ന്യൂഡെൽഹി: കേന്ദ്രസർക്കാർ ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചത് മൂലം വമ്പൻ നഷ്ടം നേരിട്ട് വിതരണക്കാർ. ഗോഡൗണിന്റെ ശേഷി, കണക്ഷനുകളുടെ എണ്ണം എന്നിവ വച്ചു കണക്കാക്കുമ്പോൾ ഓരോ ഏജൻസിക്കും ഏറ്റവും കുറഞ്ഞത് ഒരു ലക്ഷം രൂപ വരെ നഷ്ടം സംഭവിച്ചു. അതിനിടെ ഇന്നലെ വാണിജ്യ സിലിണ്ടറിന്റെ വില വീണ്ടും 163 കുറഞ്ഞ് 1565.50 രൂപയിലെത്തി. ഇതും ഏജൻസി ഉടമകളെ ബാധിച്ചു.
ഓരോ ഏജൻസിയും ഗോഡൗണിന്റെ ശേഷിയുടെ 85 ശതമാനം സിലിണ്ടറുകൾ സൂക്ഷിച്ചിരിക്കണമെന്നാണ് ഓയിൽ കമ്പനികൾ നൽകുന്ന നിർദേശം. വില ഒറ്റയടിക്ക് വെട്ടിക്കുറച്ചതിലൂടെ അഡ്വാൻസായി ഗോഡൗണിൽ സൂക്ഷിച്ചിരുന്ന സിലിണ്ടറുകളുടെ എണ്ണം വച്ച് നോക്കുമ്പോൾ ഓരോ ഏജൻസിക്കും ഒരു ലക്ഷം മുതൽ രണ്ടര ലക്ഷം വരെ രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നതെന്ന് എൽ.പി.ജി ഫെഡറേഷൻ പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിക്ക് അയച്ച നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയൊട്ടാകെയുള്ള 25,000 വിതരണക്കാർക്ക് വൻ സാമ്പത്തിക നഷ്ടം നേരിട്ടുവെന്നും നിവേദനത്തിൽ പറയുന്നു.
കഴിഞ്ഞ മൂന്നു വർഷമായി കമ്മിഷൻ വർധിപ്പിക്കുമെന്ന പ്രതീക്ഷയിൽ കഴിയുകയായിരുന്നു വിതരണക്കാർ. ഗോഡൗണിലും വിതരണ വാഹനത്തിലുമുള്ള സിലിണ്ടറുകളെ ബാധിക്കുന്ന വിധം വില വെട്ടിക്കുറച്ചതിലൂടെ വമ്പൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വലിച്ചെറിയപ്പെട്ടു. പാചകവാതക വില കൂടുകയും കുറയുകയും ചെയ്തുന്നതിന് തടയാൻ വില സംരക്ഷണം (പ്രൈസ് പ്രൊട്ടക്ഷൻ) എന്നുള്ളത് വിതരണക്കാരുടെ ഏറെ നാളായുള്ള ആവശ്യമായിരുന്നു. അത് പാലിക്കപ്പെട്ടില്ല. ഒറ്റയടിക്ക് 200 രൂപ വെട്ടിക്കുറച്ചതിലൂടെ തങ്ങൾക്ക് നഷ്ടമായ തുക മടക്കി നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നു വർഷമായുള്ള കമ്മിഷൻ കുടിശിക എത്രയും വേഗം നൽകണമെന്നും വിതരണക്കാർ ആവശ്യപ്പെടുന്നു.
അതേ സമയം, ഓരോ തവണയും സിലിണ്ടർ വില വർധിച്ചപ്പോൾ നിങ്ങൾക്ക് നേട്ടമുണ്ടായില്ലേ അതിനാൽ ഇക്കുറിയുള്ള നഷ്ടം സഹിക്കണമെന്നാണ് ഓയിൽ കമ്പനികളുടെ നിലപാടെന്ന് വിതരണക്കാരുടെ സംഘടനകൾ പറയുന്നു.
200 രൂപ സബ്‌സിഡി നൽകുകയായിരുന്നുവെങ്കിൽ തങ്ങൾക്ക് അത് ആശ്വാസമാകുമായിരുന്നുവെന്നാണ് വിതരണക്കാർ പറയുന്നത്. ബാങ്ക് മുഖേനെ സർക്കാരിൽ നിന്ന് ആ തുക വിതരണം ചെയ്യപ്പെടുമായിരുന്നു. ഇതിപ്പോൾ കൈവശമുള്ള സിലിണ്ടറുകളെ വിലയെ കൂടി ബാധിക്കുന്ന തരത്തിലാണ് വെട്ടിക്കുറവ് പ്രഖ്യാപിച്ചത്. ഇതോടെ ബാധ്യത മുഴുവൻ വിതരണക്കാരുടെ തലയിലായി.
വാഹനങ്ങളുടെ വലിപ്പമനുസരിച്ച് ഒരു ലോഡ് എന്ന് പറയുന്നത് 306 മുതൽ 455 സിലിണ്ടർ വരെയാണ്. 357 സിലിണ്ടറുളള ഒരു ലോഡിന്മേൽ വിതരണക്കാരന് വരുന്ന നഷ്ടം ഏകദേശം 70,000 രൂപയാണ്. ചില വിതരണക്കാർ കൂടുതൽ ലോഡിനായി വില കുറയ്ക്കുന്നതിന്റെ തലേന്ന് പണമടച്ചിരുന്നു. ഇവർക്കുണ്ടായ നഷ്ടം 2.49 ലക്ഷം രൂപയാണ്. രാജ്യമൊട്ടാകെ വിതരണക്കാർക്ക് 500 കോടി രൂപയുടെ ബാധ്യതയാണ് ഉണ്ടായിരിക്കുന്നതെന്ന് ഓൾ ഇന്ത്യ ഹിന്ദുസ്ഥാൻ പെട്രോളിയം ഡിസ്ട്രിബ്യൂഷൻ ഫെഡറേഷൻ ജനറൽ സെക്രട്ടറി പി. ദക്ഷിണാമൂർത്തി പറയുന്നു.
എന്നാൽ, ഓൺലൈൻ വഴി പണമടച്ച് ഗ്യാസ് ബുക്ക് ചെയ്ത ഉപയോക്താക്കൾക്ക് നഷ്ടമില്ല. വില കുറച്ച ദിവസമാണ് സിലിണ്ടർ കിട്ടുന്നതെങ്കിൽ അവർക്ക് 200 രൂപ മടക്കി നൽകുകയും ചെയ്യുന്നുണ്ട്.


