തിരുവല്ല: പ്രണയത്തിൽ നിന്നും പിന്മാറിയതിനുളള പക വീട്ടാൻ യുവതിയുടെ വീട് അടിച്ചു തകർത്ത കേസിൽ കാമുകനായ കാപ്പ കേസ് പ്രതി അടക്കം മൂന്നു പേർ അറസ്റ്റിൽ. നിരണത്ത് നടന്ന സംഭവത്തിൽ പുളിക്കീഴ് പോലീസാണ് പ്രതികളെ പിടികൂടിയത്.
കാപ്പാക്കേസ് പ്രതിയും കാമുകനുമായ ചങ്ങനാശേരി നാലുകോടി കൊല്ലാപുരം ചെമ്മുകത്ത് വീട്ടിൽ പ്രണവ് സുരേഷ് (22), തിരുവല്ല മുത്തൂർ പള്ളിക്കാമറ്റം വീട്ടിൽ ജിതിൻ (22), കുറ്റപ്പുഴ മാടംമുക്ക് ചിറയപറമ്പിൽ വീട്ടിൽ സി. ജിതിൻ (19) എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച രാത്രി 12 മണിയോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം്.
അഞ്ചു വർഷമായി പ്രണവ് യുവതിയുമായി അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രണവിന്റെ ക്രിമിനൽ പശ്ചാത്തലം മനസിലാക്കിയ യുവതി അടുത്തിടെ പ്രണയത്തിൽ നിന്നും പിന്മാറി. തുടർന്ന് പ്രണവിന്റെ ഫോൺ കോൾ എടുക്കാതെ ഇരുന്നതിനെ തുടർന്ന് യുവതിയുടെ നിരണം കൊമ്പങ്കേരിയിലെ വീട്ടിലെത്തിയ മൂന്നംഗസംഘം മരത്തടി ഉപയോഗിച്ച് ജനാലകളും വാതിലും അടക്കം അടിച്ചു തകർക്കുകയായിരുന്നു. മുൻ വാതിൽ തകർത്ത് അകത്തു കയറിയ പ്രതികൾ യുവതിയുടെ സഹോദരൻ അടക്കമുള്ളവർക്ക് നേരെ ആക്രമണം അഴിച്ചുവിട്ടു.
പിന്നീട് സ്ഥലത്തുനിന്നും പോയ പ്രതികൾ അരമണിക്കൂർ കഴിഞ്ഞപ്പോൾ വീണ്ടും വെല്ലുവിളിയുമായി എത്തി. ഈ സമയം സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം മൂവരെയും ബലംപ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു. പിടിയിലായ പ്രണവ് സുരേഷിനും രണ്ടാംപ്രതി ജിതിന് എതിരെ ചങ്ങനാശേരി, മാന്നാർ എന്നീ പോലീസ് സ്‌റ്റേഷൻ പരിധിയിൽ വധശ്രമത്തിനും അടിപിടിക്കും ബൈക്കിൽ എത്തി മാല പൊട്ടിച്ചെടുത്തതിനും കേസുണ്ടെന്ന് പോലീസ് പറഞ്ഞു.
What do you feel about this post?
Like
Love
Happy
Haha
Sad

