പത്തനംതിട്ട: ഇന്ത്യയുടെ ബഹുസാംസ്‌കാരികത പോറലേൽക്കാതെ സംരക്ഷിക്കേണ്ടതുണ്ടെന്ന് ധനകാര്യമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. ജില്ലാ സ്‌റ്റേഡിയത്തിൽ നടന്ന ഭാരതത്തിന്റെ 77 ാമത് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു മന്ത്രി.
രാജ്യം 77-ാം സ്വാതന്ത്ര്യ ദിനമാഘോഷിക്കുന്ന വേളയാണിത്. ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തികളുടെ ആധിപത്യത്തിൽ നിന്നും ഇന്ത്യയെ വിമോചിപ്പിക്കാൻ പ്രയത്‌നിച്ച ധീരരായ പോരാളികളുടെയും അവർ നയിച്ച സമരമുന്നേറ്റങ്ങളുടെയും പ്രോജ്വല സ്മരണ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് കൂടുതൽ നിറം പകരുന്നു. ചരിത്ര സംഭവങ്ങളുടെ യാന്ത്രികമായ അനുസ്മരണമെന്നതിനേക്കാൾ നിലവിലെ ഇന്ത്യൻ സാഹചര്യത്തെ ആഴത്തിലറിയാനുള്ള അവസരം കൂടിയാണിത്.
ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും പ്രാദേശിക സർക്കാരുകളായി മാറുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും അടങ്ങുന്ന ഒരു ഫെഡറൽ ജനാധിപത്യ വ്യവസ്ഥയായി ഇന്ത്യ നിലകൊള്ളണമെന്നായിരുന്നു സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ പ്രധാന ലക്ഷ്യം. അധികാരങ്ങൾ കേന്ദ്രവും സംസ്ഥാനങ്ങളുമായി പങ്കിട്ടെടുക്കുകയായിരുന്നു. സംസ്ഥാനങ്ങളുടെ വളർച്ചയ്ക്കാവശ്യമായ സമ്പത്ത് കേന്ദ്രം നൽകുന്നത് ഒരിക്കലും ഔദാര്യമല്ല. മറിച്ചു അതാത് സംസ്ഥാനങ്ങളുടെ അവകാശമാണ്.
നികുതി വിഹിതമായും പദ്ധതി വിഹിതമായും കടമെടുപ്പ് പരിധി നിശ്ചയിച്ചുമാണ് ഈ മുതൽ നൽകേണ്ടത്. അതോടൊപ്പം സംസ്ഥാനങ്ങൾക്ക് സ്വതന്ത്രമായി നികുതി പിരിക്കാനുമുള്ള സംവിധാനങ്ങളുമുണ്ടായിരുന്നു. എന്നാൽ ജിഎസ്ടിയുടെ വരവോടെ സംസ്ഥാനങ്ങൾക്കുള്ള സ്വതന്ത്ര നികുതിയാവകാശങ്ങൾ ഇല്ലാതായി. അതോടൊപ്പം സംസ്ഥാനങ്ങൾക്കവകാശപ്പെട്ട നികുതി വിഹിതവും പദ്ധതി വിഹിതവും പിടിച്ചുവെക്കപ്പെടുന്നു. സ്വതന്ത്രമായി മൂലധനം സമാഹരിക്കാനുള്ള ശ്രമങ്ങൾക്കും തടയിടുന്നു. സംസ്ഥാനത്തിന്റെ വികസന ആവശ്യങ്ങൾക്കുള്ള സമ്പത്ത് ലഭിക്കുമ്പോൾ മാത്രമേ ഇതിന്റെ നേട്ടങ്ങൾ ജനങ്ങളിൽ എത്തിച്ചേരൂ. നമ്മുടെ ഭരണഘടനയിൽ വിഭാവനം ചെയ്യുന്ന ഫെഡറലിസം ഇങ്ങനെയാണ് യാഥാർത്ഥ്യമാകേണ്ടത്.
സംസ്ഥാനങ്ങളോടൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ശക്തിപ്പെടേണ്ടതുണ്ട്. അധികാര വികേന്ദ്രീകരണം യാഥാർത്ഥ്യമാക്കാൻ വിവിധ പരിപാടികൾ കേരള സർക്കാർ നടപ്പിലാക്കി വരികയാണ്. തദ്ദേശ സ്ഥാപനങ്ങളും പ്രാദേശിക കൂട്ടായ്മകളും, സഹകരണ സ്ഥാപനങ്ങളും, കുടുംബശ്രീ പോലുള്ള സംഘടിത പ്രസ്ഥാനങ്ങളും അടങ്ങുന്ന ശക്തമായ ശൃംഖലയാണ് സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ താഴേ തട്ടിലേക്കെത്തിക്കുന്നത്. ഈ ഇടപെടലുകൾ ഇന്ത്യൻ ഫെഡറൽ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ്.
വൻകിട സ്വകാര്യ നിക്ഷേപങ്ങളെയും വിദേശ മൂലധന നിക്ഷേപത്തെയും പ്രോത്സാഹിപ്പിക്കുന്ന നവലിബറൽ സാമ്പത്തിക നയങ്ങൾ കാരണം രാജ്യത്ത് ജനജീവിതം കൂടുതൽ ദുസഹമായിരിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കുകയാണ്. ജനക്ഷേമത്തിനായുള്ള പദ്ധതികളും പിന്തുണാസംവിധാനങ്ങളും എടുത്തുകളയുന്നു. തൊഴിലില്ലായ്മയും പട്ടിണിയും വിലക്കയറ്റവും ജനങ്ങളെ കൂടുതൽ ദുരിതങ്ങളിലേക്ക് തള്ളി വിടുകയാണ്. ജനങ്ങൾ നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടേണ്ടതുണ്ട്. ഇതിനായുള്ള നിരവധി ഇടപെടലുകളാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. 60 ലക്ഷത്തിലധികം ആളുകൾക്ക് പ്രതിമാസം 1600 രൂപ നിരക്കിൽ ക്ഷേമ പെൻഷൻ സർക്കാർ നൽകി വരുന്നു.
സംസ്ഥാനത്തെ അതിദരിദ്രരായ 64,000 കുടുംബങ്ങളെ കണ്ടെത്തി അവർക്കായി പ്രത്യേക പദ്ധതികൾ വിഭാവനം ചെയ്തു. കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതിയടക്കമുള്ളവയിലൂടെ സംസ്ഥാനത്തെ ദശലക്ഷ ക്കണക്കിന് കുടുംബങ്ങൾക്ക് ആയിരക്കണക്കിന് കോടി രൂപയുടെ ചികിത്സാസഹായം നൽകുന്നു. സമാനതകളില്ലാത്ത ക്ഷേമപ്രവർത്തനങ്ങൾക്കൊപ്പം കേരളത്തിന്റെ ഭാവി മുന്നിൽ കണ്ടുകൊണ്ടുള്ള വികസന പ്രവർത്തനങ്ങൾക്കും സർക്കാർ നേതൃത്വം നൽകുകയാണ്.
കേരളത്തിന്റെ മാറ്റങ്ങൾ സസൂക്ഷ്മം മനസിലാക്കിയും ലോകത്തെ മാറ്റങ്ങൾ സംസ്ഥാനത്തിന് ഗുണപ്രദമാകുംവിധം സ്വീകരിച്ചും നാം മുന്നോട്ടുപോകുകയാണ്. ഉയർന്ന ജീവിത നിലവാരമുള്ള കേരളത്തെ മധ്യവരുമാന വികസിത രാഷ്ട്രങ്ങളുടെ നിലയിലേക്ക് ഉയർത്തേണ്ടതുണ്ട്. ഇതോടൊപ്പം ശാസ്ത്ര സാങ്കേതിക രംഗത്തെ വികസിപ്പിച്ച് ഉത്പാദനവും ഉത്പാദനക്ഷമതയും വർധിപ്പിക്കുകയെന്ന കാഴ്ചപ്പാടാണ് സർക്കാരിനുള്ളത്. ഇതുവഴി ഒരു വിജ്ഞാന സമ്പദ്വ്യവസ്ഥയായി കേരളത്തെ മാറ്റിത്തീർക്കണം. കേരളത്തിലെ യുവതലമുറയെ ഏത് തൊഴിലും ചെയ്യാൻ പര്യാപ്തമാക്കും വിധം ഉന്നതവിദ്യാഭ്യാസ മേഖലയിൽ വലിയ പദ്ധതികൾ നടപ്പിൽ വരികയാണ്. സ്‌കിൽപാർക്കുകൾ, സയൻസ് പാർക്കുകൾ, പുതിയ ഐ.ടി പാർക്കുകൾ, ഡിജിറ്റൽ സയൻസ് പാർക്ക് തുടങ്ങിയവയെല്ലാം പ്രവർത്തന പഥത്തിലേക്കെത്തുകയാണ്. ഗ്രഫീൻ ഇൻസ്റ്റിറ്റിയൂട്ട്, മൈക്രോബയോം ഗവേഷണ കേന്ദ്രം, ന്യൂട്രാസ്യൂട്ടിക്കൽസ് ഗവേഷണകേന്ദ്രം തുടങ്ങി ഏറ്റവും പുതിയ സാങ്കേതിക മുന്നേറ്റങ്ങളെയും സംസ്ഥാനത്തിന് പ്രയോജനപ്പെടുത്താൻ തക്കവിധമുള്ള സ്ഥാപനങ്ങളും ഗവേഷണകേന്ദ്രങ്ങളും സജ്ജമാകുന്നു.ഏഷ്യയിലെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്ക് കഴിഞ്ഞ മാസം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യപ്പെട്ടു. വലിയ രീതിയിലുള്ള പശ്ചാത്തല സൗകര്യവികസനം കിഫ്ബി മുഖാന്തരമുള്ള പദ്ധതികൾ വഴി നടത്തി വരികയുമാണ്.
എല്ലാവരും സഹോദര്യത്തോടെ ഒത്തൊരുമയോടെ ജീവിക്കുന്നൊരു ഇന്ത്യയെ ആയിരുന്നു സ്വാതന്ത്ര്യ സമര പോരാളികൾ സ്വപ്നം കണ്ടത്. എന്നാൽ വർഗീയ ശക്തികൾ ജനങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുകയാണ്. പൊതുപ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് വർഗീയ ധ്രുവീകരണത്തിന് കോപ്പുകൂട്ടുന്നത്. ഭക്ഷണ ശീലങ്ങളുടെ പേരിൽ പോലും ആളുകൾ കൊല്ലപ്പെടുന്നു. സ്വത്വാടിസ്ഥാനത്തിലുള്ള വ്യത്യസ്തതകളെ അന്ധമായ അപര വിദ്വേഷമായി ആളിക്കത്തിച്ച് കലാപങ്ങൾ അഴിച്ചുവിടുകയാണ്.
സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഭാഗമായി ഉയർന്നു വന്ന നാനാത്വത്തിൽ ഏകത്വമെന്ന നിലപാട് സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം ഇന്ത്യൻ സമൂഹത്തിന്റെ അടിസ്ഥാനപ്രമാണമായി അംഗീകരിക്കപ്പെട്ടു. ഈ ആശയം ഉയർത്തി മുന്നോട്ടുപോകാൻ നമുക്ക് സാധിക്കണം. നമ്മുടെ ഭരണഘടനയുടെ ആധാരശിലയായ ആശയങ്ങളെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ഐതിഹാസികമായ ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തെയും അതിന്റെ മുന്നണിപ്പോരാളികളെയും തമസ്‌കരിക്കുന്നതിന് തുല്യമാണ്. ഈ അവസരത്തിലാണ് 77 ാം സ്വാതന്ത്ര്യ ദിനം നമ്മളാഘോഷിക്കുന്നത്. രാജ്യത്ത് നിലവിലുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരം കാണേണ്ടതുണ്ട്. അതിനായി ഒത്തൊരുമിച്ച് പരിശ്രമിക്കാനുള്ള ഊർജം സ്വാതന്ത്ര്യ ദിനം നമുക്ക് നൽകട്ടെയെന്നും മന്ത്രി പറഞ്ഞു.
അഡ്വ.കെ.യു ജനീഷ്‌കുമാർ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ, ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ, അഡിഷണൽ ജില്ലാ പോലീസ് മേധാവി ആർ. പ്രദീപ്കുമാർ, പത്തനംതിട്ട നഗരസഭാ ചെയർമാൻ അഡ്വ.ടി സക്കീർ ഹുസൈൻ, എഡിഎം ബി.രാധാകൃഷ്ണൻ, ഹുസൂർ ശിരസ്തദാർ ബീന.എം.ഹനീഫ്, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ, നഗരസഭാകൗൺസിലർമാർ, തദ്ദേശസ്വയംഭരണസ്ഥാപന പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


