തിരുവല്ല: ചരിത്ര വസ്തുതകളെയും ശാസ്ത്ര സത്യങ്ങളെയും എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിൽ നിന്നും ഒഴിവാക്കി ശാസ്ത്രവിരുദ്ധ വിദ്യാഭ്യാസം കുട്ടികളിൽ അടിച്ചേൽപ്പിച്ച് രാജ്യത്തെ തകർക്കാനുള്ള നീക്കത്തിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാതല കൺവെൻഷൻ പ്രതിഷേധിച്ചു. പുതിയ വിദ്യാഭ്യാസ നയത്തിലൂടെ വർഗിയവൽക്കരണത്തിന് കേന്ദ്രസർക്കാർ തിടുക്കം കൂട്ടുകയാണെന്നും കെട്ടുകഥകളെ ശാസ്ത്ര-ചരിത്ര സത്യങ്ങളായി അവതരിപ്പിച്ച് പൊതുവിദ്യാലയങ്ങൾ പൂട്ടിക്കാനുള്ള അപകടകരമായ വിദ്യാഭ്യാസനയത്തിൽ നിന്ന് പിന്തിരിയണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.
തിരുവല്ല ഡയറ്റിൽ നടന്ന കൺവെൻഷൻ പരിഷത്ത് സംസ്ഥാന വിദ്യാഭ്യാസ കൺവീനർ ഡോ.ടി.പി.കലാധരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന നിർവാഹക സമിതിയംഗം ജി.രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. കോഴഞ്ചേരി സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ ഡോ.ജോർജ് കെ.അലക്സ് വിഷയംഅവതരിപ്പിച്ചു. കൺവെൻഷനിൽ ‘ശാസ്ത്രഗതി’ മാസികയുടെ പ്രത്യേക പതിപ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ.ഫ്രാൻസിസ് വി.ആന്റണി പ്രകാശനം ചെയ്തു. പുരോഗമന കലാസാഹിത്യസംഘം ജില്ലാപ്രസിഡന്റ് അഡ്വ.സുധീഷ് വെൺപാല മാസിക ഏറ്റുവാങ്ങി. തുടർന്ന് നടന്ന ശില്പശാലയിൽ ജില്ലാവിദ്യാഭ്യാസസമിതി ചെയർമാൻ ഡോ.അജിത് ആർ.പിള്ള അദ്ധ്യക്ഷത വഹിച്ചു.
പരിഷത്ത് ജില്ലാസെക്രട്ടറി കെ.രമേശ് ചന്ദൻ, ജില്ലാവിദ്യാഭ്യാസ സമിതി കൺവീനർ ഡോ.ആർ.വിജയമോഹനൻ എന്നിവർ വിശദീകരിച്ചു. ഉന്നതവിദ്യാഭ്യാസ വിഷയസമിതി കൺവീനർ പ്രൊഫ.കെ.എസ്.ശ്രീകല, കെ.എസ്.ടി.എ. ജില്ലാഅക്കാദമിക് കമ്മിറ്റി കൺവീനർ എ.കെ.പ്രകാശ്, എ.കെ.എസ്.ടി.യു ജില്ലാവൈസ് പ്രസിഡന്റ് റെജി മലയാലപ്പുഴ,എ.ഇ.ഒ വി.കെ.മിനികുമാരി,ഡയറ്റ് ഫാക്കൽറ്റി ഡോ.ഷീജ, മേഖലാസെക്രട്ടറി ബെന്നി മാത്യു, പ്രസിഡന്റ് അജി തമ്പാൻ, ബാലസംഘം മേഖലാപ്രസിഡന്റ് കുമാരി അലീന അനിൽ എന്നിവർ പങ്കെടുത്തു. പരിഷത്ത് പുറത്തിറക്കിയ ‘നവകേരളവും പൊതുവിദ്യാഭ്യാസവും’ എന്ന പുസ്തകം സംസ്ഥാന നിർവാഹക സമിതിയംഗം ജി.സ്റ്റാലിൻ പ്രകാശനം ചെയ്തു.


