിപ്പ് ശ്രദ്ധയിൽപ്പെട്ടതെന്ന് ക്ലാസ് ടീച്ചർ ദേവിക ജോബ് പറയുന്നു.

ചിറ്റാർ തെക്കേക്കരയിലാണ് അക്ഷരയും പിതാവ് കലേഷും മാതാവ് ശരണ്യയും അടങ്ങുന്ന കുടുംബം താമസിക്കുന്നത്. ശരണ്യ സീതത്തോട്ടിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സാണ്. എന്നും രാവിലെ സ്കൂട്ടറിലാണ് ജോലിക്കു പോകുന്നത്. മിക്കപ്പോഴും രാവിലെ ചിറ്റാർ ഊരാമ്പാറയിൽ എത്തുമ്പോൾ കാട്ടാനകൾ കൈതത്തോട്ടത്തിൽ നിന്നും മടങ്ങിപ്പോകുന്ന സമയമായിരിക്കും. കഴിഞ്ഞ ദിവസം രാവിലെ ഡ്യൂട്ടിക്കായി വരുമ്പോൾ ആന ഇറങ്ങുന്ന കൃത്യം സമയമായിരുന്നു. ശരണ്യ ഉൾപ്പെടെയുള്ളവരെ ഊരാമ്പാറയിൽ പൊലീസ് തടഞ്ഞു. ആന പോയതിനു ശേഷമാണ് ആശുപത്രിയിലേക്കു പോയത്. രാവിലെ കണ്ട ആന വിശേഷങ്ങൾ എല്ലാം ശരണ്യ വീട്ടിൽ ചെന്നപ്പോൾ മകൾ അക്ഷരയോടും പറഞ്ഞിരുന്നു.

ജോലിക്കു പോകുമ്പോൾ അമ്മ അനുഭവിക്കുന്ന ആശങ്കകൾ കുഞ്ഞു മനസ്സിനെ ഏറെ വേദനിപ്പിക്കുകയും പേടിപ്പിക്കുകയും ചെയ്തതാണ് ഡയറിക്കുറിപ്പിലെഴുതാൻ പ്രേരണയായതെന്ന് പിതാവ് കലേഷ് പറഞ്ഞു.

മലയോര മേഖലയിലെ ജനങ്ങൾ നേരിടുന്ന നിരവധി പ്രശ്നങ്ങൾക്ക് ഒറ്റയാൾ പോരാട്ടമായി സമരം നയിക്കുകയും ജനങ്ങളോടൊത്ത് സഹകരിക്കുകയും ചെയ്യുന്ന സാമൂഹിക പ്രവർത്തകൻ ശ്രീ ജോസഫ് താന്നിക്കൽ ഇടിക്കുള ( അയ്യപ്പൻ ബാബു ) അക്ഷരയുടെ വീട്ടിലെത്തി പൊന്നാട അണിയിച്ചു അക്ഷരയെ ആദരിച്ചു. ജനങ്ങൾ നേരിടുന്ന ആശങ്കയുടെ വിഷയം ഒറ്റ ഡയറിക്കുറിപ്പിലൂടെ സമൂഹ മനഃസാക്ഷിയിലേക്ക് എത്തിച്ച ഈ മിടുക്കിക്ക് ആദര സൂചകമായി ഫലകവും അദ്ദേഹം സമ്മാനിച്ചു. ഈ ആദരവ് സ്വീകരിച്ചുകൊണ്ട് അക്ഷരക്കുട്ടി വരച്ച ചിത്രവും കുറിപ്പും ഇപ്പോൾ വൈറലാകുകയാണ് സോഷ്യൽമീഡിയയിൽ .

 

Leave a Reply

Your email address will not be published. Required fields are marked *