ഇന്നോവ ലോറിയിലേക്ക് പാഞ്ഞു കയറി ബാലിക മരിച്ചു : കോന്നിയിൽ അപകടത്തിൽപ്പെട്ടത് തമിഴ്‌നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ

Kerala Pathanamthitta
Print Friendly, PDF & Email

കോന്നി: മാമ്മൂട്ടില്‍ ഇന്നോവ കാറും ലോറിയും കൂട്ടിയിടിച്ച് തമിഴ്‌നാട് നിവാസിയായ ബാലിക മരിച്ചു. തെങ്കാശി കടയനല്ലൂര്‍ കാമരാജ് നഗര്‍ വിഘ്‌നേശ സന്ധ്യ(12) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയ്ക്ക് ശേഷമാണ് സംഭവം. തമിഴ്‌നാട് നിവാസികള്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പരുക്കേറ്റ ആദികേശവന്‍ (23), മാരി സെല്‍വന്‍ (39), അന്നലക്ഷ്മി(35),കാര്‍ത്തിക (33), ആദവന്‍ (13), അരീഷ് (ആറ്), മഗീഷ് (എട്ട്), ആരുണ്യ (അഞ്ച്), പെരിയസാമി (46) എന്നിവരെ പരുക്കുകളോടെ എലിയറയ്ക്കല്‍ ബിലീവേഴ്‌സ് മെഡിക്കല്‍ സെന്ററിലും പിന്നീട് അവിടെ നിന്ന് തിരുവല്ല മെഡിക്കല്‍ കോളജിലേക്കും മാറ്റി. ആദികേശവനാണ് കാര്‍ ഓടിച്ചിരുന്നത്. ഇയാള്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ ലോറിയില്‍ ഇടിച്ചായിരുന്നു അപകടം. ഡ്രൈവിങ് സീറ്റില്‍ കുടുങ്ങിപ്പോയ ആദികേശവനെ ഫയര്‍ഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്. വിഘ്‌നേശ സംഭവസ്ഥലത്തു തന്നെ മരിച്ചു. മൃതദേഹം കോന്നി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയിലെ പുനലൂര്‍ മുതല്‍ കുമ്പഴ വരെയുള്ള റോഡില്‍ നിത്യവും വാഹനാപകടം. കൂടല്‍ മുതല്‍ കുമ്പഴ വരെയുള്ള ഭാഗങ്ങളില്‍ അടിക്കടി അപകടം ഉണ്ടാകുമ്പോള്‍ അമിത വേഗത തന്നെയാണ് മിക്ക അപകടങ്ങള്‍ക്കും കാരണം എന്ന് റോഡു നിരത്ത് വിഭാഗം പറയുന്നു.

കൂടല്‍, മുറിഞ്ഞകല്‍, എലിയറയ്ക്കല്‍, മാമ്മൂട്, ഇളകൊള്ളൂര്‍ ഭാഗങ്ങളില്‍ ആണ് മിക്ക ദിനവും അപകടം ഉണ്ടാകുന്നത് . ഈ അപകടങ്ങളില്‍ ഏതാനും ആളുകള്‍ മരണപ്പെടുകയും ചെയ്തു.

നൂറുകണക്കിന് വാഹനങ്ങളാണ് ഈ വഴി പോകുന്നത്. കൊട്ടാരക്കര, അടൂര്‍, തിരുവല്ല എം.സി റോഡ് ഉപേക്ഷിച്ച് പത്തനാപുരം, കോന്നി, റാന്നി, മൂവാറ്റുപുഴ റോഡിലൂടെ ആണ് എറണാകുളം തൃശൂര്‍ അടക്കമുള്ള സ്ഥലങ്ങളിലേക്ക് ആളുകള്‍ കൂടുതലായി പോകുന്നത്. പണി കഴിഞ്ഞതോടെ സുഗമമായ യാത്രയ്ക്ക് വേണ്ടിയാണ് ഈ റോഡ് പലരും തെരഞ്ഞെടുക്കുന്നത്.

വാഹനങ്ങളില്‍ നിന്നും തുള്ളി തുള്ളിയായി വീഴുന്ന ഓയില്‍ മഴയത്ത് വെള്ളവുമായി കൂടിക്കലര്‍ന്നു കിടക്കുന്നതിനാല്‍ വേഗതയില്‍ എത്തുന്ന വാഹനങ്ങള്‍ വളരെ പെട്ടെന്ന് ബ്രേക്ക് അമര്‍ത്തിയാല്‍ നിയന്ത്രണം വിടുന്ന അപകടം ആണ് ഇവിടെ കൂടുതലായി സംഭവിച്ചിരിക്കുന്നത്. റോഡില്‍ കുണ്ടും കുഴിയും ഇല്ലാത്തതിനാല്‍ ഡ്രൈവര്‍ക്ക് ആയാസരഹിതമായി ഓടിക്കാം. ഇത് ഡ്രൈവര്‍ ഉറങ്ങാന്‍ കാരണമാകുന്നു. നിയന്ത്രണം വിടുമ്പോള്‍ ഞെട്ടി ഉണര്‍ന്നു ബ്രേക്കില്‍ പെട്ടെന്ന് കാല്‍ അമര്‍ത്തുമ്പോള്‍ വാഹനം നിയന്ത്രണം വിട്ടു മറിയും. വേഗത കുറച്ചു പോയാല്‍ അപകടം വളരെയേറെ കുറയ്ക്കാന്‍ സാധിക്കും. തേഞ്ഞ് പരുവമായ ടയറുകള്‍ മാറ്റിയാലും അപകടങ്ങളുടെ തോത് കുറയ്ക്കാന്‍ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *