പത്തനംതിട്ട: പരസ്പരം കളളവോട്ട് നടത്തി എന്ന ആരോപണ പ്രത്യാരോപണങ്ങൾ നടന്നിട്ടും യുഡിഎഫ് ഭരണം നിലനിർത്തിയ പത്തനംതിട്ട സഹകരണ ബാങ്കിൽ പ്രസിഡന്റായി ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. അനിൽ തോമസ് തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാ കോൺഗ്രസ് കമ്മറ്റിയംഗം എ. ഫറൂഖാണ് വൈസ് പ്രസിഡന്റ്.
കഴിഞ്ഞ ഭരണ സമിതിയിൽ വൈസ് പ്രസിഡന്റായിരുന്ന അനിൽ തോമസ് ഇക്കുറി ജനറൽ മണ്ഡലത്തിൽ നിന്നും ഏറ്റവുധമികം വോട്ട് നേടിയാണ് വിജയിച്ചത്. ഫറൂഖ് രണ്ടാം തവണയാണ് ഡയറക്ടർ ബോർഡ് അംഗമാകുന്നത്. 11 അംഗം ഭരണ സമിതിയിൽ 10 സീറ്റും യുഡിഎഫ് കരസ്ഥമാക്കിയിരുന്നു. സിപിഎമ്മിന്റെ ബാങ്ക് പിടിക്കാനുള്ള നീക്കങ്ങളെ എതിർത്ത് വൻ വിജയമാണ് യുഡിഎഫ് നേടിയത്. ഇന്ന് നടന്ന ബാങ്കിന്റെ പ്രഥമ ഡയറക്ടർ ബോർഡ് യോഗമാണ് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.


