അയിരൂര്‍ കഥകളി മ്യൂസിയം: മണ്ണു പരിശോധന തുടങ്ങി

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഡസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതിയിലുള്‍പ്പെടുത്തി അയിരൂര്‍ കഥകളി ഗ്രാമത്തില്‍ നിര്‍മിക്കുന്ന കഥകളി മ്യൂസിയത്തിന് സാങ്കേതികാനുമതി ലഭിക്കുന്നതിനായുള്ള മണ്ണു പരിശോധന തുടങ്ങി. തിരുവനന്തപുരം ഗവ.എഞ്ചിനീയറിംഗ് കോളജ് സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.
ഒന്നരക്കോടി രൂപ നിര്‍മാണച്ചെലവ് വരുന്ന പദ്ധതിക്ക് സംസ്ഥാന സര്‍ക്കരിന്റെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. സാങ്കേതികാനുമതി ലഭിക്കുന്നതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. ആറന്മുള വാസ്തു വിദ്യാ ഗുരുകുലമാണ് വിശദമായ പ്രോജറ്റ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

അയിരൂര്‍ ഗ്രാമപഞ്ചായത്തും വിനോദ സഞ്ചാര വകുപ്പും സംയുക്തമായി ചേര്‍ന്നാണ് പദ്ധതി പൂര്‍ത്തിയാക്കുക. അയിരൂര്‍ ചെറുകോല്‍പ്പുഴ പാലം ജംഗ്ഷനില്‍ ജില്ലാ കഥകളി ക്ലബ് നല്‍കിയ സ്ഥലത്താണ് മ്യൂസിയം നിര്‍മിക്കുക.
പരമ്പരാഗത ശൈലിയില്‍ മൂന്നു നിലയില്‍ നിര്‍മിക്കുന്ന കെട്ടിടത്തില്‍ കഥകളി കളരികള്‍, കഥകളി വേഷങ്ങളുടെ പൂര്‍ണകായ ശില്പങ്ങള്‍, ആട്ടക്കോപ്പുകള്‍, വാദ്യോപകരണങ്ങള്‍ എന്നിവ സജ്ജമാക്കും. ആഗ്മെന്റഡ് റിയാലിറ്റി, വെര്‍ച്ചല്‍ റിയാലിറ്റി തുടങ്ങിയ നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ടൂറിസ്റ്റുകള്‍ക്കായി തല്‍സമയ കഥകളി അവതരിപ്പിക്കും.
ബ്ലോക്ക് – ജില്ലാ പഞ്ചായത്ത് പ്ലാന്‍ ഫണ്ടുകള്‍, എംഎല്‍എ, എംപിയുടെ ആസ്തി വികസന ഫണ്ടുകള്‍ എന്നിവയില്‍ നിന്നും ധനസഹായം ലഭിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് അയിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരന്‍ നായര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *