നിലയ്ക്കൽ – എക്യുമിനിക്കൽ ദേവാലയത്തിൽ നിന്നും നിലയ്ക്കൽ പരുമല തീർഥാടക സംഘത്തിന്റെ പദയാത്ര പുറപ്പെട്ടു. പ്രസിഡന്റ് ഫാ: സിജു വർഗീസിന്റെ വി. കുർബ്ബാനയോടു കൂടിയാണ് പദയാത്ര ആരംഭിച്ചത്. പൊതുസമ്മേളനം അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫാ. സിജു വർഗീസ് അധ്യക്ഷത വഹിച്ചു. ഫാ. ബാബു മൈക്കിൾ,ഫാ. എബി വർഗീസ്, ഫാ. ലിജിൻ തോമസ്, ബിജു പടനിലത്ത് എന്നിവർ പ്രസംഗിച്ചു. രാത്രി വടശേരിക്കരയിൽ വിശ്രമിച്ച പദയാത്രാ സംഘം നാളെ പുലർച്ചെ അഞ്ചിന് യാത്ര പുനരാരംഭിക്കും. വൈകിട്ട് ആറിന് പരുമല പള്ളിയിൽ എത്തിച്ചേരും. നിലക്കൽ ഉൾവനത്തിൽ നിന്നും വെട്ടിയെടുത്ത വള്ളിക്കുരിശുമായി പ്രാർഥനക്കും നേർച്ച സമർപ്പണത്തിനുമായി ദേവാലയത്തിലേക്കും കബറിങ്കലേക്കും പദയാത്രികർ പ്രവേശിക്കും.
രണ്ടിന് പരുമല പള്ളിയിലെ പെരുനാൾ കുർബാനയിലും കബറിങ്കൽ ധൂപ പ്രാർഥനയിലും നേർച്ച വിളമ്പിലും തീർത്ഥാടക സംഘം പങ്കെടുക്കും. ആങ്ങമൂഴി സെന്റ് ജോർജ്, നിലക്കൽ സെന്റ് തോമസ്, സീതത്തോട് സെന്റ് ഗ്രീഗോറിയോസ്, വയ്യാറ്റുപുഴ സെന്റ് തോമസ്, ചിറ്റാർ സെന്റ് ജോർജ് വലിയപള്ളി, കുടപ്പന സെന്റ് മേരീസ്, വടശേരിക്കര വി മർത്തമറിയം തീർത്ഥാടനപള്ളി, എന്നീ ദേവാലയങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പദയാത്ര സംഘടിപ്പിച്ചിരിക്കുന്നത്.


