ഹൈക്കോടതി ഉത്തരവിന്റെ മറവിൽ വെൺമണി ചാങ്ങമലയിൽ മണ്ണുകടത്ത് ; തടഞ്ഞ സിപിഎം പ്രവർത്തകർക്ക് നേരെ പോലീസ് അതിക്രമം

Alappuzha Kerala
Print Friendly, PDF & Email

ചെങ്ങന്നൂർ –  വെൺമണി ചാങ്ങമലയിൽ ഹൈക്കോടതി ഉത്തരവിന്റെ മറവിൽ മണ്ണു നീക്കം ചെയ്യാനുള്ള ശ്രമം സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിൽ തടയുന്നതിനിടയിൽ സംഘർഷം. സിപിഎം ഏരിയ കമ്മിറ്റി അംഗങ്ങൾക്ക് അടക്കം പോലീസ് ആക്രമണത്തിൽ പരിക്ക്. പാർട്ടി ഏരിയ സെക്രട്ടറി, ജില്ല കമ്മിറ്റി അംഗം എന്നിവരെ അറസ്റ്റു ചെയ്തു മാറ്റി.

വെൺമണി ചാങ്ങമലയിൽ മാവന പ്രദേശത്ത് മലയും താഴ് വാരവും അടങ്ങുന്ന രണ്ടര ഏക്കർ ഭൂമിയിൽ നിന്നും ഹൈക്കോടതി ഉത്തരവിന്റെ മറവിൽ ആയിരക്കണക്കിനു ലോഡ് മണ്ണ് നീക്കം ചെയ്യുന്നതിനുള്ള ശ്രമത്തെ തുടർന്നാണ് സംഘർഷം ഉണ്ടായത്. മണ്ണെടുപ്പിന്റെ ഒരുക്കങ്ങൾ അറിഞ്ഞ് സിപിഎം ഏരിയ കമ്മിറ്റി അംഗങ്ങളായ പി.ആർ രമേശ് കുമാർ, സി.ആർ ഷിജു, ജെബിൻ പി. വർഗ്ഗീസ്, നെൽസൺ ജോയി, വെൺമണി ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.കെ ശ്രീനിവാസൻ, കെ.എസ് ഗോപിനാഥൻ ഏരിയ നേതൃത്വത്തിൽ പ്രതിഷേധ സമരം ആരംഭിച്ചു.

ചെങ്ങന്നൂർ ഡിവൈഎസ്പി എം.കെ ബിനു കുമാറിന്റെ നേതൃത്വത്തിൽ ചെങ്ങന്നൂർ, വെൺമണി സ്‌റ്റേഷനുകളിലെ ഉൾപ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നടക്കം വൻ പോലീസ് സന്നാഹം പുലർച്ചെ മുതൽ സ്ഥലത്ത് ക്യാംപ് ചെയ്തിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം നൂറു കണക്കിനാളുകൾ സിപിഎം നേതൃത്വത്തിൽ പ്രതിഷേധവുമായി എത്തിയിരുന്നു

ഒൻപത് മണിയോടെ മണ്ണുമായി എത്തിയ ലോറികൾ തടഞ്ഞ സിപിഐ എം പ്രവർത്തകർക്ക് നേരെ പോലീസ് ആക്രമണം അഴിച്ചു വിട്ടു. മർദനത്തിൽ പാർട്ടി ഏരിയ കമ്മിറ്റി അംഗം കെ.എസ് ഷിജു, വെൺമണി പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പി.ആർ രമേശ് കുമാർ, കെ.എസ് ഷിജു, ഡിവൈഎഫ്‌ഐ ബ്ലോക്കു സെക്രട്ടറിയും ചെങ്ങന്നൂർ ബ്ലോക്കു പഞ്ചായത്ത് അംഗവുമായ ജെബിൻ പി. വർഗ്ഗീസ്, ഡിവൈഎഫ്‌ഐ വെൺമണി മേഖല സെക്രട്ടറി സുമേഷ് എന്നിവർക്ക് പരിക്കേറ്റു.

പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തു മാറ്റി. സിപിഎം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം. ശശികുമാർ, ജില്ല കമ്മിറ്റിയംഗം എം.എച്ച് റഷീദ് എന്നിവർ സ്ഥലത്തെത്തി സമരം പുനരാരംഭിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം രമ്യാ രമണന്റെ നേതൃത്വത്തിലുള്ള പ്രവർത്തകരും സമരത്തിനൊപ്പം ചേർന്നു. ഇവരെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കം ചെയ്തു. പ്രതിഷേധ സമരം തുടരുന്നതിനിടയിൽ പോലീസ് സന്നാഹവും തുടരുന്നു.

മറ്റെല്ലായിടെത്തെയും പോലെ ഈ മണ്ണെടുപ്പും വ്യവസായ പാർക്കിന്റെയും നാഷണൽ ഹൈവേ വികസനത്തിന്റെയും ഒക്കെ പേരിൽ

മണ്ണ് നീക്കം ചെയ്യുന്നതിനുള്ള ശ്രമം മൂന്നു മാസങ്ങൾക്കു മുൻപാണ് ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ വ്യവസായ പാർക്കിന്റെ പേരിലും തുടർന്ന് നാഷണൽ ഹൈവേ വികസനത്തിന്റെ പേരിലുമാണ് മണ്ണു നീക്കുന്നതിനുള്ള ശ്രമങ്ങൾ തുടർന്നത്. മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെ ജില്ലാ ജിയോളജിസ്റ്റ് കഴിഞ്ഞ മെയ് 22ന് നൽകിയ പെർമിറ്റ് അനുസരിച്ച് ചാങ്ങമലയിൽ വെൻസെക്ക് ചെയർമാൻ കോശി സാമുവേലിന്റെ ഉടമസ്ഥതയിൽ വെൺമണി വില്ലേജിലെ 0.99 ഹെക്ടർ ഭൂമിയിൽ നിന്നും, ദേശിയപാത നിർമ്മാണത്തിനായി പരിസ്ഥിതി ക്ലിയറൻസ് പോലും ഒഴിവാക്കി, 64,040 മെട്രിക്ക് ടൺ മണ്ണ് നീക്കം ചെയ്യുന്നതിന് അനുമതി നൽകിയിരിരുന്നു

പഞ്ചായത്തിലെ മലയെന്ന വിശേഷണത്തിനർഹമായ പ്രദേശമാണ് ചാങ്ങമല, സസ്യജാലങ്ങളാൽ സമ്പന്നമായ പ്രകൃതി രമണീയമായ, ടൂറിസം സാധ്യതയുള്ളതാണ്. ജില്ലയിലെ തന്നെ കുടിവെള്ള ക്ഷാമം ഏറ്റവും രൂക്ഷമായി നേരിടുന്ന പ്രദേശങ്ങളിലൊന്നായ ഈ ഭാഗത്ത് മണ്ണെടുപ്പ് ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നമുണ്ടാക്കുമെന്നും ഉന്നയിച്ച് സിപിഎം വെൺമണി ഈസ്റ്റ്, വെസ്റ്റ് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും യോഗങ്ങളും നടത്തി. തുടർന്ന് വെൺമണി പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതി യോഗം കൂടി മണ്ണെടുപ്പ് നടപടികളിലെ അതൃപ്തി അറിയിച്ചു. അനുമതി റദ്ദ് ചെയ്യുന്നതിന് നടപടി സ്വീകരിക്കുന്നതിന് സമിതി പഞ്ചായത്ത് ഭരണസമിതിയോട് ശുപാർശ ചെയ്തു.

പ്രദേശത്ത് നിലനിൽക്കുന്ന കുടിവെള്ളക്ഷാമവും ജനവികാരവും പരിഗണിച്ച്
ഖനനം പ്രദേശത്തിന്റെ പ്രകൃതി മനോഹാരത നഷ്ടപ്പെടുത്തുന്നതാണെന്നും ഖനനത്തിന് നൽകിയ അനുമതി പിൻവലിക്കണമെന്ന് പഞ്ചായത്ത് യോഗം ഏകണ്ഠമായി പ്രമേയം പാസ്സാക്കിയിരുന്നു. പരിസ്ഥിതിയെ തകർക്കുവാനുള്ള നീക്കങ്ങൾക്കെതിരെ സമരങ്ങളും ഒപ്പം നിയമനടപടികളും തുടരുമെന്ന് സിപിഎം

ഉടമസ്ഥത തെളിയിക്കുന്ന തെറ്റായ രേഖകൾ നൽകി ഹൈക്കോടതിയിൽ നിന്നും ലഭിച്ച ഇടക്കാല ഉത്തരവിന്റെ മറവിൽ അനധികൃത മണ്ണുഖനനം നടത്താമെന്ന് വെൻസെക്ക് ചെയർമാൻ കോശി സാമുവേൽ വ്യാമോഹിക്കേണ്ടെന്നും പരിസ്ഥിതിയെ തകർക്കുവാനുള്ള നീക്കങ്ങൾക്കെതിരെ സിപിഎം നേതൃത്വത്തിൽ തുടർന്നും ശക്തമായ സമരങ്ങളും ഒപ്പം നിയമനടപടികളും തുടരുമെന്ന് സിപിഎം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം. ശശികുമാർ, ജില്ല കമ്മിറ്റിയംഗം എം.എച്ച് റഷീദ് എന്നിവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *