പത്തനംതിട്ട – പ്രശസ്ത കഥകളി നടൻ കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ ആശാന്റെ നേതൃത്വത്തില്‍ അയിരൂർ കഥകളി ഗ്രാമത്തിലെ നാട്യഭാരതി കഥകളി സെന്ററിൽ കഥകളി ചൊല്ലിയാട്ടം തുടങ്ങി.ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന അഞ്ചാമതു ചൊല്ലിയാട്ടമാണിത്.
കഥകളിയിലെ പ്രഥമ ചടങ്ങായ തോടയത്തോടു കൂടിയാണ് ചൊല്ലിയാട്ടം തുടങ്ങിയത്.കാർത്തിക തിരുനാളിന്റെ ” ഹരി ഹര വിധുനിത….എന്ന നാട്ട രാഗപ്പദത്തോടെയാണ് തോടയം തുടങ്ങിയത്. കളരിയിൽ താളം ഉറപ്പിക്കുന്നത് തോടയത്തോട് കൂടിയാണ്.
കോട്ടയത്തു തമ്പുരാന്റെ നാലു ആട്ടക്കഥകളിലെ ആദ്യസ്ഥാന വേഷങ്ങളാണ് കളരിയില്‍ ചൊല്ലിയാടിക്കുന്നത്.താപസകുലതിലക…( ബകവധം), ബാലേ കേൾ നീ…( കിർമ്മീരവധം),പാഞ്ചാലരാജതനയേ…( കല്യാണസൌഗന്ധികം), സലജ്ജോഹം ( കാലകേയവധം) എന്നീ പദങ്ങളാണ് മുഖ്യമായും ചൊല്ലിയാടുന്നത്. കൂടാതെ സ്ത്രീ കഥാപാത്രങ്ങളായ ലളിത, ഉർവ്വശി എന്നിവരുടെ പദങ്ങളും സുഭദ്രാഹരണം, ഉത്തരാസ്വയംവരം ,നരകാസുരവധം തുടങ്ങിയ കഥകളിലെ പതിഞ്ഞ പദങ്ങളും ചൊല്ലിയാടും.
കല്യാണസൌഗന്ധികത്തിലെ ഭീമന്റെ ശൃംഗാരപ്പദമായ പാഞ്ചാല രാജതനയേ…. ഇന്ന് ചൊല്ലിയാടി. തുടർന്ന് ഹനുമാന്‍റെ ‘ ആരിഹ വരുന്നത്….എന്ന തപസ്സാട്ടപ്പദവും ചൊല്ലിയാടിച്ചു.
കലാമണ്ഡലം കൃഷ്ണകുമാർ, നാട്യഭാരതി ആദിത്യൻ ( സംഗീതം ) കലാഭാരതി രമണൻ ( മദ്ദളം) ആർ.എൽ.വി.മഹാദേവൻ ( ചെണ്ട),കലാമണ്ഡലം വിഷ്ണുമോൻ, കലാമണ്ഡലം അനന്തു, കലാമണ്ഡലം ഹരികൃഷ്ണൻ ( വേഷം) എന്നിവർ പങ്കെടുത്തു.
ചൊല്ലിയാട്ടക്കളരിയുടെ രണ്ടാം ദിവസമായ നാളെ സ്ത്രീകഥാപാത്രങ്ങളായ ഉർവ്വശി, ലളിത എന്നീ വേഷങ്ങള്‍ ചൊല്ലിയാടും.
വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ചൊല്ലിയാട്ടം കാണുന്നതിനുള്ള സൌകര്യം ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കഥകളി ക്ലബ്ബ് സെക്രട്ടറി വി.ആർ.വിമൽ രാജ് അറിയിച്ചു.
What do you feel about this post?
Like
Love
Happy
Haha
Sad

