റാന്നി: പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ തോട്ടമൺ കാവു ദേവീ ക്ഷേത്ര ജംഗ്ഷൻ കഴിഞ്ഞുള്ള കൊടും വളവിൽ നിങ്ങളെ കാത്തിരിക്കുന്നത് ഒരു ദുരന്തമാകാം. ഒന്നല്ല, ഓരോ ദിവസവും പല തവണ അപകടങ്ങൾ ആവർത്തിച്ചിട്ടും വലിയ ദുരന്തം വരാൻ കാത്തിരിക്കുകയാണ് അധികൃതർ.
രണ്ടു പതിറ്റാണ്ടിലേറെയായി അപകടം തുടർക്കഥയായ സ്ഥലമാണ് ഇത്. ഏറെക്കുറെ എസ് വളവിനു സമാനമായാണ് റോഡിന്റെ കിടപ്പ്. ക്ഷേത്ര ജംഗ്ഷൻ കഴിഞ്ഞാൽ ട്രഷറിപ്പടി വരെ വളവുകളുടെ പരമ്പരയാണ്. ഇതിൽ ഏറ്റവും അപകടം വരുത്തുന്നത് പഴയ വാട്ടർ അതോറിറ്റി ഓഫിസ് കഴിഞ്ഞുള്ള വലിയ വളവാണ്. റോഡ് വികസനം പൂർത്തിയായപ്പോൾ വളവ് കുറച്ചൊക്കെ നിവർത്തെങ്കിലും നിർമ്മാണത്തിലെ അശാസ്ത്രീയത മൂലം അപകടം വർദ്ധിച്ചു.
ഏറെയും ഇരുചക്ര വാഹനയാത്രക്കാരാണ് ഇവിടെ വീഴുന്നത്. കെ.എസ്.ആർ.ടി.സി. ബസുകൾ അടക്കമുള്ള വലിയ വാഹനങ്ങൾ വളവു തിരിയുമ്പോൾ റോഡിലേക്ക് വീണ് വ്യാപിക്കുന്ന ഇന്ധനമാണ് വില്ലനാകുന്നതെന്നാണ് കണ്ടെത്തൽ. ഒന്നിലധികം ഇരുചക്രവാഹനങ്ങൾ മറിഞ്ഞു കഴിഞ്ഞാൽ സമീപവാസികൾ പ്രതിഷേധവുമായി ഇറങ്ങും. തുടർന്ന് ഫയർഫോഴ്സ് എത്തി റോഡ് കഴുകും. ഇത് സ്ഥിരം ഏർപ്പാടായി മാറിയിരിക്കുന്നു. ബൈക്കിൽ നിന്നു വീഴുന്നവർ മറ്റു വാഹനങ്ങൾക്ക് അടിയിൽ പെട്ട് ജീവഹാനി വരെ ഉണ്ടാകാൻ സാധ്യത ഏറെയാണ്. അതു സംഭവിച്ച ശേഷം പരിഹാരം കാണാൻ കാത്തു നിൽക്കാതെ റോഡിന്റെ അപകടാവസ്ഥ എത്രയും വേഗം പരിഹരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.


