നിലയ്ക്കൽ കേന്ദ്രീകരിച്ച് എല്ലാ സൗകര്യങ്ങളും കൂടിയ ആശുപത്രി നിർമ്മിക്കും :

Uncategorized
Print Friendly, PDF & Email

*ആദിവാസി കുടുംബങ്ങളെ സ്വയം പര്യാപ്തമാക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്‌കരിക്കും
*ശബരിമല തീർഥാടനത്തോടനുബന്ധിച്ചു വിവിധ വകുപ്പുകൾ ഏർപ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങൾ വിലയിരുത്തി.

നിലയ്ക്കൽ കേന്ദ്രീകരിച്ച് എല്ലാ സൗകര്യങ്ങളോടുകൂടിയ ആശുപത്രി നിർമിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. നിലയ്ക്കലിൽ പുതുതായി നിർമിക്കുന്ന ഡോർമെറ്ററികളുടെ ആദ്യഘട്ടനിർമാണത്തിന്റെയും ദേവസ്വം ക്ലോക്ക് റൂമിന്റെയും നവീകരിച്ച നിലയ്ക്കൽ കെ എസ് ആർ ടി സി ബസ് ടെർമിനലിന്റെയും ഉദ്ഘാടനം നിലക്കൽ മഹാദേവ ക്ഷേത്രം ഓഡിറ്റോറിയത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. തദ്ദേശവാസികൾക്ക് ഏറെ പ്രയോജനപ്പെടുന്ന ആശുപത്രി നിർമിക്കുന്നതിന് സ്ഥലം കണ്ടെത്തുന്നതിനു ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും തദ്ദേശസ്ഥാപങ്ങളും ചേർന്ന് പ്രവർത്തിക്കണം.

പൂങ്കാവനത്തിന്റെ 18 മലകളിൽ താമസിക്കുന്ന ആദിവാസി കുടുംബങ്ങളെ സ്വയം പര്യാപ്തമാക്കുകയാണ് ലക്ഷ്യം. വനത്തിന്റെ സംരക്ഷകരായ ഇവർക്ക് താൽക്കാലികമായ സഹായങ്ങൾ ചെയ്യുന്നതിനുപരി ശാശ്വതമായി അവരുടെ നില മെച്ചപ്പെടുത്തണം. ഇതിനായുള്ള പദ്ധതികൾ ആവിഷ്‌കരിക്കും. ശബരിമല തീർഥാടനകാലത്തു ഭക്തർക്ക് താമസിക്കാൻ ഇവരുടെ വീടുകളോട് ചേർന്ന് ഹോംസ്റ്റേ സൗകര്യം ഒരുക്കാൻ സഹായം ചെയ്യും. ഇതിനു വേണ്ട തുക ദേവസ്വം ബോർഡും ട്രൈബൽ വകുപ്പും ചേർന്ന് കണ്ടെത്തും. തദ്ദേശവാസികൾ ശേഖരിക്കുന്ന വനവിഭവങ്ങൾ വിറ്റഴിക്കുന്നതിനുള്ള സൗകര്യവും ഒരുക്കും.

സംസ്ഥാനത്ത് ട്രൈബൽ പ്രദേശങ്ങൾ ഉൾപ്പെടെ 1284 കേന്ദ്രങ്ങളാണ് ഇന്റർനെറ്റ് കണക്ടിവിറ്റി ഇല്ലാതെയിരുന്നത്. ഇതിൽ 1083 പ്രദേശങ്ങളിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ഡിസംബർ 31 നകം എല്ലാ കേന്ദ്രങ്ങളിലും കണക്ടിവിറ്റി ലഭ്യമാക്കുന്നതോടെ ഇന്ത്യയിൽ ട്രൈബൽ പ്രദേശങ്ങളിൽ മുഴുവൻ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കിയ സംസ്ഥാനമെന്ന് അഭിമാനത്തോടെ പറയാൻ നമുക്ക് കഴിയും.
50 ലക്ഷത്തിലധികം ഭക്തർ എത്തിയ കഴിഞ്ഞവർഷത്തെ തീർഥാടനം വിജയകരമായി പൂർത്തിയാക്കി. ഭൗതിക സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തി ഈ വർഷവും സുഗമമായ തീർഥാടനത്തിന് സൗകര്യമൊരുക്കുമെന്നും ഇതിനായി എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
ശബരിമല തീർഥാടനത്തോടനുബന്ധിച്ച് ആദിവാസി വിഭാഗത്തിൽപ്പെട്ട 330 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യകിറ്റും 50 രോഗബാധിതർക്ക് ചികിത്സസഹായവും മന്ത്രി വിതരണം ചെയ്തു.

നിലയ്ക്കൽ ബേസ് ക്യാമ്പിൽ ശബരിമല തീർഥാടനകാലത്ത് ചുമതലപ്പെടുത്തുന്ന പോലീസ്, ഗതാഗത വകുപ്പിലെ ഉദോഗസ്ഥരുടെ താമസസൗകര്യത്തിനായാണ് സംസ്ഥാനസർക്കാരിന്റെ പദ്ധതി വിഹിതത്തിൽ നിന്നും 12.41 കോടി രൂപ ചെലവിട്ട് 4300 സ്‌ക്വയർഫീറ്റ് വീതമുള്ള ഏഴു ഡോർമെറ്ററികളും മെസ് ഹാളും ഓരോ ഡോർമെറ്ററികളോട് അനുബന്ധിച്ച് എട്ടു ശൗചാലയങ്ങളും കുളിമുറികളും 24 യൂറിനറികളും ഉൾപ്പടെ ആധുനികസംവിധാനങ്ങളോട് കൂടിയ കെട്ടിടസമുച്ചയങ്ങൾ നിർമിക്കുന്നത്. ഇതിന്റെ ആദ്യഘട്ടം പൂർത്തിയായി. കേന്ദ്രസ്വദേശി ദർശൻ പദ്ധതി പ്രകാരം അനുവദിച്ച 1.16 കോടി രൂപ വിനിയോഗിച്ചാണ് 3712 സ്‌ക്വയർ ഫീറ്റിൽ ഭകതജങ്ങൾക്ക് വിരിവെയ്ക്കുന്നതും സാധാനസാമഗ്രികൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുമാണ് ക്ലോക്ക് റൂം നിർമിച്ചത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് തനത് ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ ചെലവഴിച്ചാണ് 18000 സ്‌ക്വയർഫീറ്റ് വിസ്തൃതിയിൽ നിലയ്ക്കൽ കെ എസ് ആർ ടി സി ബസ് ടെർമിനൽ നവീകരിച്ചത്.
ചടങ്ങിനുശേഷം മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗത്തിൽ ശബരിമല തീർഥാടനത്തോടനുബന്ധിച്ചു വിവിധ വകുപ്പുകൾ ഏർപ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങൾ വിലയിരുത്തി.

അഡ്വ പ്രമോദ് നാരായൺ എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ. ജനീഷ് കുമാർ എം എൽ എ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ, ജില്ലാ കളക്ടർ എ ഷിബു, ഡി ഐ ജി ആർ നിശാന്തിനി, ജില്ലാ പോലീസ് മേധാവി വി അജിത്ത്, റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനൻ, ദേവസ്വം ബോർഡ് ഭാരവാഹികൾ, വിവിധ വകുപ്പു ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
(പിഎൻപി 3605/23)

Leave a Reply

Your email address will not be published. Required fields are marked *