തിരുവല്ല – കടപ്ര എസ്.എൻ ആശുപത്രി , പുളിക്കീഴ് ജംഗ്ഷൻ എന്നിവിടങ്ങളിലെ വെള്ളക്കെട്ട് പൂർണമായി പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് അഡ്വ. മാത്യു ടി തോമസ് എംഎൽഎ പറഞ്ഞു. കളക്ടേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാ വികസനസമിതി യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളക്കെട്ട് താൽക്കാലികമായി പരിഹരിച്ചിട്ടുണ്ട്. തിരുവല്ല ദീപാജംഗ്ഷനിൽ കലുങ്ക് പണിയുന്ന സ്ഥലത്ത് വാട്ടർ അതോറിറ്റിയുടെ പൈപ്പ് മാറ്റുന്ന കാര്യം പരിശോധിക്കണം. തിരുവല്ല ബൈപാസ് റോഡിലെ ഗ്രീൻ സിഗ്‌നൽ ലൈറ്റിന്റെ സമയം കൂട്ടണമെന്നും എംഎൽഎ പറഞ്ഞു.
അട്ടത്തോട് സ്‌കൂളിന്റെ നിർമാണം മികച്ച രീതിയിൽ പൂർത്തിയാക്കിയ പിഡബ്ല്യുഡി കെട്ടിടവിഭാഗത്തെ അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അഭിനന്ദിച്ചു. റാന്നി താലൂക്ക് ആശുപത്രിയുടെ നിർമാണം മികച്ച രീതിയിലാണ് മുന്നോട്ടു പോകുന്നത്. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഫയലുകൾ വേഗത്തിൽ തീർപ്പാക്കി മുന്നോട്ടു പോകുന്നുണ്ട്. വെച്ചൂച്ചിറ- നാറാണംമൂഴി ഭാഗത്തേക്കു കെഎസ്ആർടിസി ബസ് സൗകര്യം ഏർപ്പെടുത്തണം. കുരുമ്പൻമൂഴിയിലെ മണ്ണിടിച്ചിലിൽ വീടു നഷ്ടപ്പെട്ട അഞ്ചു കുടുംബങ്ങളുടെ പുനരധിവാസം സംബന്ധിച്ചുള്ള തീരുമാനം ഡിസംബർ 17 നു മുൻപ് ഉണ്ടാകണം. ബഥനിമല, ബിമ്മരം കോളനി തുടങ്ങിയ വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളിൽ തെരുവു വിളക്കുകൾ സ്ഥാപിക്കണം. ജില്ലാ ഹോമിയോ ആശുപത്രിയിൽ ലാബ് ആരംഭിക്കണമെന്നും എംഎൽഎ പറഞ്ഞു.
കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ കൃഷിനാശം സംഭവിച്ച കർഷകർക്കുള്ള സഹായം അടിയന്തരമായി വിതരണം ചെയ്യണമെന്നു ആന്റോ ആന്റണി എംപിയുടെ പ്രതിനിധി അഡ്വ. കെ. ജയവർമ്മ പറഞ്ഞു.പമ്പ ത്രിവേണിയിൽ ഷെൽട്ടർ നിർമിക്കണം. ഭക്തജനത്തിരക്കുള്ളപ്പോൾ സ്വാമി അയ്യപ്പൻ റോഡിലൂടെ ട്രാക്ടറുകൾ പോകുന്നത് നിയന്ത്രിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെമ്പാടും നടപ്പാതകൾ കൈയ്യേറി കച്ചവടം നടത്തുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചുവെന്നു ഡെപ്യൂട്ടി സ്പീക്കറുടെ പ്രതിനിധി ഡി.സജി പറഞ്ഞു. ജില്ലയുടെ പല ഭാഗത്തും കാടുകൾ റോഡിന്റെ ഇരുവശങ്ങളിലുമായി വളർന്നു നിൽക്കുന്നത് അപകടമുണ്ടാക്കുന്നുണ്ട്. ഇതിന് പരിഹാരം കാണണമെന്നും കക്കൂസ് മാലിന്യങ്ങൾ ഓടയിലേക്കൊഴുകുന്നതിനെതിരെ ഗൗരവമായ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കളക്ടർ എ. ഷിബു അധ്യക്ഷത വഹിച്ച ചടങ്ങിൽ എഡിഎം ബി രാധാകൃഷ്ണൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ എസ് മായ, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ ജി. ഉല്ലാസ്, വിവിധ വകുപ്പുദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


