ജീവിക്കാനായുള്ള പോരാട്ടമെന്ന് ബെഞ്ചമിൻ നെതന്യാഹു

World
Print Friendly, PDF & Email
ജറുസലേം - ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന, മനുഷ്യക്കുരുതി നടത്തുന്ന സംഘടനകളായ അഫ്‌ഗാനിസ്ഥാനിലെ ഐഎസ് പോലെയും അൽ-ഖ്വയ്ദ പേലെയുമല്ല അതിലും അതിഭീകര സംഘടനയാണ് ഹമാസ് എന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസ് കിരാതന്മാരെ തുരത്തിയോടിച്ചാൽ മാത്രമാണ് ഇസ്രായേൽ എന്ന രാജ്യത്ത് സമാധാനം ലഭിക്കുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രായേൽ ജനതയുടെ നിലനിൽപ്പിന് വേണ്ടിയുള്ള യുദ്ധമാണ് നടക്കുന്നതെന്നും വിജയം സുനിശ്ചിതമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കടുപ്പമേറിയ ദിനങ്ങളാണ് ഇനിയും വരാനിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുദ്ധത്തിന്റെ മൂന്നാം ദിനത്തിലാണ് നാം. നമ്മൾ നിശ്ചയമായും വിജയിക്കും. തികച്ചും വെറുപ്പുളവാക്കുന്ന ശത്രുവാണ് ഈ യുദ്ധത്തിന് പിന്നിൽ. സ്ത്രീകളെയും പിഞ്ചു കുഞ്ഞുങ്ങളെയും പ്രായമായവരെയും നിഷ്ഠൂരമായി കൊലപ്പെടുത്തുന്നതിൽ ആഹ്ലാദം കണ്ടെത്തുന്ന കാട്ടാളന്മാർ. മാതാപിതാക്കൾ നോക്കി നിൽക്കേ കൊല്ലപ്പെടുന്ന മക്കൾ, നടന്നുപോകുമ്പോൾ പുറകിൽ വെടിയേറ്റ് പിടഞ്ഞ് വീഴുന്ന യുവാക്കൾ അങ്ങനെ നിരവധി മാർഗങ്ങളിലൂടെയാണ് ഹമാസ് സന്തോഷം കണ്ടെത്തുന്നത്. ഇസ്രായേൽ പൗരന്മാർ കൊല ചെയ്യപ്പെട്ട ക്രൂരമായ അവസ്ഥകളെ കുറിച്ച് ലോകത്തോട് വിവരിക്കാൻ കഴിയുന്നില്ലെന്നും നെതന്യാഹു പറഞ്ഞു.

ഹമാസ് എന്താണെന്നും അവരുടെ ക്രൂരതകൾ എന്താണെന്നും ഞങ്ങളെ പോലെ തന്നെ ലോകത്തിനും അറിയാം. ഇസ്ലാമിക് സ്‌റ്റേറ്റ് പോലെ ഭീകരപ്രവർത്തനം നടത്തുന്ന പിശാചുകളാണ് ഹമാസ് എന്നും അദ്ദേഹം പറഞ്ഞു. ലോകം ഐഎസിനെ പരാജയപ്പെടുത്തിയത് പോലെ ഇസ്രായേൽ ഹമാസിനെ പരാജയപ്പെടുത്തും. അപ്രതീക്ഷിതമായി നടത്തിയ ആക്രമണത്തെ ഓർത്ത് ഹമാസ് ഭീകരർ വേദനിക്കും – പ്രധാനമന്ത്രി പറഞ്ഞു.

ഹമാസ് വംശഹത്യ നടത്തുന്ന ഇസ്ലാമിക ഭീകര സംഘടന തന്നെയാണെന്ന് ഐക്യരാഷ്ടസഭയിൽ ഇസ്രായേലിന്റെ സ്ഥിരം പ്രതിനിധി ഗിലാദ് എർദാൻ പറഞ്ഞു. ജൂതരെയും ഇസ്രായേലിനെയും ഉന്മൂലനം ചെയ്യാൻ തുനിഞ്ഞിറങ്ങിയിരിക്കുന്ന ഭീകര സംഘടനയാണെന്നും ചർച്ചകളിൽ അവർ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *