പത്തനംതിട്ട: അദ്ധ്യയന വർഷം പകുതിയാകുമ്പോഴും അൺഎക്കണോമിക് വിഭാഗത്തിൽപെട്ട നിരവധി സ്‌കൂളുകളിൽ പ്രഥമാദ്ധ്യാപക തസ്തിക ഒഴിഞ്ഞു കിടക്കുന്നു. പ്രൈമറി വിദ്യാലയങ്ങളിലാണ് ഒഴിവുകളേറെയും. വ്യക്തിഗത മാനേജ്‌മെന്റുകളിലും ചില സർക്കാർ പ്രൈമറി സ്‌കൂളുകളിലുമാണ് ഇനിയും പ്രധാന അദ്ധ്യാപകരെത്താത്തത്. ഇത്തരം സ്‌കൂളുകളിൽ സ്ഥിരം തസ്തികയിൽ അദ്ധ്യാപകരും ഇല്ല. ഇതു കാരണം സ്‌കൂളിന്റെ ചുമതല ഏറ്റെടുക്കാനും ആരുമില്ല. അദ്ധ്യാപക ബാങ്കിൽ നിന്ന് നിയമനം നടത്താൻ സർക്കാർ നിർദേശം ഉണ്ട്. പക്ഷേ, അതിനും ആളില്ല.
സംസ്ഥാനത്ത് പ്രധാനാദ്ധ്യാപകരില്ലാത്ത സ്‌കൂളുകളിൽ സ്ഥിരം അദ്ധ്യാപക തസ്തികകളിലും ആളില്ലായെങ്കിൽ മാനേജർമാർ ആവശ്യപ്പെടുന്ന പക്ഷം പ്രധാനാദ്ധ്യാപകന്റെ ചുമതല വഹിക്കാൻ അദ്ധ്യാപക ബാങ്കിൽ നിന്നും സംരക്ഷിത അദ്ധ്യാപകരെ പുനർവിന്യസിച്ചു നൽകാൻ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് അനുമതി നൽകി പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവായി. നേരത്തെ ഇത്തരത്തിലുള്ള നിയമനം പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് നടത്തിവന്നത്. മതിയായ എണ്ണം കുട്ടികൾ ഇല്ലാത്ത സ്‌കൂളുകളിൽ സ്ഥിരം അദ്ധ്യാപകരും പ്രധാനാദ്ധ്യാപകരും ഇല്ലാത്ത അവസ്ഥ സംജാതമാകുന്ന അവസരത്തിൽ ഇത്തരം സ്‌കൂളുകളുടെ ദൈനംദിന പ്രവർത്തനങ്ങൾ മുടക്കം കൂടാതെ പോകുന്നതിന് ബുദ്ധിമുട്ടുണ്ടാകുന്നതായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഡി.ഡി.ഇമാർക്ക് അധികാരം നൽകി ഉത്തരവായത്.
പല ജില്ലകളിലും അദ്ധ്യാപക ബാങ്ക് പേരിനു മാത്രമാണ്. സംരക്ഷിത അദ്ധ്യാപകർ ഇല്ലാത്തതാണ് പ്രശ്‌നം. നേരത്തെ സംരക്ഷിത അദ്ധ്യാപകരെ ഉൾപ്പെടുത്തി രൂപീകരിച്ച അദ്ധ്യാപക ബാങ്കിലുണ്ടായിരുന്നവർ സ്‌കൂളുകളിലും ബി.ആർ.സികളിലുമായി നിയമനം ലഭിച്ചു പോയിട്ടുണ്ട്. പത്തനംതിട്ടയും കണ്ണൂരും ഉൾപ്പെടെ പല ജില്ലകളിലും അധ്യാപക ബാങ്കുകളിൽ സംരക്ഷിത അദ്ധ്യാപകരില്ലാത്ത സ്ഥിതിയാണ്. പ്രധാനാദ്ധ്യാപക തസ്തികയിലേക്ക് നിയമനം നൽകിയവർ പലരും ചുമതല ഏറ്റെടുക്കാൻ വൈമുഖ്യം കാട്ടുകയുമാണ്. സംസ്ഥാനത്ത് അഞ്ഞൂറോളം അദ്ധ്യാപകർ ഇത്തരത്തിൽ പ്രധാനാദ്ധ്യാപക തസ്തിക വേണ്ടെന്ന് അറിയിച്ചിരുന്നു. പത്തനംതിട്ട ജില്ലയിൽ 25 ലധികം സ്‌കൂളുകളിൽ പ്രധാനാദ്ധ്യാപക തസ്തികയിൽ ആളെത്തിയിട്ടില്ല.
കോർപ്പറേറ്റ് മാനേജ്‌മെന്റുകളും പ്രധാനാദ്ധ്യാപക തസ്തികയിൽ നിയമനത്തിന് ആളെ കിട്ടാതെ ബുദ്ധിമുട്ടുകയാണ്. മതിയായ കുട്ടികളില്ലാത്ത സ്‌കൂളുകളിൽ വർഷങ്ങളായി സ്ഥിരം നിയമനം തടസപ്പെട്ടു കിടക്കുന്നതിനാൽ ഇവിടങ്ങളിൽ പ്രധാനാദ്ധ്യാപക തസ്തികകളിലുണ്ടായിരുന്നവർ വിരമിക്കുകയോ സ്ഥലംമാറുകയോ ചെയ്താൽ പകരം നിയമനത്തിന് ആളെ കിട്ടാത്ത സ്ഥിതിയാണ്. കോർപ്പറേറ്റ് മാനേജ്‌മെന്റുകളിൽപ്പെട്ട പല എയ്ഡഡ് പ്രൈമറി സ്‌കൂളുകളും ഒരു പ്രധാനാദ്ധ്യാപകന് ഒന്നിലധികം സ്‌കൂളുകളുടെ ചുമതല നൽകിയിരിക്കുകയാണ്. സ്ഥിരം തസ്തികയിൽ അദ്ധ്യാപകരില്ലാത്ത ഇത്തരം സ്‌കൂളുകളിൽ പ്രധാനാദ്ധ്യാപകന്റെ ചുമതലയിൽ ഒരാൾ ഉണ്ടെങ്കിൽ അദ്ധ്യാപകരെ താത്കാലികാടിസ്ഥാനത്തിൽ നിയമിച്ചു കൊണ്ട് സ്‌കൂൾ പ്രവർത്തനം മുന്നോട്ടു പോകുകയാണ് രീതി. ഗവൺമെന്റ് മേഖലയിൽ പ്രധാനാദ്ധ്യാപകരില്ലാത്ത സ്‌കൂളുകളിൽ സീനിയർ അദ്ധ്യാപകനു ചുമതല നൽകി മുന്നോട്ടു പോവുകയാണ്. എ.ഇ.ഓമാരുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്‌കൂളുകളുമുണ്ട്.
പ്രഥമാദ്ധ്യാപക തസ്തികയിൽ കഴിഞ്ഞ രണ്ടുവർഷമായി സർക്കാർ മേഖലയിൽ നിയമനം നടത്തിയ രണ്ടായിരത്തോളം അദ്ധ്യാപകരുടെ സേവന വേതന വ്യവസ്ഥകൾ അംഗീകരിച്ചു നൽകിയിട്ടില്ല. കേരളത്തിലെ സർക്കാർ പ്രൈമറി സ്‌കൂളുകളിൽ 2021 മുതൽ പ്രധാനാദ്ധ്യാപകരായി സ്ഥാനക്കയറ്റം ലഭിച്ചവർക്കാണ് തസ്തികയ്ക്ക് അനുസൃതമായ ആനുകൂല്യങ്ങൾ നൽകാത്തത്. ഇവരുടെ ജോലിഭാരം കൂടുകയും ഉത്തരവാദിത്വങ്ങൾ വർധിക്കുകയും ചെയ്തിട്ടും അദ്ധ്യാപക തസ്തികയിലെ ശമ്പളം മാത്രമാണ് നൽകുന്നത്. നിശ്ചിത യോഗ്യതകളോടെ പ്രധാനാദ്ധ്യാപക തസ്തികയിൽ നിയമനം നേടിയിട്ടുള്ളവർക്ക് മൂന്നുമാസത്തിനകം ശമ്പള സ്‌കെയിൽ അനുവദിക്കണമെന്ന് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ജൂൺ 22ന് വിധി പുറപ്പെടുവിച്ചതാണ്. ഇതനുസരിച്ച് സീനിയോറിറ്റി അനുസരിച്ചും നിശ്ചിത യോഗ്യത നേടിയവരുമായ അദ്ധ്യാപകർക്ക് പ്രധാനാദ്ധ്യാപക തസ്തികയിൽ നിയമനം ലഭിച്ചിട്ടുണ്ടെങ്കിൽ മൂന്നുമാസത്തിനകം സ്‌കെയിൽ അനുവദിക്കണമെന്നായിരുന്നു നിർദേശം. എന്നാൽ ഇതേവരെ സർക്കാർ തീരുമാനമുണ്ടായിട്ടില്ല.
ഉത്തരവ് സംബന്ധിച്ച് ധനവകുപ്പ് പഠിച്ചു കൊണ്ടിരിക്കുന്നതായാണ് വിശദീകരണം. സംസ്ഥാനത്തു രണ്ടായിരത്തിലധികം അദ്ധ്യാപകർ ഈ ഗണത്തിൽതന്നെ ഉൾപ്പെടും. സ്‌കൂളുകളിൽ പ്രധാനാദ്ധ്യാപക തസ്തിക ഏറ്റെടുക്കാനാളില്ലാത്ത സ്ഥിതിയാണ്. പ്രൈമറി സ്‌കൂളുകളിലെ പ്രധാനാദ്ധ്യാപക തസ്തികയോടാണ് ആർക്കും താത്പര്യമില്ലാത്തത്. വർദ്ധിച്ച ജോലിഭാരവും അധികബാധ്യതകളുമാണ് പ്രധാന കാരണം. സഹായികൾ പോലുമില്ലാതെയാണ് പ്രൈമറി വിഭാഗത്തിൽ പ്രധാനാദ്ധ്യാപകർ പ്രവർത്തിക്കേണ്ടത്. സ്‌കൂൾ ചുമതല നിർവഹിക്കുന്നതിനൊപ്പം ആഴ്ചയിൽ 35 പീരിയഡ് ക്ലാസെടുക്കുകയും വേണം. മതിയായ കുട്ടികൾ ഇല്ലെന്ന പേരിൽ എയ്ഡഡ് മേഖലയിൽ പലയിടത്തും പ്രധാനാദ്ധ്യാപകൻ മാത്രമായിട്ടാകും സ്‌കൂൾ പ്രവർത്തിക്കുക. ഇത്തരം സ്‌കൂളുകളിൽ താത്കാലികാടിസ്ഥാനത്തിൽ ഒരു തസ്തികയിൽ നിയമനം നടത്തിയാലും മറ്റ് ക്ലാസുകളിലേക്ക് പ്രധാനാദ്ധ്യാപകന്റെ സ്വന്തം ചെലവിൽ അദ്ധ്യാപകരെ നിയമിക്കേണ്ടി വരും.
കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകിയ വകയിലെ ബാധ്യതയാണ് പ്രൈമറി ഹെഡ്മാസ്റ്റർമാർക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്. നിലവിൽ ഉച്ചഭക്ഷണത്തിന് സർക്കാർ അനുവദിച്ചിട്ടുള്ള തുക അപര്യാപ്തമാണെന്ന ആക്ഷേപം നിലനിൽക്കുമ്പോൾ തന്നെ ചെലവായ പണം കൃത്യമായി അനുവദിക്കാതിരിക്കുന്നതും ബാധ്യത കൂടാൻ കാരണമായിട്ടുണ്ട്.
പ്രധാനാദ്ധ്യാപകൻ വിരമിച്ചാൽ സ്‌കൂളും പൂട്ടുമെന്ന സ്ഥിതിയും ജില്ലയിലുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ജില്ലയിൽ ഇത്തരത്തിൽ അടച്ചുപൂട്ടിയ സ്‌കൂളുകളുണ്ട്. വിരലിൽ എണ്ണാവുന്ന കുട്ടികളുമായി ഏകാദ്ധ്യാപക വിദ്യാലയങ്ങളായി പ്രവർത്തിക്കുന്നവയാണിവ. പുതുതായി അഡ്മിഷൻ എടുക്കാതെ നിലവിലെ അദ്ധ്യാപകൻ വിരമിക്കുന്നതുവരെ സ്‌കൂളെന്ന നിലയിലാണ് പോകുന്നത്. ഏറ്റവുമൊടുവിൽ ഇത്തരത്തിൽ അടച്ചുപൂട്ടിയത് തെള്ളിയൂർ സെൻട്രൽ എൽ.പി സ്‌കൂളാണ്. പെരുമ്പെട്ടി എം.ടി.യുപി സ്‌കൂൾ സമാനവിഷയത്തിൽ രണ്ടുവർഷം മുൻപ് അടച്ചു. മതിയായ എണ്ണം കുട്ടികളില്ലെന്ന പേരിൽ സ്‌കൂളുകളിൽ പുതിയ നിയമനങ്ങൾ തടഞ്ഞതിനു പിന്നാലെയാണ് പ്രതിസന്ധി രൂക്ഷമായത്. സ്ഥിരം അദ്ധ്യാപകരെ നിയമിക്കാൻ അനുവാദം ഇല്ലാതായതോടെ സ്‌കൂളുകൾ മുന്നോട്ടു കൊണ്ടുപോകാൻ മാനേജ്‌മെന്റുകളും താത്പര്യം കാട്ടുന്നില്ല. വ്യക്തിഗത മാനേജ്‌മെന്റിനു കീഴിലെ പ്രൈമറി സ്‌കൂളുകളിൽ നല്ലൊരു പങ്കും അടച്ചുപൂട്ടൽ ഘട്ടത്തിലാണ്.


