നരകയാത്രക്ക് സീതത്തോട് – ഗുരുനാഥൻ മണ്ണ് റോഡ്

Pathanamthitta

ചിറ്റാർ: സീതത്തോട്-ഗുരുനാഥൻമണ്ണ് റോഡ് തകർന്ന് യാത്ര ദുഷ്‌കരം. ആയിരത്തോളം കുടുംബങ്ങൾ നരകയാത്ര നടത്തേണ്ട ഗതികേടിലാണ്. അതിശക്തമായ മഴ പെയ്യുന്ന സ്ഥലങ്ങളാണിത്. നേരത്തേ തന്നെ തകർന്നു കിടന്ന റോഡിൽ കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയെ തുടർന്നുണ്ടായ കുത്തൊഴുക്കാണ് സ്ഥിതി കൂടുതൽ ദുരിതത്തിലാക്കിയത്. ഗുരുനാഥൻമണ്ണിലേക്കുള്ള ഏഴു കിലോമീറ്റർ റോഡ് ഭൂരിഭാഗവും തകർന്നു. 9,10 വാർഡുകളിലായി കിടക്കുന്ന ഈ മേഖലയിൽ ആയിരത്തോളം കുടുംബങ്ങളാണ് താമസിക്കുന്നത്.

ഇരുചക്രവാഹനങ്ങൾക്കും ചെറുവാഹനങ്ങൾക്കുമൊന്നും ഇതു വഴി കടന്നുപോകാൻ കഴിയുന്നില്ല. റോഡിന്റെ തകർച്ച മുണ്ടൻ പാറ, ഗുരുനാഥൻ മണ്ണ്, കുന്നം മേഖലയിലെ ജനങ്ങളെയാണ് ബാധിച്ചത്. ഓട്ടോ, ടാക്‌സി വാഹനങ്ങൾ ഈ പ്രദേശത്തേക്കു വരാൻ മടിക്കുന്നതായി നാട്ടുകാർ പറഞ്ഞു. മഴക്കാലത്ത് റോഡിലേക്ക് മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെടുന്നത് പതിവാണ്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ അധികൃതർക്ക് നിരവധി നിവേദനങ്ങൾ നൽകിയിട്ടും നടപടിയുണ്ടായില്ല. റോഡ് വികസനത്തിന് കോടികൾ അനുവദിച്ചതായി നിരവധി തവണ പ്രഖ്യാപനങ്ങൾ നടന്നതാണ്. കഴിഞ്ഞ വർഷത്തെ ബജറ്റിൽ ഈ റോഡിനു തുക അനുവദിച്ചതായാണ് കെ.യു ജനീഷ് കുമാർ എം.എൽ.എ പറഞ്ഞത്.
മഴക്കാലത്ത് ഈ മേഖലകളിളെല്ലാം ഉരുൾപൊട്ടൽ ഉണ്ടാകും. വർഷങ്ങളായി റോഡ് തകർന്ന് കിടക്കുന്നതിനാൽ ഗുരുനാഥൻ മണ്ണ്, കുന്നം മേഖലയിൽ നിന്ന് നിരവധിപേർ താമസം മാറിയിട്ടുണ്ട്. പലതവണ റോഡിലെ കുഴികൾ നാട്ടുകാരുടെ നേതൃത്വത്തിൽ അടച്ചതാണ്. തകർന്ന റോഡിൽ കൂടി വാഹനം ഓടിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് ഡ്രൈവർമാർ പറഞ്ഞു.

ജില്ലാ പഞ്ചായത്തിന്റെ അധീനതയിലെ റോഡ് വർഷങ്ങൾക്കു മുൻപാണ് നന്നാക്കിയത്. ഈ റൂട്ടിലൂടെ രണ്ടു ബസുകൾ സർവീസ് നടത്തുന്നുണ്ട്. റോഡിന്റെ ശോച്യാവസ്ഥ കാരണം സ്‌കൂൾ കുട്ടികൾക്ക് വരാനും പോകാനുമുള്ള സമയത്തു മാത്രമാണ് ഇവർ ഓടുന്നത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *