പത്തനംതിട്ട – വിഖ്യാത ചലച്ചിത്രകാരൻ സത്യജിത്ത് റേയുടെ ആദ്യ സിനിമ പഥേർ പാഞ്ചാലിയുടെ എഴുപതാം വാർഷികത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പരിപാടിയുടെ രണ്ടാം ഭാഗം ഇന്നലെ ഉച്ചക്ക് ശേഷം ടൗൺ ഹാളിൽ നടന്നു.. ആദ്യ സിനിമയായ പഥേർ പാഞ്ചാലി കണ്ടതിനു ശേഷം ഉയർന്ന കാണികളുടെ അഭ്യർത്ഥന പ്രകാരമാണ് അപുത്രയത്തിലെ അപരാജിതോ, അപൂർ സൻസാർ എന്നീ സിനിമകളുടെ പ്രദർശനവും, തുടർന്ന് സർഗ്ഗ സംവാദവുമാണ് നടന്നത്.

പത്തനംതിട്ട നഗരസഭയുടെയും, ലൂമിയർ ലീഗ് ഫിലിം സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന പ്രതിമാസ ചലച്ചിത്ര പ്രദർശനത്തിന്റെ ഭാഗമായി നടന്ന പരിപാടി ഹൃദയസ്പർശിയായി. പാഥേർ പാഞ്ചാലിയിലെ ജീവിക്കാൻ പാടുപെടുന്ന കുടുംബത്തിന്റെ ജീവിത കഥയും, അതിലുണ്ടാകുന്ന ദുരന്തങ്ങളും കണ്ടു കണ്ണ് നിറയാത്ത ആരുമുണ്ടായിരുന്നില്ല. കുടുംബത്തിന് ഒരൽപം ആശ്വാസമായിരുന്ന കുടുംബനാഥന്റെ പൂജകൾ ചെയ്തും ഒക്കെ കിട്ടുന്ന തുശ്ചമായ വരുമാനം കൊണ്ട് രണ്ടുകുട്ടികൾ അടങ്ങുന്ന കുടുംബത്തെ പട്ടിണിക്കിടാതെ മുന്നോട്ട് കൊണ്ടുപോകാൻ വീട്ടമ്മ നടത്തുന്ന ശ്രമങ്ങൾ. മഴനഞ്ഞു പനിപിടിക്കുന്ന മൂത്ത പെൺകുട്ടിക്ക് ചികിത്സ പോലും നൽകാനാകാതെ കെട്ടിപ്പിച്ചിച്ചു തണുപ്പകറ്റാൻ പാടുപെടുന്ന ‘അമ്മ. അവസാനം തിരികെവരുന്ന അച്ഛന് മുന്നിൽ മകളുടെ മരണവാർത്ത നിർവ്വികാരയായി അവതരിപ്പിക്കുന്ന ‘അമ്മ. അസുഖ ബാധിതനായി മരണപ്പെടുന്ന ഭർത്താവിന്റെ വിയോഗത്തോടെ എന്തുചെയ്യണമെന്നറിയാതെ ഒറ്റപ്പെട്ടുപോയ ‘അമ്മ. പഥേർ പാഞ്ചാലിയിൽ ഇത്രയൊക്കെ കണ്ടശേഷം തുടർ ചിത്രങ്ങളായ അപരാജിതോ, അപുർ സൻസാർ എന്നീ രണ്ടു ചിത്രങ്ങൾ തുടർച്ചയായി പ്രദർശിപ്പിക്കണം എന്ന ആവിശ്യം ഉയർന്നത് നല്ലതായി. അത്രക്ക് ശ്രദ്ധേയമായിരുന്നു ചിത്രത്തിൻറെ പ്രദർശന ശേഷമുള്ള സർഗ്ഗ സംവാദത്തിൽ ആളുകളുടെ പ്രതികരണങ്ങൾ.

ഇന്നലെ ഉച്ചക്ക് 2 മണിയോടെ തന്നെ അപരാജിതോ എന്ന ചിത്രത്തിൻറെ പ്രദർശനമാരംഭിച്ചു. അപ്പുവിന്റെയും അമ്മയുടെയും തുടർ ജീവിതം ഇങ്ങനെയായി എന്നറിയാനുള്ള ആകാംക്ഷ പലർക്കും. ഒരു സമ്പന്ന വീട്ടിലെ ജോലികൾ ചെയ്തു അപ്പുവിനെ വളർത്തുന്ന ‘അമ്മ. അച്ഛന്റെ ജീവിത മാർഗ്ഗമായിരുന്ന പൊജാകർമ്മങ്ങൾ പഠിപ്പിക്കാൻ ശ്രമിക്കുന്ന ബന്ധുക്കൾ. അകലെ നിന്ന് സ്‌കൂൾ വീക്ഷിക്കുന്ന അപ്പുവിന് സ്‌കൂളിൽ പഠിക്കണമെന്ന മോഹം. എങ്ങനെ അതിനുള്ള പണം കണ്ടെത്തുമെന്നറിയാതെ ‘അമ്മ. വയോധികയായ അമ്മയോട് അപ്പു ഇന്റർമീഡിയറ്റ് പഠിക്കാൻ പട്ടണത്തിലേക്ക് പോകാനുള്ള ആഗ്രഹം പറയുന്നു. മകനെ പിരിയാനുള്ള വിഷമം ഉണ്ടങ്കിലും താൻ അതുവരെ ശേഖരിച്ചു വെച്ചിരുന്ന 30 രൂപാ കൊടുത്ത് ‘അമ്മ അപ്പുവിനെ പഠിക്കാനായി പട്ടണത്തിലേക്ക് വിടുന്നു. പരീക്ഷ ഉള്ളതിനാൽ പഠിക്കാനായി നാട്ടിലേക്ക് വരാതിരുന്ന മകന്റെ ഓർമ്മകൾ അയവിറക്കി അസുഖ ബാധിതയായി കണ്ണുകളിൽ ഇരുട്ടുവന്നു മൂടി ആ ‘അമ്മയും ഈ ലോകത്തോട് യാത്ര പറയുന്നു. ഒറ്റപ്പെടുന്ന അപ്പു. അപരാജിതോ അവിടെയവസാനിക്കുന്നു.
ആദ്യ ചിത്ര പ്രദർശനത്തിന് ശേഷം 15 മിനിറ്റ് നേരം ലഘുഭക്ഷണവും, ചായയും സംഘാടകർ ഒരുക്കിയിരുന്നു. തമ്മിൽ പരിചയം പുതുക്കാനും ഒക്കെയായി എല്ലാവരും ഈ സമയം വിനിയോഗിച്ചു. 4 . 15 നു അടുത്ത ചിത്രമായ അപുർ സൻസാർ ( അപ്പുവിന്റെ ലോകം ) പ്രദർശനമാരംഭിച്ചു.


അമ്മയുടെ മരണശേഷം പൂജാ കർമ്മങ്ങളൊക്കെ ചെയ്തു നാട്ടിൽ കൂടാൻ പറയുന്ന ബന്ധുക്കളുടെ വാക്കുകളെ അവഗണിച്ചു അപ്പു വീണ്ടും നഗരത്തിലേക്ക് തന്നെ പോകുന്നു. ഇന്റർമീഡിയറ്റ് പാസായിട്ടും ഒരു ജോലി എന്നത് അപ്പുവിന് നേടാനാകുന്നില്ല. വാടകക്ക് താമസിക്കുന്ന മുറിയുടെ ജനാലയിൽ കൂടിയുള്ള ഒരു പെൺകുട്ടിയുടെ നോട്ടവും, അപ്പുവിന്റെ ഓടക്കുഴൽ വായനയുമൊക്കെ ആദ്യമായി ചിത്രത്തിൽ സംഗീതത്തിന്റെ അംശങ്ങൾ കടന്നുവരുന്നു. കൂടെ പഠിച്ച ഒരു സുഹൃത്തിന്റെ കൂടെ യാദൃശ്ചികമായി ഒരു കല്ല്യാണം കൂടാൻ ഒരു ഗ്രാമത്തിലേക്ക് അപ്പുവും സുഹൃത്തിന്റെയൊപ്പം പോകുന്നു. ആ വിവാഹത്തിലെ വധുവിനെ അവസാനം അപ്പുവിന് വിവാഹം ചെയ്യേണ്ടിവരുന്നു. ഒരിക്കലും ഓർക്കാതിരുന്ന കാര്യങ്ങളിൽ കൂടിയുള്ള അപ്പുവിന്റെ ജീവിതം ഇതോടെ കൂടുതൽ പ്രതിസന്ധികളിലേക്ക് നീങ്ങുന്നു. ഗർഭിണിയാകുന്ന അപ്പുവിന്റെ ഭാര്യ പ്രസവത്തിനായി ഗ്രാമത്തിലെ വീട്ടിലേക്ക് പോകുന്നു. കുറച്ചു മാസങ്ങൾക്ക് ശേഷം പെട്ടെന്ന് മുറിയുടെ മുന്നിലെത്തിയ ഭാര്യാ സഹോദരൻ പറയുന്നത് പ്രസവത്തോടെ അപ്പുവിന്റെ ഭാര്യ മരിച്ചെന്ന്. ഭാര്യയുടെ സഹോദരനെ അടിച്ച ശേഷം അപ്പു പൂർണമായും ദുഖത്തിലേക്ക്, പിന്നെ എങ്ങോട്ടെന്നില്ലാത്ത യാത്ര. താൻ എഴുതിയ നോവലിന്റെ കയ്യെഴുത്ത് പ്രതിയുമായി. ഇടക്ക് അതും ഉപേക്ഷിച്ചു എങ്ങോട്ടേക്കോ.. അപ്പുവിന്റെ മകനുവേണ്ടി അച്ഛനെ തേടി അയാൾ യാത്ര തുടങ്ങുന്നു. അവസാനം അപ്പു മകനെ കാണാൻ ഗ്രാമത്തിൽ എത്തുന്നു. മകൻ അയാളോട് അടുക്കുന്നില്ല. അവസാനം കൽക്കത്തയിലുള്ള അച്ഛനെ കാണിച്ചുതരാം എന്ന ഒരു കൂട്ടുകാരന്റെ വാഗ്ദാനം സ്വീകരിച്ചു ആ മകൻ അപ്പുവിന്റെ തോളിലേറി യാത്രയാകുന്നു. അതുകണ്ടു കണ്ണുനിറഞ്ഞു തിരികെ മടങ്ങുന്ന ഭാര്യയുടെ അച്ഛൻ. നടന്നകലുന്ന അപ്പുവിന്റെ തോളിലേറി മകന്റെ യാത്ര അവസാന ഫ്രയിം .
നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ടാണ് പലരും സിനിമാ പ്രദർശനം അവസാനിച്ചപ്പോൾ പ്രകാശത്തിലേക്ക് വന്നത്. തുടർന്ന് എംകെ വാസു,
അഡ്വ. ആനി സ്വീറ്റി, വിബി ശ്രീനിവാസൻ, ശുഭ ബി, ലക്ഷ്മൺ പി, ചന്ദ്രമോഹൻ റാന്നി, സിഎസ് കൃഷ്ണകുമാർ, സുഷമ കുമാർ എന്നിവർ അഭിപ്രായങ്ങളുടെ സർഗ്ഗ സംവാദം. ചിത്രത്തിലെ ഓരോ ഫ്രയിമിലും ജീവിതത്തെയും, മരണത്തെയും, വിരഹത്തെയും, പട്ടിണിയേയും, ഒക്കെ കുറിച്ചിടാൻ സംവിധായകൻ വിജയിച്ചു എന്ന് അഭിപ്രായവും. മൂന്നാമത്തെ ചിത്രത്തിലെ ഓടക്കുഴൽ സംഗീതം ഉപയോഗിച്ചിരിക്കുന്നത് പണ്ഡിറ്റ് രവിശങ്കറിന്റെയും, ആർഡി ബർമ്മന്റെയും പാട്ടുകളെന്നും, അവ മൂളി ഓർമ്മപ്പെടുത്തിയുള്ള അഭിപ്രായ പ്രകടനം. മരിക്കാറായ അച്ഛൻ ഗംഗാജലം ആവശ്യപ്പെട്ടത് അനുസരിച്ചു മകൻ അത് ശേഖരിക്കാൻ ഗംഗാ നദിക്കരയിൽ പോകുമ്പോൾ ഒരേ ഫ്രയിമിൽ തന്നെ ജീവൻ നിലനിർത്താൻ വ്യായാമം ചെയ്യുന്ന ഒരാളുടെയും രംഗം സംവിധായകന്റെ കയ്യൊപ്പിനെ കുറിച്ചുള്ള പലരുടെയും പ്രശംസക്ക് വിധേയമായി. ജീവിതത്തെ തന്റെ കവിത ആലപിച്ചുകൊണ്ടുള്ള ചന്ദ്രമോഹൻ റാന്നിയുടെ സിനിമയ്‍ക്കുറിച്ചുള്ള അപഗ്രഥനം. അങ്ങനെ എം.എസ് സുരേഷിന്റെ നന്ദി പ്രകടനത്തോടെ ഹൃദയ സ്പർശിയായ ലൂമിയർ ലീഗ് ഫിലിം സൊസൈറ്റിയുടെയും, പത്തനംതിട്ട നഗരസഭയുടെയും ഒരു പ്രതിമാസ ചലച്ചിത്ര പ്രദർശനത്തിന് സമാപനമായി.



