കോഴഞ്ചേരി: ഇലക്ട്രിക്ക് വാഹനങ്ങൾക്കായി വഴിയരുകിലെ പോസ്റ്റുകളിൽ സ്ഥാപിച്ചിട്ടുള്ള ചാർജിംഗ് പോയന്റുകൾ കാടുകയറിത്തുടങ്ങി. കോഴഞ്ചേരി സ്‌റ്റേഡിയത്തിന് സമീപമുള്ള ചാർജിംഗ് പോയിന്റാണ് വള്ളിപടർപ്പുകൾ കയറി കിടക്കുന്നത്. ഇവിടേക്ക് വൈദ്യുതി വാഹനങ്ങൾ എത്താറില്ല. അടുത്ത കാലത്തെങ്ങും ഏതെങ്കിലും വാഹനം ഇവിടെ എത്തി ചാർജ് ചെയ്തതായും ആർക്കും അറിവില്ല. ജില്ലയിൽ ഇത്തരത്തിൽ മുപ്പത് യൂണിറ്റുകളാണ് ആദ്യ ഘട്ടത്തിൽ സ്ഥാപിച്ചത്. വൈദ്യുത വാഹന ഉപയോക്താക്കൾക്ക് ചാർജിംഗ് പോയിന്റുകൾ എങ്ങനെ ഉപയോഗിക്കണം എന്നത് സംബന്ധിച്ച അറിവില്ലായ്മയാണ് ഇതിൽ നിന്ന് അകലാൻ കാരണമെന്നാണ് സൂചന.
ചാർജ് ചെയ്യുന്നതിന് മുമ്പ് മൊബൈൽ ആപ്പ് വഴിയോ ക്യൂ ആർ കോഡ് സ്‌കാൻ ചെയ്‌തോ കെ.എസ്.ഇ.ബിക്ക് പണം അടയ്ക്കണം. പണം ഓൺ ലൈനിൽ ലഭിച്ചാലുടൻ ചാർജ് ചെയ്യാനുള്ള സന്ദേശം ലഭിക്കും. ഇതനുസരിച്ച് അടയ്ക്കുന്ന തുകയുടെ അടിസ്ഥാനത്തിൽ വൈദ്യുതി എടുക്കാം. ഇത് സംബന്ധിച്ച് ഓട്ടോറിക്ഷ ഉടമകൾക്ക് വലിയ ധാരണയില്ല. ഓട്ടം കുറവായതിനാൽ ഇടയ്ക്ക് ചാർജ് ചെയ്യേണ്ടി വരുന്നില്ലെന്ന് ഒരു ഡ്രൈവർ പറഞ്ഞു. ആവശ്യത്തിന് വൈദ്യുതി രാത്രിയിൽ തന്നെ ബാറ്ററിയിൽ സംഭരിക്കും. വൈകിട്ട് വീട്ടിൽ എത്തിയാലും തീരില്ല. പഴയതുപോലെ ഓട്ടം ഉണ്ടായിരുന്നുവെങ്കിൽ തീർച്ചയായും തങ്ങൾക്ക് ഈ പദ്ധതി ഏറെ ഉപകാരപ്രദമാകുമായിരുന്നുവെന്ന് ഓട്ടോ ഡ്രൈവർമാർ പറയുന്നു. ഓരോ നിയമസഭാ മണ്ഡലത്തിലും കുറഞ്ഞത് അഞ്ച് ചാർജിങ് പോയിന്റുകൾ സ്ഥാപിക്കാനാണ് കെ.എസ്.ഇ.ബി ലക്ഷ്യമിട്ടിട്ടുള്ളത്.
ഇതിന്റെ ആദ്യ ഘട്ടം പൂർത്തിയാക്കി പ്രവർത്തനവും തുടങ്ങി. ക്യാമറ, മോഡം, ഇന്റർനെറ്റ് എന്നിവ കൂടി അടങ്ങുന്നതാണ് ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള ചാർജിംഗ് പോയിന്റുകൾ. ധാരാളം ഇലക്ട്രിക് ഓട്ടോറിക്ഷകൾ നിരത്തിൽ വരുമ്പോൾ അവ യഥാസമയം ചാർജു ചെയ്യാൻ സൗകര്യം ലഭിക്കുമോ എന്ന കാര്യത്തിൽ നേരത്തെ ആശങ്ക ഉണ്ടായിരിന്നു. ഇതിനു പരിഹാരം എന്ന നിലയിലാണ് ഈ പദ്ധതി ആവിഷ്‌കരിച്ചത്. ഒരു പ്രാവശ്യം ഫുൾ ചാർജ് ചെയ്താൽ ഓട്ടോറിക്ഷകൾക്ക് 100 കിലോമീറ്റർ വരെ ഓടാൻ കഴിയും. ഇതിനാൽ ഓട്ടോ സ്റ്റാന്റുകൾക്ക് സമീപമാണ് കെ.എസ്.ഇ.ബി ചാർജിങ് പോയിന്റുകൾ സ്ഥാപിച്ചിട്ടുള്ളത്. കാറുകൾക്കും ഇവിടെ ചാർജ് ചെയ്യാം.
ചാർജിംഗ്‌പോയിന്റുകൾ സ്ഥാപിച്ചിട്ടുള്ള വൈദ്യുത പോസ്റ്റുകൾ പച്ചയും മഞ്ഞയും പെയിന്റ് അടിച്ച് മനോഹരമാക്കി. ഇപ്പോൾ ഇവിടേക്ക് അടുക്കാൻ കഴിയാത്ത വിധം കാടാണ്. വാഹനങ്ങൾ അടുപ്പിക്കാനും കഴിയുന്നില്ല. പുതിയ സംവിധാനം ഏറെ പ്രയോജനപ്പെടുത്താനും അതനുസരിച്ച് കൂടുതൽ പോയിന്റുകൾ ആരംഭിക്കാനുമായിരുന്നു പദ്ധതി.
What do you feel about this post?
Like
Love
Happy
Haha
Sad

