ന്യൂഡൽഹി – ഛത്തീസ്ഗഢിനും മദ്ധ്യപ്രദേശിനും പിന്നാലെ രാജസ്ഥാനിലും ഔത്തിയ മുഖ്യമന്ത്രിയുമായി ബിജെപി. ഭജന്‍ലാല്‍ ശര്‍മയെ പുതിയ രാജസ്ഥാന്‍ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. ദിയാകുമാരിയും, പ്രേംചന്ദ് ഭൈരവയും ഉപമുഖ്യമന്ത്രിമാരാകും.

രാജസ്ഥാനിൽ വസുന്ധര രാജെ സിന്ധ്യ യുഗത്തിന് അന്ത്യമിട്ട് കൊണ്ടാണ് പാർട്ടിയുടെ പുതിയ തീരുമാനം. പാർട്ടിയെ പിളർത്താനുള്ള നീക്കം നടത്തുന്നവർക്കുള്ള താക്കീതും. ആദ്യമായി എംഎല്‍എ ആയ നേതാവിനെയാണ് മുഖ്യമന്ത്രിയാക്കിയിരിക്കുന്നത്. മുമ്പ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട് ഭജന്‍ലാല്‍ ശർമ്മ. സംഗനേര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ്.


മുഖ്യമന്ത്രിയായി സാദ്ധ്യതാ പട്ടികയിലുണ്ടായിരുന്ന മുന്‍നിര നേതാക്കളെ എല്ലാം തള്ളി പുതിയൊരു നേതാവിനെ അവതരിപ്പിച്ച ഛത്തീസ്ഗഢിലേയും മദ്ധ്യപ്രദേശിലും ശൈലി തന്നെ ബിജെപി രാജസ്ഥാനിലും ആവര്‍ത്തിച്ചു. ഛത്തീസ്ഗഢില്‍ ആദിവാസി വിഭാഗത്തില്‍ നിന്നും മധ്യപ്രദേശില്‍ ഒബിസി വിഭാഗത്തില്‍ നിന്നും മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തപ്പോള്‍ രാജസ്ഥാനിലെ മുഖ്യമന്ത്രി ബ്രാഹ്മണ വിഭാഗത്തില്‍ നിന്നാണ്. ഉപമുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത ദിയാകുമാരി ജയ്പുര്‍ നഗരത്തില്‍തന്നെയുള്ള വിധാധര്‍ മണ്ഡലത്തില്‍ നിന്നാണ് എംഎല്‍എ ആയത്. മറ്റൊരു ഉപമുഖ്യമന്ത്രി പ്രേംചന്ദ് ഭൈരവ ദുദു മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ്.



