കടമ്പനാട് – പതിനെട്ട് വയസിൽ താഴെയുള്ള കുട്ടികളുടെ കലാ സാംസ്‌കാരിക രംഗത്തുള്ള മികവിന് കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം നൽകുന്ന ദേശീയ പുരസ്‌കാരമായ ശ്രേഷ്ഠ ദിവ്യാംഗ് ബാൽ അവാർഡ് കടമ്പനാട് ഏഴാംമൈൽ സ്വദേശിയും റിയാലിറ്റി ഷോ താരവുമായ ആദിത്യ സുരേഷിന് ലഭിച്ചു.
അടുത്തമാസം 3ന് ഡൽഹിയിൽ രാഷ്ട്രപതി അവാർഡ് സമ്മാനിക്കും. ഇത് രണ്ടാം തവണയാണ് ആദിത്യന് ദേശീയ അംഗീകാരം ലഭിക്കുന്നത്. ശാരീരികമായ പരിമിതികളെ ആത്മവിശ്വാസത്തോടെ തരണം ചെയ്ത് മുന്നേറുന്ന ആദിത്യന് സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രതിഭാമരപ്പട്ടം അവാർഡ്, സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യ പുരസ്‌കാരം, അബ്ദുൽ കലാം ബാലപ്രതിഭാ പുരസ്‌കാരം സംസ്ഥാന സർക്കാരിന്റെ സ്റ്റേറ്റ് സ്റ്റെബിലിറ്റി അവാർഡ് അടക്കം നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ആയിരത്തോളം വേദികളിൽ സംഗീത പരിപാടി അവതരിപ്പിച്ച ഈ പ്രതിഭ കുന്നത്തൂർ നേടിയവിള അംബികോദയം സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്. കൊല്ലം പോരുവഴി ഇടയ്ക്കാട് തെക്ക് ഏഴാം മൈൽ ടി.കെ.സുരേഷിന്റെയും രഞ്ജിനിയുടെയും ഇളയമകനാണ് ആദിത്യൻ. സഹോദരൻ അശ്വിൻ സുരേഷ് മൂന്നാം വർഷ കമ്പ്യൂട്ടർ വിദ്യാർത്ഥിയാണ്.


