കുമ്പനാട് – കോൺഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ കോയിപ്രം ബ്ലോക്ക് പ്രസിഡന്റായിരുന്ന സുബിൻ നീറുംപ്ലാക്കൽ എന്ന യുവ നേതാവും, ഉമ്മൻചാണ്ടി കുടുംബവുമായി അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്നതുമായ സുബിൻ ഫേസ്ബുക്കിലൂടെയാണ് അച്ചു ഉമ്മനെതിരായ സൈബർ ആക്രമണത്തിനെതിരെ പ്രതികരിച്ചത്. സുബിന്റെ വരികളിങ്ങനെ …
സോഷ്യൽ മീഡിയയിൽ ആളുകളുടെ പ്രായവും ലിംഗവും പരിഗണിക്കാതെ സൈബർ ബുള്ളിങ്ങ് എന്ന വിപത്ത് അപകടകരമായ അവസ്ഥയിൽ എത്തിയിരിക്കുകകയാണ്. നമ്മളുമായി പരിചയമോ ഒരു തരത്തിലും ബന്ധവുമോ ഇല്ലാത്ത ആളുകളെ സൈബർ ഇടങ്ങളിൽ ആക്രമിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നതിൽ മുൻ പന്തിയിൽ നിൽക്കുന്നത് സാക്ഷര കേരളത്തിലെ പ്രബുദ്ധരായ മലയാളികളാണ്. ഇത്തരത്തിൽ മുഖമില്ലാത്ത ആളുകൾ മെഗലോമാനിക്ക് എന്ന മാനസീക അവസ്ഥയിൽ കൂടി കടന്നു പോകുന്നവരാണ്. ഇത്തരക്കാർക്ക് തങ്ങളോ തങ്ങൾക്ക് ഇഷ്ടപ്പെടുന്നവരെയോ മാത്രമേ സ്നേഹിക്കുവാൻ കഴിയുകയുള്ളു, ബാക്കി മേന്മയും മെച്ചവുമുള്ളവരെ ഉൾക്കൊള്ളുവാൻ കഴിയാത്തവരായി സ്വയം ശൂന്യവത്കരിക്കപ്പെടുന്ന അവസ്ഥയിലാക്കപ്പെടുന്നവരാണ്. ഇത്തരക്കാർ തീർത്തും ജനാധിപത്യ വിരുദ്ധരാണ്. ഇത്തരക്കാർ രാജ്യത്തിന് മാത്രമല്ല സ്വന്തം കുടുംബത്തിൽ പോലും പ്രശ്നക്കാരായിരിക്കും. നല്ല കുടുംബം ഇല്ലാതെ നല്ല സമൂഹം സൃഷ്ടിക്കപ്പെടുന്നില്ല എന്നത് ഇവിടെ പ്രസക്തമാണ്. ഈ മുഖം ഇല്ലാത്ത മെഗലോമാനിക്കുകളെ ഇവർ പ്രത്യക്ഷപ്പെടുന്നിടത്ത് വ്യക്തികളായി ഒറ്റപ്പെടുത്തേണ്ടതുണ്ട്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് വിംബിൾഡൺ ഗ്രാൻസ്ലാം മത്സരത്തിനിടെ ലോക വനിത ടെന്നീസ് താരം മരിയ ഷറപോവയോട് സച്ചിൻ ടെണ്ടുൽക്കറെ സംബന്ധിച്ചുള്ള ഒരു ചോദ്യത്തിന് ചോദ്യ കർത്താവിനോട് തെല്ലൊരു ആകാംക്ഷയോടെ ആരാണീ സച്ചിൻ ടെണ്ടുൽക്കറെന്ന് ഷറപോവ ചോദിക്കുകയുണ്ടായി!! അതിന് എതിരെ സോഷ്യൽ മീഡിയകളിലൂടെ വലിയ രീതിയിലുള്ള ആക്ഷേപങ്ങളും തെറിയഭിഷേകവുമാണ് ഷറപോവക്ക് നേരിടേണ്ടി വന്നത്. ഈ അടുത്ത സമയത്ത് എനിക്കും സമാനമായ രീതിയിലുള്ള വലിയ സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു. ഇതിൽ ഏറ്റവും അവസാനത്തെ ഇരയാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സാറിന്റെ മകൾ അച്ചു ഉമ്മൻ. അച്ചു ഉമ്മനെതിരെ സോഷ്യൽ മീഡിയയിൽ അവരുടെ വസ്ത്രത്തെയും വാച്ചിനെയും ചെരുപ്പിനെയും പറ്റി വ്യാജ പ്രചാരണങ്ങളും തരം താണ ആക്ഷേപങ്ങളും ഉയർന്നത് ദൗർഭാഗ്യകരമാണ്. ഉമ്മൻ ചാണ്ടി സാറിന്റെ കുടുംബവുമായും അതുപോലെ അച്ചു ഉമ്മന്റെ ഭർത്താവ് ലിജോയുടെ വീട്ടുകാരുമായും വളരെ അടുത്ത ബന്ധമാണ് എനിക്കുള്ളത്. കുമ്പനാട്ടുള്ള എന്റെ വീടിന് അടുത്താണ് അച്ചു ഉമ്മനെ വിവാഹം കഴിച്ചിരിക്കുന്നത്. ഈ കുടുംബം വർഷങ്ങളായി ഗൾഫിൽ കെമിക്കൽ ട്രേഡിങ് കമ്പനികളുള്ളവരാണ്. ഭർത്താവിന്റെ അച്ഛനാണ് ഈ ബിസിനസ് തുടങ്ങിയത്. അവരുടെ അറബ് രാജ്യങ്ങളിൽ വലിയ ബിസിനസ്സ് സാമ്രാജ്യം പടുത്തുയർത്തിയ ഒരു ശതകോടീശ്വര ബിസിനസ്സ് കുടുംബവുമാണ്. ദുബായിൽ ബാങ്കിൽ ജോലി ചെയ്തു കൊണ്ടിരുന്ന സമയത്താണ് അച്ചു ഉമ്മന്റെ വിവാഹം നടക്കുന്നത്. പിന്നീട് വിവാഹ ശേഷം കണ്ടന്റ് ക്രിയേഷൻ ഒരു പ്രഫഷനായി തിരഞ്ഞെടുത്ത് ഫാഷൻ, യാത്ര, ലൈഫ് സ്റ്റൈൽ, കുടുംബം തുടങ്ങിയ വിഷയങ്ങളിൽ അവർ സൃഷ്ടിച്ച കണ്ടന്റ് മികച്ച അഭിപ്രായം നേടിയിട്ടുള്ളതാണ്. അതുവഴി അനേകം ബ്രാൻഡുകളുമായി സഹകരിക്കാനുള്ള അവസരവും അവർക്ക് വിദേശ രാജ്യങ്ങളിൽ ലഭിച്ചിട്ടുണ്ട്. പിതാവ് ഉമ്മൻ ചാണ്ടിയുടെ പേര് ഉപയോഗിച്ചാണ് അവർ ഈ നേട്ടങ്ങളും സൗഭാഗ്യങ്ങളും സ്വന്തമാക്കിയതെന്ന് പറഞ്ഞാൽ കക്ഷി രാഷ്രീയത്തിന് അതീതമായി ഈ നാട്ടുകാരായ ആളുകൾ ചിരിച്ച് തള്ളുകയുള്ളൂ. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണം അതിന്റെ അവസാന ലാപ്പുകളിലേക്ക് കടക്കുന്ന സമയത്ത് പൊതു സമൂഹം ഇതു പോലെയുള്ള വ്യക്തി ആക്ഷേപങ്ങളെ അതിന്റെതായ ഗൗരവത്തിൽ തള്ളിക്കളഞ്ഞത്. ഭർത്താവിന്റെ കുടുംബത്തിന് കളങ്കം ഉണ്ടാവരുതെന്നും ഈ കമ്പനികളുടെ കാര്യത്തിൽ ഏത് അന്വേഷണവും നടത്താമെന്നും എല്ലാ സ്ത്രീകൾക്കും വേണ്ടിയാണ് കേസ് കൊടുത്തതെന്നുമാണ് അച്ചു ഉമ്മൻ പ്രതികരിച്ചത്. ഇനിയെങ്കിലും ഉമ്മൻ ചാണ്ടിയെ വെറുതെ വിടണം. ഞങ്ങളോ ഉമ്മൻ ചാണ്ടിയുടെ ആത്മാവോ മാപ്പ് തന്നേക്കാം. എന്നാൽ പുതുപ്പള്ളിക്കാർ മാപ്പ് തരില്ല. കാരണം അൻപത്തിമൂന്ന് വർഷത്തിൽ അതികം പുതുപള്ളിക്കാരുടെ വിശ്വാസമാണ് ഉമ്മൻ ചാണ്ടിയെന്ന ജനകീയ നേതാവ്.
സ്നേഹപൂർവ്വം,
സുബിൻ നീറുംപ്ലാക്കൽ
94470 23 400


