പോസ്‌റ്റോഫീസിൽ സാമ്പത്തിക ക്രമക്കേട് : ഉദ്യോഗസ്ഥനും, ഏജന്റിനും ആറ് വർഷം കഠിന തടവ്

Pathanamthitta Crime
Print Friendly, PDF & Email

പത്തനംതിട്ട: സാമ്പത്തിക ക്രമക്കേടിന് തപാൽ വകുപ്പ് ഉദ്യോഗസ്ഥയെയും ഏജന്റിനേയും ആറ് വർഷം വരെ കഠിന തടവും പിഴയും ശിക്ഷിച്ചു.
നാഷണൽ സേവിങ്‌സ് ഡെപ്യൂട്ടി ഡയറക്ടറായിരുന്ന എം സി ശാന്തകുമാരി അമ്മ, കോന്നി പോസ്‌റ്റോഫീസിലെ സ്റ്റാൻഡേർഡെസ് ഏജന്റ് സിസ്റ്റത്തിലെ ഏജന്റായിരുന്ന സി കെ മുരളീധരൻ എന്നിവരെയാണ് സാമ്പത്തിക ക്രമക്കേട് നടത്തിയതിന് തിരുവനന്തപുരം വിജിലൻസ് കോടതി കഠിന തടവിനും പിഴ ഒടുക്കുന്നതിനും ശിക്ഷ വിധിച്ചത്.

2005-06 കാലഘട്ടത്തിൽ കോന്നി പോസ്‌റ്റോഫീസിൽ എസ് എ എസ് (സ്റ്റാൻഡേർഡെസ് ഏജന്റ് സിസ്റ്റം) ഏജന്റായി പ്രവർത്തിച്ചു വന്ന സി കെ മുരളീധരൻ, പത്തനംതിട്ട ഡെപ്യൂട്ടി ഡയറക്ടർ നാഷണൽ സേവിങ്‌സ് എം സി ശാന്തകുമാരി അമ്മ എന്നിവർ ചേർന്ന് ഡെപ്പോസിറ്റ് തുക അധികമായി കാണിച്ച് 9,400 രൂപ വെട്ടിപ്പ് നടത്തിയ കേസ്സിലാണ് കോടതി നടപടി. ഒന്നാം പ്രതിയായ സി കെ മുരളീധരന് വിവിധ വകുപ്പുകളിലായി അഞ്ചു കഠിവർഷം തടവും 20000 പിഴയും രണ്ടാം പ്രതിയായ എം സി ശാന്തകുമാരി അമ്മയ്ക്ക് വിവിധ വകുപ്പുകളിലായി ആറ് വർഷം കഠിനതടവും 30,000 രൂപ പിഴയുമാണ് കോടതി വിധിച്ചിട്ടുള്ളത്. പത്തനംതിട്ട വിജിലൻസ് യൂണിറ്റ് ഡി വൈ എസ് പി ആയിരുന്ന വി അജിത് രജിസ്റ്റർ ചെയ്ത കേസ്സിൽ ഡി വൈ എസ് പി മാരായിരുന്ന പി ഡി രാധാകൃഷ്ണപിള്ള, സജി എന്നിവർ അന്വേഷണം നടത്തുകയും ഡി വൈ എസ് പി ചാർജ്ജ് വഹിച്ചിരുന്ന റെജി എബ്രഹാം കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് വിധി ന്യായത്തിൽ പറയുന്നു. പ്രോസിക്യൂഷന് വേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ വീണാ സതീശൻ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *