തിരുവനന്തപുരം : തുറമുഖ ഉദ്ഘാടന ആഘോഷത്തിന് കോടിക്കണക്കിന് രൂപ പൊടിക്കുന്നതിനെതിരെയാണ് ഫാ. യൂജിൻ പെരേര പ്രതികരിച്ചത്.
സർക്കാർ ശമ്പളം കൊടുക്കാൻ പോലും പൈസ ഇല്ലാതെ സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുന്ന ഈ കാലഘട്ടത്തിൽ കോടിക്കണക്കിന് രൂപ പിടിച്ചുകൊണ്ടു നടത്തുന്ന ഉദ്ഘാടന ആഘോഷം തീർത്തും പ്രഹസനമാണ്. തുറമുഖത്തിന്റെ പണികൾ പൂർത്തിയാകാൻ ഇനിയും മാസങ്ങൾ എടുക്കുമെന്നിരിക്കെ ഇപ്പോൾ നടത്തുന്ന ആഘോഷം പൊതുജനങ്ങളുടെ കണ്ണിൽ പൊടിയിടാനായി മാത്രമാണ്. തുറമുഖത്തിന്റെ ഉദ്ഘാടനം അല്ല ഇപ്പോൾ നടത്തുന്നത് , തുറമുഖ പ്രവർത്തനങ്ങൾക്കായി ചൈനയിൽ നിന്നും ക്രെയിൻ കൊണ്ടുവരുന്ന ഒരു ബാർജ് അടിപ്പിക്കുന്ന ചടങ്ങിലേക്ക് ആണ് സർക്കാർ കോടികൾ ചിലവാക്കി ഉദ്ഘാടനം എന്ന പേരിൽ ആഘോഷം നടത്താൻ ശ്രമിക്കുന്നത്.
മുതലപ്പൊഴിയിൽ മരിച്ച മത്സ്യബന്ധന തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകാൻ ഇതുവരെ കഴിയാത്ത സർക്കാരാണ് ഉദ്ഘാടനത്തിനായി കോടികൾ ചിലവഴിക്കുന്നത്. സ്വീകരണ ചടങ്ങുകളിലേക്ക് ക്രൈസ്തവ മേലദ്ധ്യക്ഷൻമാരുടെ അനുവാദമില്ലാതെ പലരുടെയും പേരുകൾ ഉദ്ഘാടന നോട്ടീസുകളിൽ ചേർത്തു. സർക്കാർ ഇതുവരെ നൽകിയ വാഗ്ദാനങ്ങൾ എല്ലാം തന്നെ പാഴ് വാഗ്ദാനങ്ങൾ മാത്രമായിരിക്കുകയാണ്. പ്രഹസനമായി ഈ ഉദ്ഘാടന ചടങ്ങിൽ ലാത്തിൻ സഭ പ്രതിനിധികൾ പങ്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.


