ജില്ലാ സ്‌റ്റേഡിയം നിർമ്മാണം അടുത്ത മാസം ആരംഭിക്കും : ഉദ്ഘാടനം മുഖ്യമന്ത്രി

Kerala Pathanamthitta

പത്തനംതിട്ട – ജില്ലാ സ്‌റ്റേഡിയം കോംപ്ലക്‌സ് അടുത്ത മാസം നിർമ്മാണം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. ടെണ്ടർ നടപടി പൂർത്തിയായാൽ ഉടൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർമാണോദ്ഘാടനം നിർവ്വഹിക്കുമെന്നും മന്ത്രി പറഞ്ഞു. റഷീദിന്റെ സുഹൃത്തുക്കൾ വാട്‌സാപ്പ് കൂട്ടായ്മയുടെ വാർഷികവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പത്തനംതിട്ട നഗരത്തിന്റെ മുഖഛായ മാറ്റുന്ന പദ്ധതികളാണ് ഇനി വരാൻ പോകുന്നത്. ചുട്ടിപ്പാറയിൽ വീഡിയോ വാൾ സ്ഥാപിക്കാനുള്ള നടപടിയായിട്ടുണ്ട് . ഇത് യാഥാർത്ഥ്യമാകുന്നതോടെ പത്തനംതിട്ട നഗരത്തിലെ സായാഹ്‌നങ്ങൾ മിഴിവേറിയതാകും. നഗരത്തിലെ തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണി ഉടൻ പൂർത്തിയാകും. കുമ്പഴയിലേക്കുള്ള റോഡ് ഉയർത്തി നിർമ്മിക്കും.

ജാതിയും മതവും രാഷ്ട്രീയ വ്യത്യാസവുമില്ലാതെ രണ്ടായിരത്തിലധികം അംഗങ്ങളുമായി പ്രവർത്തിക്കുന്ന റഷീദിന്റെ സുഹൃത്തുക്കൾ വാട്‌സാപ്പ് ഗ്രൂപ്പ് ഇന്നത്തെ സമൂഹത്തിൽ ഒരു അതിശയമാണെന്നും മന്ത്രി പറഞ്ഞു. നാനാജാതി മതസ്ഥർ ഒരേ മനസോടെ ഒരു വാട്‌സാപ്പ് കൂട്ടായ്മയിൽ അണിനിരക്കുന്നത് ഈ രാജ്യത്ത് തന്നെ ഒരു പക്ഷേ ആദ്യമായിരിക്കും. ഗ്രൂപ്പ് അഡ്മിനായിട്ടുള്ള റഷീദ് ആനപ്പാറയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളും മന്ത്രി എടുത്തു പറഞ്ഞു. മുതിർന്ന ഗ്രൂപ്പ് അംഗങ്ങളെയും പരീക്ഷകളിൽ വിജയം നേടിയവരെയും വിവിധ മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ചവരെയും മന്ത്രി ആദരിച്ചു.

സ്വാഗതസംഘം ചെയർമാൻ അഷ്‌റഫ് അലങ്കാർ അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി, മുൻ എം.പി ഫ്രാൻസിസ് ജോർജ്, മുൻ എം.എൽ.എ ശിവദാസൻ നായർ, നഗരസഭ ചെയർമാൻ സക്കീർ ഹുസൈൻ, കൗൺസിലർ അംബികാ വേണു, മുൻ വൈസ് ചെയർമാൻ പി.കെ. ജേക്കബ്, മാധ്യമപ്രവർത്തകരായ എബ്രഹാം തടിയൂർ, ജി. വിശാഖൻ, ബിജു കുര്യൻ, എം. ബിജു മോഹൻ, ശശി നാരായണൻ, വി.എസ്. പ്രസാദ്, മുൻ ജില്ലാ പഞ്ചായത്ത് അംഗം എലിസബത്ത് അബു, ശശികുമാർ തുരുത്തിയിൽ, കെ.ആർ. അശോക് കുമാർ, ജോർജ് വർഗീസ് തെങ്ങുംതറയിൽ, ടി.വി മിത്രൻ എന്നിവർ പ്രസംഗിച്ചു.

സമാപന സമ്മേളനം മുൻ സംസ്ഥാന വിവരാവകാശ കമ്മിഷണർ ജസ്റ്റിസ് പി.എൻ. വിജയകുമാർ ഉദ്ഘാടനം ചെയ്തു. കലാപരിപാടികളിൽ പങ്കെടുത്ത ഗ്രൂപ്പംഗങ്ങൾക്കും കുട്ടികൾക്കും അദ്ദേഹം സമ്മാനദാനവും നടത്തി.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *