ആലപ്പുഴ – വീടിനു മുന്നിൽ ആകാശത്തു നിന്ന് എന്തോ വീണ വലിയ ശബ്‌ദം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോൾ മുറ്റത്തു തീഗോളം. പിന്നാലെ നോക്കിയപ്പോൾ അവിടെ ചെറിയ കുഴിയും രൂപപ്പെട്ടിരിക്കുന്നു.. വീടിന് മുന്നിൽ വീണത് ഉൽക്കയാണെന്ന സംശയത്തിലാണ് കുടുംബാംഗങ്ങളും നാട്ടുകാരും.
അമ്പലപ്പുഴ പുറക്കാട് പഞ്ചായത്ത് അഞ്ചാം വാർഡ് പഴയങ്ങാടി കിഴക്ക് ശാരദാലയത്തിൽ രാജേഷ് ബാബുവിന്റെ വീടിന് മുന്നിലാണു കഴിഞ്ഞ രാത്രിയിൽ ഉൽക്കയെന്ന് സംശയിക്കുന്ന തീഗോളം കല്ല് വീണത്. രാത്രിയിൽ ഉഗ്രശബ്‌ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോൾ വീടിന് മുന്നിൽ ഗോളാകൃതിയിൽ തീ ആളിക്കത്തുന്നതാണ് കണ്ടത്. 10 മിനിറ്റോളം ഇത് കത്തിയെന്ന് അവർ പറയുന്നു. അൽപ്പ സമയത്തിനു ശേഷം കത്തിയ വസ്‌തു എടുക്കാൻ ചെന്നപ്പോൾ കടുത്ത ചൂട് അനുഭവപ്പെട്ടു. പിന്നീട് ഒരു മണിക്കൂറിന് ശേഷം നോക്കിയപ്പോൾ വലിയ കുഴി രൂപപ്പെട്ടിരിക്കുന്നതും ഇവിടെ വലിയ കരിങ്കൽ കഷണം പകുതി കത്തിയ നിലയിലും കണ്ടെത്തുകയായിരുന്നു. വീടിന് മുന്നിൽ വീണത് ഉൽക്ക തന്നെയാണെന്നാണ് വീട്ടുകാർ സംശയം പ്രകടിപ്പിക്കുന്നത്.


