ആരോഗ്യമന്ത്രിയുടെ പേരിൽ തട്ടിപ്പ് നടത്തിയ അഖിൽ സജീവ് ഒരു ചെറിയ മീനല്ല

Crime Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പേരിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ വളളിക്കോട്ടുകാരൻ അഖിൽ സജീവ് ചില്ലറക്കാരനല്ല. സിഐടിയു ഓഫീസ് സെക്രട്ടറിയായിരുന്ന അഖിൽ അവിടെ നിന്ന് നേതാക്കളുടെ കള്ളയൊപ്പിട്ട് ലക്ഷങ്ങൾ തട്ടി. മറ്റ് നിരവധി സ്ഥലങ്ങളിലും ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ട്. സിപിഎം ജില്ലാ സെക്രട്ടറിക്ക് ഇയാളെ കുറിച്ച് നിരവധി പരാതികൾ ചെന്നിരുന്നു.

സിഐടിയു. ജില്ലാ കമ്മിറ്റിയുടെ പേരിൽ കേരള ബാങ്കിൽ ഉണ്ടായിരുന്ന 3.60 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ മുൻ ഓഫീസ് സെക്രട്ടറിയായിരുന്ന വള്ളിക്കോട് സ്വദേശി അഖിൽ സജീവിനെതിരെ പത്തനംതിട്ട പൊലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് കേസ് എടുത്തതെങ്കിലും അറസ്റ്റുണ്ടായില്ല. ഇയാൾ ഒളിവിലായിരുന്നതിനാലാണ് അറസ്റ്റ് വൈകുന്നതെന്നാണ്
പൊലീസ് പറയുന്നു.

ജില്ലാ സെക്രട്ടറി, ഖജാൻജി എന്നിവരുടെ വ്യാജ ഒപ്പ് ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. സിഐടിയു. ജില്ലാ സെക്രട്ടറിയായിരുന്ന പി.ജെ അജയകുമാറാണ് പൊലീസിൽ പരാതി നൽകിയത്. സെക്രട്ടറി പി.ജെ അജയകുമാർ, ഖജാൻജി ആർ. സനൽകുമാർ എന്നിവരുടെ വ്യാജ ഒപ്പിട്ട് 2.20 ലക്ഷം രൂപ അഖിൽ പിൻവലിക്കുകയായിരുന്നു. സംസ്ഥാന കമ്മിറ്റിക്ക് കൈമാറാൻ എൽപ്പിച്ച 1,40,000 രൂപയും അഖിൽ തട്ടിയെടുത്തിരുന്നു. പണമിടപാട് നടത്തിയിരുന്ന ചിലർക്ക് പ്രതി അക്കൗണ്ടിന്റെ ചെക്ക് വ്യാജ ഒപ്പിട്ട് നൽകി. ബാങ്കിൽ സമർപ്പിച്ചപ്പോൾ മടങ്ങിയതോടെ ആളുകൾ പരാതിയുമായി എത്തി. വിവരമറിഞ്ഞ നേതാക്കൾ ബാങ്കിൽ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് വെളിപ്പെട്ടത്.

ഇയാളുടെ തട്ടിപ്പിൽ ചില സിപിഎം, സിപിഐ, ബിജെപി നേതാക്കൾക്കും പങ്കുണ്ടെന്നാണ് വിവരം. ഇക്കാര്യം ഇയാൾ തന്നെ പലരോടും പറഞ്ഞിട്ടുണ്ട്. മന്ത്രിയുടെ പേരിൽ തട്ടിപ്പ് നടത്തിയെന്ന വാർത്ത പുറത്തു വന്നതോടെ ഇവരിൽ ചിലർക്ക് അങ്കലാപ്പായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *