പത്തനംതിട്ട: കൈപ്പട്ടൂർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് നീതിയുക്തവും ജനാധിപത്യ നടപടിക്രമങ്ങൾ പാലിച്ചും നടക്കുന്നുവെന്ന് ഉറപ്പാക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ഹൈക്കോടതി നിർദേശം.
ബാങ്ക് ഭരണ സമിതിയിലേക്ക് മത്സരിക്കുന്ന യുഡിഎഫ് അംഗങ്ങൾ നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. കൈപ്പട്ടൂർ സെന്റ് ഗ്രീഗോറിയോസ് സീനിയർ സെക്കൻഡറി സ്‌കൂളിൽ ബുധനാഴ്ചയാണ് വോട്ടെടുപ്പ്. വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതു മുതൽ ക്രമക്കേടുകൾ കണ്ട സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചതെന്ന് യുഡിഎഫ് അംഗങ്ങൾ പറഞ്ഞു. പ്രാഥമികമായി പട്ടികയിൽ ഉൾപ്പെട്ടിരുന്ന 859 പേരും മരണപ്പെട്ടവരായിരുന്നു. ഇവരെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട പ്രകാരം അന്തിമപട്ടിക തയാറാക്കി പ്രസിദ്ധീകരിച്ചപ്പോഴും ഇവരിൽ 448 പേർ നിലനിന്നു.
സ്ഥലത്തില്ലാത്തവരും വ്യാജ മേൽവിലാസത്തിലുള്ളവരും പട്ടികയിലുണ്ട്. 13000 പേരുടെ പട്ടികയാണ് ഇപ്പോഴുള്ളത്. ഇതിൽ 6000 പേരിൽകൂടുതൽ യഥാർഥ വോട്ടർമാരായി ഉണ്ടാകാനിടയില്ല.ജില്ലയിൽ സമീപകാലത്തു നടന്ന സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുകളിലെല്ലാം വ്യാപക ക്രമക്കേടും കള്ളവോട്ടുകളും അരങ്ങേറിയിരുന്നു. ഹൈക്കോടതി നിർദേശമുണ്ടായിട്ടുപോലും നീതിയുക്തമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്കു കഴിഞ്ഞില്ലെന്ന് യുഡിഎഫ് ആരോപിച്ചു. ഇത്തരമൊരു സാഹചര്യത്തിൽ കൈപ്പട്ടൂർ ബാങ്കിലും ക്രമക്കേടുകൾക്കുള്ള സാധ്യത മുന്നിൽക്കാണുന്നുണ്ട്. ഹൈക്കോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്കും സഹകരണ സംഘം ഉദ്യോഗസ്ഥർക്കും യുഡിഎഫ് കത്തു നൽകിയിട്ടുണ്ട്.
കോടതി നിർദേശപ്രകാരം മുഴുവൻ സമയവും വോട്ടെടുപ്പ് നടപടികൾ റെക്കോർഡ് ചെയ്യണം. ക്രമസമാധാനം ഉറപ്പാക്കാൻ മുഴുവൻ സമയവും പോലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന പ്രത്യേക നിർദേശം ജില്ലാ പോലീസ് മേധാവിക്കും കോടതി നൽകിയിട്ടുണ്ട്. വോട്ടറെ തിരിച്ചറിയാൻ സഹകരണസംഘം നിയമപ്രകാരം നൽകുന്ന കാർഡ് കൂടാതെ സഹകരണ ചട്ടത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്ന മറ്റേതെങ്കിലും തിരിച്ചറിയൽ രേഖ നിർബന്ധമായിരിക്കുമെന്നും കോടതി നിർദേശമുണ്ട്. കോടതി നിർദേശങ്ങൾ ലംഘിക്കപ്പെട്ടാൽ അതിനെതിരേ നിയമപരമായ മാർഗങ്ങൾ തേടുമെന്നും ഹർജിക്കാർ പറഞ്ഞു.
പ്രഫ. ജി. ജോൺ, സജി കൊട്ടയ്ക്കാട്, കേണൽ ഉണ്ണിക്കൃഷ്ണൻ നായർ, ഏബ്രഹാം എം. ജോർജ്, ജോർജ് വർഗീസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
What do you feel about this post?
Like
Love
Happy
Haha
Sad

