കണ്ടക്ടറില്ലാ പരീക്ഷണം പാളി : പമ്പ – നിലയ്ക്കൽ റൂട്ടിൽ കെഎസ്ആർടിസി ഓടുന്നത് കണ്ടക്ടറുമായി തന്നെ

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: കൂടുതൽ വരുമാനം നേടാൻ തുടർന്ന് ഇക്കുറി പമ്പ – നിലയ്ക്കൽ റൂട്ടിൽ കണ്ടക്ടറില്ലാ സർവ്വീസ് പരീക്ഷിച്ചപ്പോൾ തന്നെ അവസാനിപ്പിച്ച് കെഎസ്ആർടിസി. ഗൾഫ് രാജ്യങ്ങളിൽ അടക്കം ബസുകളിൽ കണ്ടക്റ്റർ ഇല്ലാതെയാണ് ഓടുന്നത്. പൈസക്ക് പകരം സ്വാപ്പിങ് കാർഡ് വെച്ച് ആണ് അവിടെ അത് സാദ്ധ്യമാകുന്നത്.

പമ്പ, നിലയ്ക്ക്ൽ ചെയിൻ സർവ്വീസ് ബസുകളിൽ ആദ്യം ടിക്കറ്റ് വാങ്ങിയ ശേഷം യാത്രക്കാരെ കയറ്റി വിടുന്നതായിരുന്നു കഴിഞ്ഞ തീർഥാടന കാലം വരെയുള്ള രീതി. പമ്പയിൽ നിന്ന് വിട്ടാൽ നിലയ്ക്കലും തിരികെ നിലയ്ക്കലിൽ നിന്ന് വിട്ടാൽ പമ്പയും മാത്രമാണ് സ്‌റ്റോപ്പുള്ളതെന്നതിനാൽ കണ്ടക്ടറെ ഒഴിവാക്കി ലാഭം കൂട്ടാനാണ് കെഎസ്ആർടിസി ശ്രമിച്ചത്. ഒരിടത്ത് നിന്ന് പുറപ്പട്ട്, ഇടയ്ക്ക് സ്‌റ്റോപ്പൊന്നുമില്ലാത്തിടത്ത് എന്തിനാണ് കണ്ടക്ടർ എന്നതായിരുന്നു കെഎസ്ആർടിസി അധികൃതരുടെ ചോദ്യം.

തീർഥാടകർ ബസ് പുറപ്പെടുന്ന സ്ഥലങ്ങളിൽ നിന്ന് ടിക്കറ്റെടുത്ത് കയറണം. ടിക്കറ്റെടുക്കാത്തവരെ പിടികൂടാൻ ചെക്കിങ് ഇൻസ്‌പെക്ടർമാരെയും നിയോഗിച്ചിരുന്നു. എന്നാൽ, തിരക്കേറയുള്ള സന്ദർഭങ്ങളിൽ ഈ പരീക്ഷണം പാളി. ടിക്കറ്റെടുക്കുന്നവരെക്കാൾ കൂടുതൽ ടിക്കറ്റില്ലാത്തവർ യാത്ര ചെയ്യുന്ന അവസ്ഥയുണ്ടായി. 50 പേരെ ഉൾക്കൊള്ളാവുന്ന ബസുകളിൽ ഇരട്ടയിലധികം തീർഥാടകർ കയറിപ്പറ്റാൻ തുടങ്ങി. ഇങ്ങനെയുള്ള സാഹചര്യങ്ങളിലാണ് ടിക്കറ്റെടുക്കാത്തവരുടെ എണ്ണം കൂടുതലായത്. ചെക്കിങ് ഇൻസ്‌പെക്ടർമാർക്ക് ബസിന്റെ ഫുട്‌ബോർഡിലേക്ക് പോലും അടുക്കാൻ പറ്റാത്ത സാഹചര്യമായി.

നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കും തിരിച്ചുമുള്ള കെഎസ്ആർടിസി ചെയിൻ സർവീസിന്റെ സാഹസിക യാത്ര ശ്രദ്ധയിൽപ്പെട്ട ഹൈക്കോടതി മാടുകളെപ്പോലെ തീർഥാടകരെ കുത്തിനിറച്ചു കൊണ്ടു പോകുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു. ഇതോടെയാണ് ഇക്കുറി പമ്പനിലയ്ക്കൽ ചെയിൻ സർവീസുകളിൽ കണ്ടക്ടർമാരെ നിയോഗിച്ചത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ കോർപ്പറേഷൻ എടുത്ത തീരുമാനമാണിതെന്ന് പമ്പ കെഎസ്ആർടിസി സ്‌പെഷൽ ഓഫീസർ സുനിൽകുമാർ പറഞ്ഞു. കണ്ടക്ടർമാർ എല്ലാ ബസുകളിലും ഉണ്ടാകും. ഇതിന് പുറമേ ചെക്കിങ് ഇൻസ്‌പെക്ടർമാർ എല്ലാ സർവീസുകളും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച് തീർഥാടകർക്ക് സുഗമമായ യാത്ര ഉറപ്പാക്കാൻ വിപുലമായ സൗകര്യങ്ങൾ കെഎസ്ആർടിസി സജ്ജമാക്കിയിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ലക്ഷക്കണക്കിന് തീർഥാടകർക്കായി പമ്പ, നിലയ്ക്കൽ ബസ് സ്‌റ്റേഷനുകൾ കേന്ദ്രീകരിച്ച് ചെയിൻ സർവീസുകളും ചാർട്ടേർഡ് സർവീസുകളും അടക്കമുള്ള ക്രമീകരണങ്ങളാണ് കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്.

പമ്പയിൽ നിന്നും നിലയ്ക്കലിലേക്ക് ഇടമുറിയാതെ ചെയിൻ സർവീസുകൾ ലഭ്യമാണ്. ഇവയ്ക്കുള്ള ടിക്കറ്റുകൾ ബസിൽ തന്നെ ലഭിക്കും. ത്രിവേണി ജങ്ഷനിൽ നിന്നും ചെയിൻ സർവീസുകൾ നടത്തും. പമ്പ ബസ് സ്‌റ്റേഷനിൽ നിന്നും ചെങ്ങന്നൂർ, തിരുവനന്തപുരം, എറണാകുളം, കുമിളി, കോട്ടയം, കമ്പം, തേനി, പഴനി, തെങ്കാശി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ദീർഘദൂര സർവീസുകൾ ഉണ്ടായിരിക്കും. തീർഥാടകർ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലേക്ക് പ്രത്യേക ചാർട്ടേഡ് ബസുകളും ഗ്രൂപ്പ് ടിക്കറ്റ്, ഓൺലൈൻ ടിക്കറ്റ് സംവിധാനവും ലഭ്യമാണ്. ത്രിവേണി, യു ടേൺ എന്നിവിടങ്ങളിൽ നിന്നും പമ്പ് ബസ് സ്‌റ്റേഷനിലേക്ക് സൗജന്യ സർവീസും കെഎസ്ആർടിസി ക്രമീകരിച്ചിട്ടുണ്ട്.

നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ടുകൾ കേന്ദ്രീകരിച്ച് നിലയ്ക്കൽ ബസ് സ്‌റ്റേഷനിലേക്ക് പത്ത് രൂപാ നിരക്കിൽ ബസ് സർവീസ് ഉണ്ടായിരിക്കും. നിലയ്ക്കൽ നിന്ന് പമ്പയിലേക്കും ഇടമുറിയാതെ ചെയിൻ സർവീസുകൾ ലഭ്യമാണ്. ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിനായി നിലയ്ക്കൽ ത്രിവേണി ജങ്ഷനിൽ നിന്നും നിലയ്ക്കൽ ബസ് സ്‌റ്റേഷനിലേക്കുള്ള റോഡിൽ കെഎസ്ആർടിസി ബസുകൾ മാത്രമാണ് അനുവദിക്കുക. തീർഥാടകരുടെ വാഹനങ്ങൾക്ക് ഈ റോഡിൽ പ്രവേശനം ഇല്ലെന്നും കെഎസ്ആർടിസി സ്‌പെഷ്യൽ ഓഫീസർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *