ചെങ്ങന്നൂർ : പിടികിട്ടാ പുള്ളിയായിരുന്ന മോഷണക്കേസിലെ പ്രതിയായ വെണ്മണി വില്ലേജിൽ മൂന്നുമൂലം പറമ്പിൽ വടക്കതിൽ ഫ്രാൻസിസ് മകൻ ഷിജുവിനെ വെൺമണി പോലീസ് അറസ്റ്റ് ചെയ്തു. 2012 ൽ വെൺമണി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യത്തിൽ ഇറങ്ങിയ രണ്ടാംപ്രതി കോടതിയിൽ ഹാജരാകാതെ എറണാകുളം, മണ്ണാർക്കാട്, അഗളി എന്നീ സ്ഥലങ്ങളിൽ ഡ്രൈവറായി ജോലി നോക്കി ഒളിവിൽ താമസിച്ചു വരികയായിരുന്നു. വളരെ നാളുകളായി ജാമ്യത്തിൽ ഇറങ്ങിയ പ്രതി കോടതിയിൽ ഹാജരാകാത്തതിനാൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഏറെനാളത്തെ പരിശ്രമത്തിനൊടുവിൽ ആണ് പാലക്കാട് ജില്ലയിലെ അട്ടപ്പാടിക്കടുത്ത് പാക്കുളം എന്ന സ്ഥലത്ത് ഒസസ്തിയൂർ എന്ന ആദിവാസി ഊരിനു സമീപം ഉള്ള പ്രതിയുടെ ഒളി സങ്കേതത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്.
ചെങ്ങന്നൂർ ഡി.വൈ.എസ്.പി. ബിനു കുമാറിന്റെ നേതൃത്വത്തിൽ വെൺമണി എസ്. എച്ച്. ഒ. അഭിലാഷ്. എം. സി, എസ്.ഐ. സുബാഷ് ബാബു സി.പി.ഒ. മാരായ സുധീപ്, ഷിഹാബ് സലാം, അനസ്ഖാൻ എന്നിവരുൾപ്പെട്ട സ്പെഷ്യൽ സ്ക്വാഡ് ആണ് ഇന്നലെ പാലക്കാട് ജില്ലയിലെ പാക്കുളത്ത് നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
What do you feel about this post?
Like
Love
Happy
Haha
Sad

