വീട് നിർമ്മാണത്തിന്റെ മറവിൽ മണ്ണെടുപ്പും പാറ കടത്തും: ഒത്താശ ചെയ്ത് പൊലീസും, റവന്യൂ വകുപ്പും

Crime Pathanamthitta
Print Friendly, PDF & Email

റാന്നി – വീട് നിർമ്മാണത്തിന്റെ മറവിൽ മണ്ണെടുത്തും പാറ പൊട്ടിച്ചും കടത്തുന്ന സംഘങ്ങൾ താലൂക്കിൽ വിഹരിക്കുന്നു. വടശേരിക്കര, പെരുനാട് കേന്ദ്രീകരിച്ചാണ് ഏറെയും ഇത്തരം സംഘങ്ങൾ വിലസുന്നത്. റവന്യൂ, പോലീസ് വകുപ്പുകൾ ഇവർക്ക് ഒത്താശ ചെയ്യുന്നു. വീട് നിർമ്മിക്കാനുള്ള പെർമിറ്റിന്റെ മറവിലാണ് മണ്ണ് നീക്കുന്നത്. ഇങ്ങനെ നീക്കുമ്പോൾ പാറ കണ്ടാൽ അത് അനധികൃതമായി പൊട്ടിച്ച് കടത്തുകയാണ്. മൈനിംഗ് ജിയോളജിയുടെ പാസാണ് ഇക്കൂട്ടരുടെ ഒരു പിടിവള്ളി.

എന്നാൽ, ജിയോളജി വകുപ്പിന് പഞ്ചായത്ത് വകുപ്പിന്റെ ശിപാർശ പ്രകാരം പാസ് വിതരണം ചെയ്യുക മാത്രമാണ് ചുമതല. പഞ്ചായത്തിൽ നിന്നും മരാമത്ത് എൻജിനീയറുടെ ശിപാർശയോടെ സെക്രട്ടറിമാർ നൽകുന്ന അപേക്ഷകൾ തടഞ്ഞു വയ്ക്കാനോ സ്ഥലം പരിശോധിച്ചാൽ തന്നെ പാസ് നൽകാതിരിക്കാനോ കഴിയില്ല. ഈ ആനുകൂല്യം മുതലെടുത്ത് പഞ്ചായത്ത് സെക്രട്ടറിമാരുടെ ഒത്താശയോടെയാണ് ലോഡ് കണക്കിന് മണ്ണ് കടത്തുന്നത്. വടശേരിക്കര, പെരുനാട് പഞ്ചായത്തുകളിൽ മണ്ണ് നീക്കുന്ന സ്ഥലങ്ങളിൽ പാറയും കാണപ്പെടുന്നു. ഇത് പൊട്ടിക്കുന്നതിന് പ്രത്യേകം അനുമതി വേണം. ഈ പാറ സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ച് പൊട്ടിക്കാൻ അനുമതി കൊടുക്കാറില്ല. പകരം, രാസവസ്തുക്കൾ ഒഴിച്ച പാറ പൊട്ടിത്തകരുമ്പോൾ നീക്കുകയാണ് ചെയ്യുന്നത്. ഇവിടെയാകട്ടെ നാട്ടുകാരെ നിയമപരമായ എല്ലാ അനുമതിയും ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് സ്‌ഫോടനം തന്നെയാണ് ഇക്കൂട്ടർ നടത്തുന്നത്.

നിയമപരമായി പൊട്ടിക്കുന്ന മടയിൽ നിന്ന് ലഭിക്കുന്ന പാറയേക്കാൾ വില കുറച്ച് കിട്ടും എന്നതിനാൽ ഇങ്ങനെ നിയമവിരുദ്ധമായി പൊട്ടിക്കുന്നത് വാങ്ങാനും ആൾക്കാരുണ്ട്. ഇങ്ങനെപാറ കടത്തുന്നതിന് പോലീസും റവന്യൂവകുപ്പും ഒത്താശ ചെയ്യുകയാണ്. മണ്ണെടുക്കാനുള്ള സ്ഥലം കണ്ടെത്തുന്നതും അവിടെ ആവശ്യം വേണ്ട അനുമതികൾ സംഘടിപ്പിക്കുന്നതും മണ്ണ്, പാറ മാഫിയകളാണ്. ഇതിനായി ഇവർക്ക് വില്ലേജ്, പഞ്ചായത്ത്, മൈനിങ് ആൻഡ് ജിയോളജി എന്നിവിടങ്ങളിൽ പ്രത്യേക ഇടനിലക്കാരുണ്ട്. 300 ചതുരശ്ര അടി മണ്ണ് മാറ്റുന്നതിന്ന് മാത്രമാണ് പഞ്ചായത്ത് സെക്രട്ടറിക്ക് അനുമതി നൽകാൻ കഴിയുന്നത്. ഇതിന്റെ മറവിൽ പത്തിരട്ടി മണ്ണാണ് എടുത്ത് കടത്തുന്നത്.

റാന്നി, അങ്ങാടി, പഴവങ്ങാടി, വടശേരിക്കര എന്നീ പഞ്ചായത്തുകളിൽ പല സ്ഥലങ്ങളിലും ഇത്തരം മണ്ണ് നീക്കൽ പ്രവർത്തനം നടക്കുന്നുണ്ട്. തിരുവാഭരണ പാതയിൽ പള്ളിക്കമുരുപ്പിനും പേങ്ങാട്ട് കടവിനും ഇടയിൽ ഇത്തരത്തിൽ അമിത ഭാരം കയറ്റി വരുന്ന ടോറസ് ലോറികൾ കാരണം റോഡ് പൂർണമായും തകർന്ന അവസ്ഥയിലാണ്. റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി പ്രത്യേകം അനുമതി വാങ്ങി നാലരക്കോടി രൂപ മുടക്കി പുനർ നിർമ്മാണം നടത്തിയ റോഡിലാണ് ഈ അവസ്ഥ. ഉദ്ഘാടനം പോലും നടത്തുന്നതിന് മുൻപ് റോഡും തകർന്നു. പോലീസും റവന്യൂ അധികൃതരും ഇക്കാര്യത്തിൽ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ലോക്കൽ പോലീസിനെ ഒഴിവാക്കി എസ്.പിയുടെ സ്‌ക്വാഡ് പരിശോധന നടത്തണമെന്നും നാട്ടുകാർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *